ADVERTISEMENT

നിലപാടുകളിലെ മലക്കം മറിച്ചില്‍ ഖുശ്ബുവിനെ അസ്വസ്ഥയാക്കുന്നില്ല. പാര്‍ട്ടി ഏതായാലും ഖുശ്ബുവിന്റെ സ്വന്തം സ്‌റ്റൈലുണ്ട്. മനസില്‍ തോന്നിയതു ഉടന്‍ പറയും. പറയുന്ന കാര്യം തെറ്റാണെന്നു തോന്നിയാല്‍ തിരുത്തും. ഡിഎംകെയില്‍നിന്നു കോണ്‍ഗ്രസിലെത്തുകയും ആറു വര്‍ഷത്തിനു ശേഷം ബിജെപിയിലത്തുകയും ചെയ്ത ഖുശ്ബു മനോരമ ഓണ്‍ലൈനിനോടു സംസാരിക്കുന്നു.

4 വര്‍ഷം ഡിഎംകെയില്‍, 6 വര്‍ഷം കോണ്‍ഗ്രസില്‍. ഇതെന്താണു പെട്ടെന്നു ബോറടിക്കുന്നത് ?

കോണ്‍ഗ്രസ് ഞാന്‍ എത്തിയപ്പോഴുള്ള കോണ്‍ഗ്രസല്ല. എത്ര കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നടന്നാല്‍ ജനം തിരിച്ചറിയും. അവരെല്ലാം കാറുകളിലും വീടുകളിലും മാത്രം ജീവിക്കുന്നവരാണ്. ജനങ്ങളുമായി ബന്ധമില്ല. അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നില്ല. ഓരോ സ്ഥലത്തും ഒരു നേതാവും ചുറ്റിലും കുറച്ചു പേരും ഉണ്ടാകും. ഇതു ഡല്‍ഹി വരെ തുടരും. അവരുടെ യജമാനന്മാര്‍ ഡല്‍ഹിയിലെ നേതാക്കളാണ്. അവരെ സന്തോഷിപ്പിക്കു മാത്രമാണു ലക്ഷ്യം. ജനത്തെ സന്തോഷിപ്പിക്കലല്ല.

ഖുശ്ബു സുന്ദർ. ചിത്രം: ജെ. സുരേഷ്
ഖുശ്ബു സുന്ദർ. ചിത്രം: ജെ. സുരേഷ്

ബിജെപിയോ ?

ബിജെപിയുടെ നേതാക്കള്‍ ജനങ്ങളുമായി ഇടപഴകുന്നു. നാളെ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ലക്ഷ്യത്തിലല്ല അവരിതു ചെയ്യുന്നത്. അവര്‍ക്കു ജനങ്ങളുമായി ബന്ധമുണ്ട്. അവരുടെ ആശയങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കാന്‍ കഴിവുണ്ട്. അവരതു ചെയ്യുന്നു. അതാണു രാഷ്ട്രീയം. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ മുരുകന്‍ പല തവണ നേരില്‍ കണ്ടാണ് അവരുടെ രാഷ്ട്രീയം എന്നെ പറഞ്ഞു മനസിലാക്കിയത്. എന്നെ പറഞ്ഞു മനസിലാക്കാന്‍ അവര്‍ ക്ഷമ കാണിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇതു കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടോ.

കോണ്‍ഗ്രസില്‍ അത്രയേറെ മനം മടുത്തോ ?

ഫെബ്രുവരിയില്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതാണ്. പക്ഷെ നടന്നില്ല. കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണ്. അവിടെ ഞാന്‍ കുറെക്കാലം ജീവിച്ചതു ഞാനല്ലാതെയാണ്. അത് എന്നെപ്പോലെ ഒരാള്‍ക്കു തുടരാനാകില്ല.

ബിജെപിയില്‍ ഇനി എന്തു ചെയ്യാന്‍ പോകുന്നു ?

പാര്‍ട്ടി എന്തു ചെയ്യാന്‍ പറയുന്നോ അതു ചെയ്യും. ഒന്നും മുന്‍കൂര്‍ ആവശ്യപ്പെട്ടല്ല ഞാന്‍ വന്നിട്ടുള്ളത്.ഞാന്‍ ഒരു പാര്‍ട്ടിയിലും പദവി ചോദിച്ചു വാങ്ങിയിട്ടില്ല. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യുകയും ചെയ്തു. ഒരു നേതാവും എന്നെക്കുറിച്ചു പരാതി പറഞ്ഞിട്ടില്ല.

കോണ്‍ഗ്രസ് നേതൃത്വത്തെ പറഞ്ഞു മനസിലാക്കാമായിരുന്നില്ലെ ?

അതൊന്നും അവിടെ നടക്കില്ല. കേന്ദ്ര സര്‍ക്കാര്‍ എന്തു പറഞ്ഞാലും എതിര്‍ക്കുക എന്നതാണു നയം. കോണ്‍ഗ്രസ് നടപ്പാക്കാന്‍ ശ്രമിച്ച ജിഎസ്ടി അടക്കമുള്ള എത്രയോ ബില്ലുകള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കി. അതൊന്നും കോണ്‍ഗ്രസിനു നടപ്പാക്കാന്‍ കഴിയുമായിരുന്നില്ല. സ്വന്തം കഴിവുകേടിനെ എന്തിനാണ് നടപ്പാക്കുന്നവരോടുളള എതിര്‍പ്പാക്കി മാറ്റുന്നത്. ട്രിപ്പിള്‍ തലാക്ക് പോലുള്ള കാര്യങ്ങളില്‍ ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കുന്നുവെന്നു പറയുകയും ഒരു ശക്തമായ നിലപാടെടുക്കുകയും ചെയ്യാതിരിക്കുകയാണു ചെയ്തത്. കോണ്‍ഗ്രസ്, കാര്യങ്ങള്‍ ജനങ്ങളുടെ ഇടയില്‍നിന്നു പഠിക്കുന്നില്ല. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ത്തുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളെയും എതിര്‍ക്കുന്നു.

ഖുശ്ബു സുന്ദർ. ചിത്രം: ജെ. സുരേഷ്
ഖുശ്ബു സുന്ദർ. ചിത്രം: ജെ. സുരേഷ്

ഹത്രസ് പോലുള്ള പ്രശ്‌നങ്ങളിലെ പ്രതികരണം ശക്തമായിരുന്നില്ലേ ?

ഒരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് എല്ലാം ചെയ്യുന്നത്. അല്ലാതെ ജനങ്ങളുടെ മൊത്തം പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കുന്നില്ല. ഓരോ സംഭവം ഉണ്ടാകുമ്പോള്‍ അതൊരു സമരമാക്കി മാറ്റും. അതു തീരുന്നതോടെ ബാക്കി എല്ലാം മറക്കും. മാത്രമല്ല സ്ത്രീകളും കുട്ടികളും അപമാനിക്കപ്പെട്ടാല്‍ അതിനെ മതപരവും രാഷ്ട്രീയവുമായ വശങ്ങളിലൂടെയാണു കോണ്‍ഗ്രസ് കാണുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു പീഡനമുണ്ടായാല്‍ ഒരു നയവും അല്ലാത്തിടത്തു വേറെ നയവുമാണ്. പീഡിപ്പിക്കപ്പെടുന്നവരുടെ ജാതിയും മതവും രാഷ്ട്രീവുമല്ല നോക്കേണ്ടത്. അവരീ മണ്ണിന്റെ മക്കളാണെന്നും അവരെ നാം സംരക്ഷിക്കണവുമെന്ന ബോധമാണുണ്ടാകേണ്ടത്.

ആറു വര്‍ഷം ജീവിതത്തില്‍ നഷ്ടമായി എന്നു കരുതുന്നുണ്ടോ ?

കോണ്‍ഗ്രസിലെ ആദ്യ 2 വര്‍ഷം നന്നായിരുന്നു. ബാക്കി 4 വര്‍ഷം നഷ്ടമായിരുന്നു.

ദ്രാവിഡ രാഷ്ട്രീയത്തില്‍ മുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടില്‍ ബിജെപിക്കു എന്തു ചെയ്യാനാകും ?

ബിജെപി നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ എട്ടോ പത്തോ ആളുകള്‍ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴതു വലിയ ആള്‍ക്കൂട്ടമായി മാറിത്തുടങ്ങി. രാജ്യത്തെ 70 കോടിയോളം ജനങ്ങള്‍ രണ്ടു തവണ ബിജെപി എന്ന പാര്‍ട്ടിയെയും നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയെയും  അധികാരത്തിലേറ്റിയെന്ന സത്യം നാം മനസിലാക്കണം. രാജ്യം ചിന്തിക്കുന്ന വഴിയേ തമിഴ്‌നാടും ചിന്തിക്കും. രാജ്യത്തു നടപ്പാക്കുന്ന പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ വേണ്ടെന്നുവച്ചു എത്ര നാള്‍ ഈ നാടിനു നിലനില്‍ക്കാനാകും. സ്വന്തം തനിമയില്‍ ഉറച്ചുനിന്നുകൊണ്ടാണു രാജ്യത്തെ പല സംസ്ഥാനങ്ങളും ബിജെപിയെ അംഗീകരിച്ചത്. അതുതന്നെ തമിഴ്‌നാടു ചെയ്യും എന്നെനിക്കുറപ്പാണ്.

English Summary: Difficult to keep own personality in Congress says Khushbu Sundar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com