ADVERTISEMENT

കൊച്ചി ∙ സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയ യുട്യൂബറെ മർദിച്ചെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ പരോക്ഷ വിമർശനം. എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവർത്തി സമൂഹത്തിന് നൽകുക എന്നു ചോദിച്ച കോടതി നിയമവ്യവസ്ഥയിൽ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും ആരാഞ്ഞു.

തന്റെ പ്രവർത്തി സമൂഹത്തിനു തെറ്റായ സന്ദേശം നൽകില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഒരാളെ വീട്ടിൽക്കയറി അടിക്കുകയും സാധനങ്ങൾ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നു കോടതി ചോദിച്ചു. മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവർ പ്രത്യാഘാതങ്ങൾ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു. 

ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കൽ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന ആവശ്യവുമായി ഉപദ്രവിക്കപ്പെട്ട വിജയ് പി.നായർ കോടതിയെ സമീപിച്ചത്. തന്റെ അനുമതിയില്ലാതെ മുറിയിൽ കയറി സാധനങ്ങൾ എടുത്തു കൊണ്ടു പോയതായും അടിക്കുകയും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തു.

അതുകൊണ്ടു തന്നെ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും പ്രതികൾക്ക് മുൻകൂർജാമ്യം നൽകരുതെന്നും വിജയ് പി.നായർ ആവശ്യപ്പെട്ടു. മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ എതിർത്തു. തെളിവു നശിപ്പിക്കാതിരിക്കാൻ പൊലീസിൽ കൊടുക്കാനാണ് ലാപ്ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.

തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കിൽ എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചു. വിജയ് പി.നായരുടെ വാദമാണ് കാര്യമായി കോടതിയിൽ നടന്നത്. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി വച്ചു. 

English Summary : High Court on dubbing artist Bhagyalakshmi's anticipatory bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com