ADVERTISEMENT

പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ അയോധ്യ വിഷയം ഉന്നയിച്ച് ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. യഥാർഥ പ്രശ്നങ്ങളിൽനിന്ന് എൻഡിഎ മുഖംതിരിക്കുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങളെ മുന്നണി കാര്യമായി എടുക്കുന്നില്ലെന്നും പി. ചിദംബരം കുറ്റപ്പെടുത്തി. 

ബിഹാറിലെ വോട്ടർമാരോട് എൻഡിഎ സ്ഥാനാർഥികൾ തൊഴിലായ്മയെ കുറിച്ച് സംസാരിച്ചോ? വ്യവസായ സംരംഭങ്ങളെ കുറിച്ചോ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയെ കുറിച്ചോ പ്രളയ ദുരിതാശ്വാസത്തെ കുറിച്ചോ സ്ത്രീ സുരക്ഷയെ കുറിച്ചോ സംസാരിച്ചോ? ഇല്ലെന്നാണ് ഉത്തരം. ബിഹാറിനു വേണ്ടി യാതൊന്നും ചെയ്യാതെയാണ് അവർ നിങ്ങൾക്കു മുൻപിൽ വോട്ട് അഭ്യർഥിക്കുന്നത്– പി. ചിദംബരം പറഞ്ഞു. 

എൻഡിഎയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നു പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണമെന്നും ബിഹാർ തിരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നും പി. ചിദംബരം പറഞ്ഞു. ബിജെപിയുടെ വിജയശതമാനം കുറഞ്ഞു വരികയാണെന്നും ചിദംബരം പറഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെയും ഉപതിരഞ്ഞെടുപ്പുകളെയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. 

ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരെയും അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനു തടസ്സം സൃഷ്ടിച്ചവരെയും മറക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു ചിദംബരം വിമർശനം ഉന്നയിച്ചത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് മോദി അയോധ്യ വിഷയം ഉന്നയിച്ചത്. ലാലു സർക്കാരിന്റെ കാലത്ത് അയോധ്യ രഥയാത്രയെ സമസ്തിപുരിൽ തടഞ്ഞ സംഭവത്തെ സൂചിപ്പിക്കുകയായിരുന്നു മോദി.

യുപി തിരഞ്ഞെടുപ്പിൽ യുവരാജ ജോടിക്ക് (രാഹുൽ ഗാന്ധി– അഖിലേഷ് യാദവ്) നേരിട്ട വിധി തന്നെയാകും ബിഹാറിലെ യുവരാജ ജോടിക്കും (രാഹുൽ– തേജസ്വി) സംഭവിക്കുകയെന്നു മോദി പറഞ്ഞിരുന്നു. അതേസമയം വോട്ടെടുപ്പു നടക്കുന്ന 94 മണ്ഡലങ്ങളിലെ പ്രചാരണം ഇന്നലെ സമാപിച്ചു. 

മൂന്നാം ഘട്ട വോട്ടെടുപ്പ് ഏഴിനാണ്. 10നു ഫലപ്രഖ്യാപനം. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് (രാഘോപുർ), സഹോദരൻ തേജ് പ്രതാപ് യാദവ് (ഹസൻപുർ) ബോളിവുഡ് താരം ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ (കോൺഗ്രസ്- ബങ്കിപ്പുർ) എന്നിവർ ശ്രദ്ധേയരായ സ്ഥാനാർഥികളാണ്. എൻ‍ഡിഎയിൽ ബിജെപി 46, ജെഡിയു 43, മഹാസഖ്യത്തിൽ ആർജെഡി 56, കോൺഗ്രസ് 24 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന മണ്ഡലങ്ങൾ. 

English Summary: Do they speak on jobs, women safety: Chidambaram after PM rallies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com