ADVERTISEMENT

തിരുവനന്തപുരം∙ മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ യാഥാർഥ്യങ്ങളെ പരിഗണിച്ചാണ് സംവരണ കാര്യത്തിൽ നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം വരുന്നതോടെ എന്തോ നഷ്ടപ്പെട്ടു പോകുമെന്ന് ചിലർ കരുതുന്നു.

പട്ടികജാതി പട്ടികവർഗത്തിനുള്ള സംവരണം തുടരേണ്ടതാണോ എന്നു രാജ്യത്ത് ചർച്ച നടന്നു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട വിഭാഗമാണവർ. അവരെ ശരാശരി നിലവാരത്തിലേക്കുയർത്തുന്നതിന് സംവരണം വേണം. ആ സംവരണം ഇനിയും തുടരേണ്ടതുണ്ടോ എന്ന് ചർച്ച വന്നപ്പോൾ അതിനെതിരെ ശക്തമായ നിലപാടാണ് എടുത്തത്. സംവരണം തുടരണമെന്ന് വാദിച്ചു.

ക്രീമിലയർ സംവിധാനം നടപ്പാക്കി. അതോടെ സമ്പന്ന വിഭാഗം സംവരണത്തിന് പുറത്തായി. എന്നാൽ സംവരണപ്രകാരം ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുമ്പോൾ ആവശ്യമായ ആളുകളെ ഈ സമുദായത്തിൽ നിന്നു ലഭിച്ചില്ലെങ്കിൽ ക്രീമിലയർ വിഭാഗത്തിൽ അർഹതപ്പെട്ടവരുണ്ടെങ്കിൽ അവർക്ക് നൽകാമെന്ന നിലപാട് എടുത്തു. മുന്നോക്ക വിഭാഗത്തിലെ പരമദരിദ്രരായ ആളുകൾക്ക് സംവരണം 10 ശതമാനമെങ്കിലും അനുവദിക്കണം എന്ന അഭിപ്രായം വന്നു. ഞങ്ങൾ അതിനെ ശക്തമായി അനുകൂലിച്ചു.

ഈ നിലപാടിനെ എതിർത്തുകൊണ്ട് ചിലർ രംഗത്തെു വന്നു. 50 ശതമാനം വരെയാണ് സംവരണം. ഇതിന് ഭരണഘടനാ ഭേദഗതി വേണമെന്നായിരുന്നു നിലപാട്. യുഡിഎഫ് പ്രകടനപത്രികയിലും ഈ കാര്യം സ്ഥാനം പിടിച്ചു. കഴിഞ്ഞ എൽഡിഎഫ് പ്രകടന പത്രികയിലും ഇക്കാര്യമുണ്ടായിരുന്നു. സംസ്ഥാനത്ത് ദേവസ്വം ബോർഡിൽ ആദ്യം നടപ്പാക്കി. ഭരണഘടനാ ഭേദഗതി വന്നതോടെ രാജ്യത്താകെ ഈ സംവരണം നടപ്പാക്കാമെന്നായി.

സംവരണം ഇല്ലാതായിപ്പോകുമെന്ന ആശങ്ക ചിലർക്കുണ്ട്. സംവരണാവകാശം നേരിയ ശതമാനം പോലും ഹനിക്കില്ല. മുസ്‌ലിം ലീഗ് ഇതിനെതിരെ വന്നു. ഇന്ത്യയിൽ മുസ്‌ലിം ലീഗിന് എവിടെയാണ് സംവരണം ഉള്ളത്. കേരളം വിട്ടാൽ ചുരുക്കം ചില വിഭാഗത്തിനാണ് സംവരണം ഉള്ളത്. സംവരേണതര വിഭാഗത്തിൽപെട്ടവർക്കും ആനുകൂല്യം ലഭിക്കും. എല്ലാ മതത്തിലുംപെട്ടവരും ഒരു മതത്തിലും പെടാത്തവരും ഈ ആനുകൂല്യം ലഭിക്കാൻ അർഹതയുള്ളവരായി വരും. ഏറ്റവും പാവപ്പെട്ടവർക്കാണ് ലഭിക്കുന്നത്. ഈ വിഭാഗത്തിന് സംവരണത്തിന് അർഹതയില്ലെന്ന് നിലപാട് സ്വീകരിക്കരുത്. തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Response on Economically Backward Class Reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com