ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് കമ്പനികൾക്ക് വിദേശത്തുനിന്നുള്ള ജീവനക്കാരെ നൈപുണ്യ മേഖലകളിൽ നിയോഗിക്കാൻ സഹായകമായ എച്ച്–1 ബി വീസ നിയന്ത്രണത്തിനെതിരെ ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെ 46 ‌പ്രമുഖ യുഎസ് കമ്പനികളും സംഘടനകളും അമിക്കസ് ബ്രീഫ് സമർപ്പിച്ചു. വീസ നിയന്ത്രണത്തിനെതിരെ നേരത്തെ ഈ കമ്പനികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് കോടതിയിൽ സമർപ്പിക്കുന്ന സുപ്രധാന രേഖകളാണ് അമിക്കസ് ബ്രീഫ്.

നോർത്തേൺ കലിഫോർണിയയിലെ കോടതിയിലാണ് കമ്പനികൾ ഇവ സമർപ്പിച്ചത്. വിദഗ്ധ തസ്തികകളിൽ വിദേശ ജോലിക്കാരെ നിയോഗിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ് കുടിയേറ്റത്തിനല്ലാത്ത എച്ച്–1ബി വീസ. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാണിത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഏറ്റവും കൂടുതൽ അപേക്ഷിക്കുന്നത് എച്ച്1ബി വീസയ്ക്കാണ്.

ഈ വീസയിൽ ജീവിതപങ്കാളികളെ ഒപ്പം കൂട്ടുന്നതിനും അനുമതിയുണ്ട്. അവർക്കും ജോലി ലഭിച്ചിരുന്നു. കമ്പനികൾക്കും ഇതു ഗുണകരമായിരുന്നു. ട്രംപ് ഭരണകൂടം എച്ച്–1ബി വീസ നൽകുന്നത് കഴി‍ഞ്ഞ ജൂണിൽ നിർത്തുകയും ഈയിടെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ നിശ്ചിത യോഗ്യതയുള്ളവർക്കു പ്രത്യേക ജോലികളിലേക്കു മാത്രം വീസ നൽകിയാൽ മതിയെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) ഈ മാസമാദ്യം നിർദേശം നൽകി.

കോവിഡ് അനന്തര നാളുകളിൽ യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമാകുന്ന ജോലികളിൽ മാത്രമേ എച്ച്–1 ബി വീസ അനുവദിക്കാവൂ. യുഎസ് പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനാണിതെന്ന് ഡിഎച്ച്എസ് അറിയിച്ചു. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നറുക്കിട്ട് (ലോട്ടറി സിസ്റ്റം) വീസ നൽകുന്ന രീതിക്കു പകരം മെറിറ്റ് അടിസ്ഥാനത്തിൽ വീസ നൽകുന്ന രീതിയും ഏർപ്പെടുത്താൻ നീക്കമുണ്ടായിരുന്നു. ഇതിനെതിരെയാണ് പ്രമുഖ കമ്പനികൾ രംഗത്തെത്തിയത്.

English Summary: Top 46 US companies file legal challenge to block H-1B visa changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com