ADVERTISEMENT

ന്യൂഡൽഹി∙ ഏതു ഭീഷണിയും നേരിടാൻ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിന് ഒപ്പം നിൽക്കും. ഗൽവാനിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവ് അർപ്പിക്കുന്നു. ഡൽഹിയിൽ യുദ്ധസ്മാരകം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മൈക്ക് പോംപെയോ, യുഎസ് പ്രതിരോധ സെക്രട്ടറി മാർക് ടി. എസ്പർ എന്നിവർ തിങ്കളാഴ്ചയാണ് ഇന്ത്യാ സന്ദർശനത്തിനെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി നിർണായക വിവരങ്ങൾ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ കരാര്‍ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ എന്നിവരും മൈക്ക് പോംപെയോയും മാർക് എസ്പെറും തമ്മിലാണ് ചർച്ചകൾ നടന്നത്.  

യുഎസ് സൈനിക ഉപഗ്രഹങ്ങളിൽനിന്നുള്ള സൂക്ഷ്മ ഡേറ്റയും തത്സമയ ടോപ്പോഗ്രാഫിക്കൽ ചിത്രങ്ങളും ഇന്ത്യയുമായി യുഎസ് പങ്കുവയ്ക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കുന്നതിനുള്ള ബിഇസിഎ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോഓപ്പറേഷൻ അഗ്രിമെന്റ്), രാജ്യാന്തര പങ്കാളികളുമായുള്ള യുഎസിന്റെ സുപ്രധാന ധാരണയിലൊന്നാണ്. സൈനിക ലോജിസ്റ്റിക്സ് കൈമാറുന്നതിനും സുരക്ഷിതമായ ആശയവിനിമയം പ്രാപ്തമാക്കുന്നതിനും ഇരുരാജ്യങ്ങളും ഇതിനകം കരാറായിട്ടുണ്ട്.

ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ന്യൂഡൽഹിയുമായി വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കഴിഞ്ഞയാഴ്ച യുഎസ് വ്യക്തമാക്കിയിരുന്നു.‌

പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രമുള്ളപ്പോഴാണു പ്രതിരോധ ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിൽ എത്തിയിട്ടുള്ളതെന്നതു ശ്രദ്ധേയം. 2 + 2 എന്ന പേരിൽ അറിയപ്പെടുന്ന, പ്രതിരോധ– വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന മൂന്നാമത്തെ ചർച്ചയാണിത്.

Content highlights: US stands with India to deal with any threat: Pompeo

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com