ADVERTISEMENT

ന്യൂഡൽഹി∙ ഉള്ളിയും സവാളയും ഉരുളക്കിഴങ്ങുമില്ലാതെ ഭക്ഷണം കഴിക്കേണ്ടി വരുമോ? വിലക്കയറ്റത്തിന്റെ സമീപകാല കണക്കുകൾ പരിശോധിച്ചാല്‍ ‘വേണ്ടി വരും’ എന്നായിരിക്കും ഉത്തരം. സാധാരണക്കാരന്റെ ദൈനംദിന ഭക്ഷ്യവസ്തുക്കളിലെ അവശ്യഘടകങ്ങളായ പരിപ്പ്, സവാള, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കുൾപ്പെടെ വൻ വിലക്കയറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരന്റെ ബജറ്റിൽ കൈപൊള്ളിക്കാതെ ഇപ്പോഴും ബജറ്റിൽ ഒതുങ്ങി നിൽക്കുന്നത് ഗോതമ്പ് മാത്രം!

‌ചില്ലറവിലയിൽ ഉരുളക്കിഴങ്ങാണ് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയത്. 2019 നവംബറിനേക്കാൾ ഇപ്പോൾ ഉരുളക്കിഴങ്ങിന്റെ വിലയിലുണ്ടായിരിക്കുന്നത് 92% വർധന. സവാളയുടെ വിലയിൽ 44 ശതമാനമാണു വർധന. ഇന്ത്യയിൽ സാധാരണക്കാരന്റെ ഭക്ഷണമെന്നു പേരുകേട്ട ഉരുളക്കിഴങ്ങും സവാളയും നിലവിൽ ഓരോ കിലോ വീതം വാങ്ങുന്നതിന് 150 രൂപയും തികയില്ലെന്നാണ് റിപ്പോർട്ടുകൾ. ലോക്‌ഡൗൺ ദുരിതത്തിൽനിന്ന് ഇനിയും കരകയറാത്ത ദിവസവേതനത്തിന് ജോലി ചെയ്യുന്നവർക്ക് ഇവ രണ്ടും തികച്ചും അപ്രാപ്യമായ അവസ്ഥയുമാണ്. ഡൽഹിയിൽ സവാളയുടെ ചില്ലറ വില ജൂണിൽ കിലോയ്ക്ക് 20 രൂപയായിരുന്നു. ഒക്ടോബർ അവസാന ആഴ്ച അത് 80 രൂപയിലേക്ക് കുതിച്ചെത്തി. ഉരുളക്കിഴങ്ങിന്റേതാകട്ടെ 30 രൂപയിൽനിന്ന് കിലോയ്ക്ക് 70 രൂപ എന്ന നിലയിലേക്കും. പലയിടത്തും സവാള കിട്ടാനില്ലാത്ത അവസ്ഥയാണ്. 

INDIA-ECONOMY-AGRICULTURE
മുംബൈയിലെ ചന്തയിൽനിന്നുള്ള കാഴ്ച (ഫയൽ ചിത്രം: Punit PARANJPE / AFP)

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം റേഷൻ കടകളിലൂടെ ഓരോ കുടുംബത്തിന് അഞ്ചു കിലോ സൗജന്യ ധാന്യം ലഭ്യമാക്കുന്നുണ്ട്. പിഎം സ്ട്രീറ്റ് വെൻഡേഴ്സ് ആത്മനിർഭർ നിധിയിലൂടെയും സഹായം ലഭ്യമാക്കുന്നുണ്ട്. എന്നാൽ നിസാമുദ്ദീനിലെ വീട്ടമ്മയായ റോമ ദേവി പിടിഐ വാർത്താ ഏജൻസിയോടു പറഞ്ഞത് ഇങ്ങനെ: ‘റേഷൻ കടകളിലൂടെ എത്രമാത്രം ധാന്യം സൗജന്യമായി കിട്ടിയാലും ഉരുളക്കിഴങ്ങും ഉള്ളിയും സവാളയും ഇല്ലെങ്കിൽ എന്താണു കാര്യം? അ‍ഞ്ചു പേരുള്ള എന്റെ വീട്ടിൽ എന്തു കറി വയ്ക്കാനാകും? ചോറോ ചപ്പാത്തിയോ വെറുതെ കഴിക്കാനാകുമോ?’ കുടുംബത്തിലെ ആവശ്യത്തിന് പ്രതിദിനം ഒരു കിലോ ഉരുളക്കിഴങ്ങെങ്കിലും വേണമെന്നും അവർ പറയുന്നു. സാധാരണക്കാർക്ക് ജോലിയില്ലായതാവുകയും വിലക്കയറ്റം ഉയർന്നു നില്‍ക്കുകയും ചെയ്യുമ്പോൾ സൗജന്യ റേഷൻ വിതരണം പോലും സഹായകരമാകില്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.  

കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഉരുളക്കിഴങ്ങിന്റെ മൊത്തവിലയിൽ ഒരു വർഷത്തിനിടെ 108 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. 12 മാസം മുൻപ് ഉരുളക്കിഴങ്ങിന് ക്വിന്റലിന് 1739 രൂപയായിരുന്നു വില. ഇപ്പോഴത് 3633 രൂപയിലെത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താലും ഉരുളക്കിഴങ്ങിന്റെ ചില്ലറവില ഉയർന്നാണ്– കിലോയ്ക്ക് 16.7 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ 43 രൂപ! സവാളയുടെ കഴിഞ്ഞ ദിവസത്തെ മൊത്തവില ക്വിന്റലിന് 5645 രൂപയായിരുന്നു. 12 മാസം മുൻപ് അത് 1739 രൂപയായിരുന്നെന്നോർക്കണം. വിലക്കയറ്റമുണ്ടായത് ഏകദേശം 47%.  

ഇവയ്ക്കൊപ്പമാണ് പരിപ്പുവർഗങ്ങൾക്ക് കഴിഞ്ഞ ഏതാനും മാസമായി തുടരുന്ന വിലക്കയറ്റവും ആശങ്കയാകുന്നത്. പച്ചക്കറി–പരിപ്പ് ഉൽപന്നങ്ങൾക്കും മാംസത്തിനും മീനിനുമെല്ലാം ക്രമാനുഗതമായി വില കയറുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വിലക്കയറ്റം കരുതിയതിനേക്കാളും മുകളിലേക്ക് എത്തിയതായി ധനകാര്യമന്ത്രാലയവും സമ്മതിക്കുന്നു. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന വിലക്കയറ്റത്തിൽ ആശങ്ക വേണ്ടെന്നും ആവശ്യത്തിനു ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കിയാൽ വിലക്കയറ്റം പിടിച്ചുനിർത്താമെന്നും വിദഗ്ധർ പറയുന്നു. അപ്പോഴും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ലഭ്യമാണോയെന്ന ചോദ്യം ബാക്കി. ഈ സാഹചര്യത്തിൽ ഉരുളക്കിഴങ്ങ് ഉറക്കുമതിയെപ്പറ്റി ഉൾപ്പെടെ കേന്ദ്രം ആലോചിക്കുന്നുണ്ട്.

ഖാരിഫ് വിളകളുടെ വരവോടെ മൂന്നാംപാദത്തിൽ തക്കാളി, ഉരുളക്കിഴങ്ങി, ഉള്ളി, സവാള ഉൾപ്പെടെയുള്ളവയുടെ വിലയിൽ കുറവു വരുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇറക്കുമതിത്തീരുവ ഉയർന്നു നില്‍ക്കുന്നതിനാൽ പരിപ്പിന്റെയും എണ്ണക്കുരുക്കളുടെയും വിലയിൽ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ആവശ്യത്തിന് ഉള്ളിയും സവാളയുമുണ്ടെന്നും ഇപ്പോഴത്തെ വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്നുമാണ് കേന്ദ്രം പറയുന്നത്. എന്നാൽ കനത്ത പ്രളയം കാരണം ഉരുളക്കിഴങ്ങിന്റെ ഉൽപാദത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. മാത്രവുമല്ല ലോക്ഡൗൺ നാളുകളിൽ ഇതിന്റെ ഉപയോഗം കൂടുകയും ചെയ്തു. 

ഉത്തർപ്രദേശിൽ 2019ൽ 1.55 കോടി ടൺ ഉരുളക്കിഴങ്ങ് വിളവെടുത്തപ്പോൾ ഇത്തവണ അത് 1.24 കോടി ടണ്ണിലേക്കു ചുരുങ്ങി. ഉരുളക്കിഴങ്ങിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽപാദകരായ ബംഗാളിൽ ഒരു വർഷം മുൻപ് വിളവെടുത്തത് 1.1 കോടി ടൺ ആയിരുന്നു. ഇത്തവണ അത് 59 ലക്ഷം ടണ്ണിലേക്കു താഴ്ന്നു. ഈ സാഹചര്യത്തിൽ ഇറക്കുമതി തീരുവയിൽ ഇളവുകളോടെ ഭൂട്ടാനിൽനിന്ന് 10 ലക്ഷം ടൺ ഉരുളക്കിഴങ്ങ് കൊണ്ടുവരാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ദീപാവലിക്കു മുൻപ് 30,000 ടൺ എത്തും. എന്നാൽ ഇവ വിപണിവിലയിൽ മാറ്റമുണ്ടാക്കാൻ ജനുവരി വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും സവാളയുടെയും വിവിധ ഇറക്കുമതി സാധ്യതകളെപ്പറ്റി അന്വേഷണം തുടരുകയാണ് കേന്ദ്രം. 

INDIA-ECONOMY-INFLATION
അമൃത്‌സ‌റിൽനിന്നുള്ള കാഴ്ച (ഫയൽ ചിത്രം: NARINDER NANU / AFP)

ഏതാനും മാസം മുൻപു വരെ ഉരുളക്കിഴങ്ങും ഉള്ളിയും സവാളയും കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴത് ഇറക്കുമതി ചെയ്യുന്നതെന്നും ഓർക്കണം. ജൂൺ വരെ 8.05 ലക്ഷം ടൺ സവാളയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഉരുളക്കിഴങ്ങാകട്ടെ ഇക്കഴിഞ്ഞ മേയ് വരെ 1.27 ലക്ഷം ടണ്ണും. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ സ്വകാര്യ കമ്പനികൾ ഏകദേശം 7000 ടൺ സവാളയാണ് ഇറക്കുമതി ചെയ്തതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കുന്നു. ദീപാവലിക്കു മുൻപ് 25,000 ടൺ കൂടി ഇറക്കുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Potato and Onion getting out of reach for poor, Central Govt. to import more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com