ADVERTISEMENT

പാല്‍ വോട്ടിലൂടെയും ഓരോ സംസ്ഥാനത്തും നിശ്ചിത തീയതികളില്‍ സജ്ജീകരിച്ച മുന്‍കൂര്‍ പോളിങ് സ്റ്റേഷനുകളിലെത്തിയും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതിനോടകം വോട്ടു ചെയ്തത് എട്ടു കോടി പേർ. തിരഞ്ഞെടുപ്പു ദിനം അടുക്കും തോറും അഭിപ്രായ സര്‍വേകളിൽ കൂടുതല്‍ കൃത്യത കൈവരുമെന്നാണു വിശ്വാസം. ഏറ്റവും പുതിയ അഭിപ്രായ സര്‍വേകളനുസരിച്ച് ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെയും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെയും ലീഡിലെ ദേശീയ ശരാശരി ഇപ്രകാരമാണ്:

ഇപ്‌സോസ്-റോയിട്ടേഴ്‌സ്, സിഎന്‍എന്‍-എസ്എസ്ആര്‍എസ്, യുഗവ്-ഇക്കോണമിസ്റ്റ്, ഫ്രാങ്ക്‌ലിന്‍ പിയഴ്‌സ് യൂണിവേഴ്‌സിറ്റി-ബോസ്റ്റണ്‍ ഹെറള്‍ഡ് സർവേകൾ പ്രകാരം ജോ ബൈഡനാണ് മുൻതൂക്കം (ഗ്രാഫ് കാണുക)

എല്ലാം വിട്ടുകൊടുക്കാതെ നെബ്രാസ്‌കയും മയ്‌നും 

ഇലക്ടറല്‍ വോട്ടുകള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ഭാഗ്യവും ദുരന്തവും ആയേക്കാം. യുഎസിലെ 50 സംസ്ഥാനങ്ങളിലും ഫെഡറല്‍ ഡിസ്ട്രിക്ട് ആയ കൊളംബിയയിലും ഉൾപ്പെടെ ആകെ 538 ഇലക്ടറല്‍ വോട്ടുകള്‍. ഇതില്‍ കുറഞ്ഞത് 270 എണ്ണമെങ്കിലും ലഭിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥിയാണു വിജയി. വലിയ തോതില്‍ ഇലക്ടറല്‍ വോട്ടുള്ള സംസ്ഥാനത്ത് നേരിയ വ്യത്യാസത്തിനു ജനകീയ വോട്ടില്‍ തോല്‍ക്കുന്ന സ്ഥാനാര്‍ഥിയുടെ കാര്യം കഷ്ടമാകും. 

ഓരോ സംസ്ഥാനത്തിനും പാര്‍ലമെന്റിലുള്ള പ്രതിനിധികളുടെ എണ്ണത്തിനു സമാനമാണ് അവിടെ അനുവദിക്കപ്പെട്ട ഇലക്ടറല്‍ വോട്ടുകളും. ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ ജനകീയ വോട്ടു നേടുന്ന സ്ഥാനാര്‍ഥിക്ക് ആ സംസ്ഥാനത്തെ മുഴുവന്‍ ഇലക്ടറല്‍ വോട്ടുകളും ലഭിക്കും. എന്നാല്‍, മയ്ന്‍, നെബ്രാസ്‌ക എന്നീ സംസ്ഥാനങ്ങളില്‍ മാത്രം, അവിടെയുള്ള നിയോജക മണ്ഡലങ്ങളില്‍ ഓരോന്നിലും ആര്‍ക്കാണോ ജനകീയ വോട്ടില്‍ മുന്‍തൂക്കം, അവിടത്തെ ഇലക്ടറല്‍ വോട്ട്  അനുവദിച്ചു നല്‍കുന്ന സമ്പ്രദായമാണുള്ളത്. ഇലക്ടറല്‍ വോട്ടെണ്ണം തുച്ഛമാണെങ്കിലും സ്ഥാനാര്‍ഥിക്ക് ദേശീയ തലത്തില്‍ വിജയഭാഗ്യത്തിന് ചിലപ്പോള്‍ അതുമതിയാകും. 

മയ്‌നില്‍ 4 നിയോജക മണ്ഡലങ്ങളും അങ്ങനെ 4 ഇലക്ടറല്‍ വോട്ടുമാണുള്ളത്. ആ നാലില്‍ മൂന്നും ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ സ്വന്തമാക്കുമെന്നാണു സര്‍വേകള്‍. എന്നാല്‍ സംസ്ഥാനത്തെ രണ്ടാം ഡിസ്ട്രിക്ട് അഥവാ രണ്ടാം നിയോജകമണ്ഡലം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപിനൊപ്പം നിന്ന ചരിത്രമാണുള്ളത്. ഇത്തവണയും അത് ആവര്‍ത്തിച്ചേക്കാം. 

നെബ്രാസ്‌കയിലാകട്ടെ ആകെ 5 ഇലക്ടറല്‍ വോട്ടുകള്‍. അതായത്, 5 നിയോജകമണ്ഡലങ്ങള്‍. റിപ്പബ്ലിക്കന്‍ സംസ്ഥാനമായാണു നെബ്രാസ്‌ക അറിയപ്പെടുന്നത്. പക്ഷേ, രണ്ടാം ഡിസ്ട്രിക്ട് ഡമോക്രാറ്റ് പാര്‍ട്ടിക്കൊപ്പമെന്നു സര്‍വേകള്‍ സൂചിപ്പിക്കുന്നു. 4 ഇലക്ടറല്‍ വോട്ട് ട്രംപിനും ഒരെണ്ണം ബൈഡനും പോയേക്കാം. 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 തികയ്ക്കാനുള്ള തീപാറും പോരാട്ടത്തില്‍ ഓരോ ഇലക്ടറല്‍ വോട്ടും അമൂല്യമാണ്. പ്രസിഡന്റിനെ നിശ്ചയിക്കുന്ന സങ്കീര്‍ണപ്രക്രിയയില്‍ മെയ്‌നും നെബ്രാസ്‌കയും അങ്ങനെ താരപദവി നേടുന്നു. 

ടോസ് അപ്, ടെക്‌സസ്

സ്വിങ് സ്റ്റേറ്റുകളുടെ പട്ടികയിലൊന്നും ഉൾപ്പെടാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം അടിയുറച്ചു നിന്ന ടെക്‌സസ് ഇപ്പോള്‍ മെല്ലെ നിറം മാറുന്നതായും സൂചനയുണ്ട്. ഇവിടെ ഡമോക്രാറ്റ് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം ചില സര്‍വേകളില്‍ പറയുന്നു. വളരെ നേരിയ ശതമാനത്തിനു പോലും ജനകീയ വോട്ടില്‍ ഇവിടെ ആരു ഭൂരിപക്ഷം നേടുന്നോ, സംസ്ഥാനത്തെ 38 ഇലക്ടറല്‍ വോട്ടുകളും അവര്‍ക്കു സ്വന്തമാക്കാം. ഏകദേശം 83 ലക്ഷം പേര്‍ ഇതിനോടകം വോട്ടു ചെയ്തു കഴിഞ്ഞ സ്ഥിതിക്ക്, ഇത്തവണ ടെക്‌സസില്‍നിന്ന് അദ്ഭുതമെന്തെങ്കിലും പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല എന്നാണു തിരഞ്ഞെടുപ്പു വിദഗ്ധര്‍ പറയുന്നത്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു നടന്ന പോളിങ്ങിന്റെ 91% ആണ് തിരഞ്ഞെടുപ്പു തീയതിയായ നവംബര്‍ മൂന്നിനു മുന്‍പു തന്നെ സംഭവിച്ചിരിക്കുന്നത്. ഇത്രയും ആവേശത്തോടെ പോളിങ് നടന്നിട്ടുള്ള മറ്റൊരു സംസ്ഥാനം മൊണ്ടാന ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടന്നതിന്റെ 81% ഇതിനോടകംതന്നെ മൊണ്ടാനയില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. 

ടെക്‌സസില്‍ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാത്തവര്‍ ഇത്തവണ സ്വന്തം വോട്ട് ഉറപ്പാക്കുന്ന പ്രതിഭാസമാണു നടക്കുന്നത്. കഴിഞ്ഞ തവണ വോട്ടു ചെയ്യാതിരുന്ന 20 ലക്ഷത്തിലേറെ പേര്‍ ഇപ്പോള്‍ വോട്ടു ചെയ്തിരിക്കുന്നു. അതില്‍ 3 ലക്ഷത്തോളം പേര്‍ മുതിര്‍ന്ന പൗരന്മാരാണ്. ‘പോയി വോട്ടു ചെയ്‌തേക്കാം, ഒരു രസമല്ലേ’- എന്നുള്ള പതിവു തോന്നലല്ല, വോട്ടു ചെയ്യണമെന്നും മറ്റുള്ളവരെക്കൂടി അതിനു പ്രോത്സാഹിപ്പിക്കണമെന്നുമുള്ള ഒരുതരം ആവേശംതന്നെ ഇത്തവണ യുഎസിലെ വോട്ടര്‍മാര്‍ക്കിടയിലുണ്ടെന്ന് വാഷിങ്ടന്‍ ഡിസിയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് അഫയേഴ്‌സ് ഗവണ്‍മെന്റ് വകുപ്പ് മേധാവി പ്രഫ. ഡേവിഡ് ലബ്ലിന്‍ പറയുന്നു. വോട്ടുചെയ്യാനും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുമുള്ള വലിയതോതിലുള്ള താല്‍പര്യം ഇത്തവണയുണ്ട്. ആദ്യമായി വോട്ടു ചെയ്യുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനയുള്ളതും ലബ്ലിന്‍ ചൂണ്ടിക്കാട്ടുന്നു. 

US Presidential Election Latest News in Malayalam
ലൊസാഞ്ചലസിൽനിന്നുള്ള ദൃശ്യം (ചിത്രം: Frederic J. BROWN / AFP)

ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ സാധാരണ ടെക്‌സസിനു വേണ്ടി പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ സമയം കളയാറില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൊണ്ടുപോകുന്ന സംസ്ഥാനത്തു വന്നു പ്രചാരണം നടത്തുന്നതിനെക്കാള്‍ നല്ലതു പോരാട്ടം തീപാറുന്ന ഇടങ്ങളിലേക്കു വച്ചുപിടിക്കുന്നതാണല്ലോ! എന്നാലിപ്പോള്‍, കാലാവസ്ഥ അൽപമൊന്നു തെളിയുന്നതിന്റെ സൂചന ലഭിച്ചിട്ടാകാം, ഡമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വരുന്നില്ലെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് സംസ്ഥാനത്തു വെള്ളിയാഴ്ച പ്രചാരണത്തിനെത്തുന്നുണ്ട്. അതായത്, തിരഞ്ഞെടുപ്പു തീയതിക്ക് വെറും 4 ദിവസം മുന്‍പ്. മകലന്‍, ഹൂസ്റ്റൺ, ഫോര്‍ട്ട് വര്‍ത്ത് എന്നിവിടങ്ങളിലാണു കമലയുടെ പ്രചാരണയോഗങ്ങള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിക്ക് ആതിഥ്യം വഹിച്ച സ്ഥലമാണു ഹൂസ്റ്റണ്‍. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി അന്നു ചടങ്ങില്‍ പങ്കെടുത്തത് അര ലക്ഷം ഇന്ത്യക്കാരായിരുന്നു. 

സർവേകൾ പറയുന്നത്

വിവിധ സർവേകൾ പ്രകാരം ആർക്കാണ് യുഎസിലെ പ്രമുഖ സംസ്ഥാനങ്ങളിൽ മുൻതൂക്കം? (സർവേകളുടെ പേരിനൊപ്പം ബ്രായ്ക്കറ്റില്‍ നൽകിയിരിക്കുന്നത് അവ ഗ്രാഫിൽ എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ്)

ക്വിനിപിയാക് യൂണിവേഴ്‌സിറ്റി പോള്‍ (ഫ്ലോറിഡ സർവേ 1), ഫ്ലോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റി പോൾ (ഫ്ലോറിഡ സർവേ 2), യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോന്‍സിന്‍-മാഡിസന്‍ പോൾ (പെൻസിൽവേനിയ സർവേ 1), ക്വിനിപിയാക് യൂണിവേഴ്‌സിറ്റി പോള്‍ (പെൻസിൽവേനിയ സർവേ 2), ക്വിനിപിയാക് യൂണിവേഴ്‌സിറ്റി പോള്‍ (അയോവ സർവേ 1), റബ റിസര്‍ച് പോള്‍ (അയോവ സർവേ 2), ക്വിനിപിയാക് യൂണിവേഴ്‌സിറ്റി പോള്‍ (ഒഹായോ സർവേ 1), ഗ്രാവിസ് മാര്‍ക്കറ്റിങ് പോൾ (ഒഹായോ സർവേ 2), പബ്ലിക് പോളിസി പോൾ (ജോർജിയ സർവേ 1), മോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി പോൾ (ജോർജിയ സർവേ 2), ഇപ്‌സോസ്-റോയിട്ടേഴ്‌സ് പോൾ (അരിസോന സർവേ 1), ഗ്രാവിസ് മാര്‍ക്കറ്റിങ് (അരിസോന സർവേ 2), വാഷിങ്ടന്‍ പോസ്റ്റ്-എബിസി ന്യൂസ് (മിഷിഗൻ സർവേ 1), ന്യൂയോര്‍ക്ക് ടൈംസ്- സിയന കോളജ് (മിഷിഗൻ സർവേ 2), ന്യൂയോര്‍ക്ക് ടൈംസ്- സിയന കോളജ് പോൾ (നോർത്ത് കാരലൈന സർവേ 1), യുമാസ് ലവൽ പോൾ (നോർത്ത് കാരലൈന സർവേ 2), വാഷിങ്ടന്‍പോസ്റ്റ്-എബിസി ന്യൂസ്, ഒക്ടോബർ 20-25 (വിസ്‌കോസിൽ സർവേ 1), ഇപ്‌സോസ്–റോയിട്ടേഴ്സ് (വിസ്‌കോസിൽ സർവേ 2), മോണിങ് കണ്‍സള്‍ട്ട് പോൾ (കൊളറാറോ സർവേ 1), യൂണിവേഴ്‌സിറ്റ് ഓഫ് കൊളറാഡോ പോൾ (കൊളറാറോ സർവേ 2), ന്യൂയോര്‍ക്ക് ടൈംസ്‌സിയന, ഒക്ടോബർ 23-26 (നെവാഡ സർവേ 1), ബിയുഎസ്ആര്‍- യുഎന്‍എല്‍വി ലീ ബിസിനസ് സ്‌കൂള്‍ (നെവാഡ സർവേ 2), യുമാസ് ലവല്‍ പോൾ (ന്യൂഹാംഷർ സർവേ 1), യൂണിവേഴ്‌സിറ്റി ഓഫ് ന്യൂഹാംഷര്‍ പോൾ (ന്യൂഹാംഷർ സർവേ 2), യുമാസ് ലവല്‍ (ടെക്‌സസ് സർവേ 1), ന്യൂയോര്‍ക്ക് ടൈംസ്‌–സിയന, ഒക്ടോബർ 20-25 (ടെക്‌സസ് സർവേ 2)

English Summary: Here is where Donald Trump and Joe Biden stand in the polls four days from the US presidential election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com