ADVERTISEMENT

നിമിഷാര്‍ധങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍. പക്ഷേ, അവ കണ്ടു കഴിഞ്ഞാല്‍ ഏതു കടുത്ത ട്രംപ് അനുയായിയും ചിന്തിച്ചുപോകും, ശരിയാണല്ലോ എന്ന്. വളച്ചുകെട്ടൊന്നുമില്ലാതെ, അതിലളിതമായി, ആക്ഷേപഹാസ്യം ചാലിച്ച് ചില ബിംബങ്ങളും പ്രതീകങ്ങളും ഇട്ടുകൊടുത്തു മനസ്സിനെ മഥിക്കുന്ന ട്രംപ് വിരുദ്ധ പരസ്യങ്ങളുമായി ഈ തിരഞ്ഞെടുപ്പില്‍ വിപ്ലവം സൃഷ്ടിക്കുകയാണു ലിങ്കണ്‍ പ്രോജക്ട്.

അമേരിക്ക കണ്ട ഏറ്റവും പ്രഗത്ഭനായ റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ പേരിലുള്ള യാഥാസ്ഥിതിക വിമതകൂട്ടായ്മയാണിത്. ഇതിന്‌റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരിലേറെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്വമുള്ളവര്‍. ഡോണള്‍ഡ് ട്രംപ് കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നു വിശ്വസിക്കുന്നവര്‍. റിപ്പബ്ലിക്കനായി നിന്നുകൊണ്ട് ഇവര്‍ ഡമോക്രാറ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു! കാരണം, അവര്‍ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ- Defeat President Trump and Trumpism at the ballot box.

വലിയ പ്രതീക്ഷകള്‍

ജോര്‍ജിയ, മൊണ്ടാന, സൗത്ത് കാരലൈന. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്തന്‍ കോട്ടകളെന്നു കരുതപ്പെടുന്ന സംസ്ഥാനങ്ങള്‍. ഡമോക്രാറ്റ് പാര്‍ട്ടിയെ അയലത്തുപോലും അടപ്പിക്കാതെ, പതിറ്റാണ്ടുകളായി റിപ്പബ്ലിക്കന്‍കാര്‍ ഉള്ളം കയ്യില്‍ വച്ചു നിലനിര്‍ത്തുന്ന ഇവ മൂന്നും ഇത്തവണ സ്വിങ് സ്റ്റേറ്റുകള്‍ ആയതിന്‌റെ ആനന്ദം ലിങ്ക പ്രോജക്ടിനാണ്. ട്രംപിന് ഇനിയൊരു 4 വര്‍ഷം കൂടി അനുവദിക്കരുതെന്നും അബദ്ധത്തില്‍പോലും അങ്ങനെ സംഭവിക്കാന്‍ ഇടകൊടുക്കരുതെന്നും വിശ്വസിക്കുന്നവര്‍. ട്രംപ് വിരുദ്ധ തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ആവനാഴിയില്‍നിന്നു തൊടുത്തുവിടുന്നതു ജീവിതവ്രതമായി ഏറ്റെടുത്തവര്‍.

തിരഞ്ഞെടുപ്പു ദിനമെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ജോര്‍ജിയയിലും മൊണ്ടാനയിലും നോര്‍ത്ത് കാരലൈനയിലുമാണു ലിങ്കണ്‍ പ്രോജക്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1992 ല്‍ ഡമോക്രാറ്റ് പ്രസിഡന്‌റ് ബില്‍ ക്ലിന്‌റനെ ജയിപ്പിച്ച ശേഷം പിന്നീടിതുവരെ ജോര്‍ജിയയും മൊണ്ടാനയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമാണ്. സൗത്ത് കാരലൈനയാകട്ടെ, 1976നു ശേഷം ഡെമോക്രാറ്റ് പാര്‍ട്ടിയോടു കരുണ കാണിച്ചിട്ടില്ല.

ഈ മൂന്നിടങ്ങളെയും ഇത്തവണ ഒന്നു മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ ഡിജിറ്റല്‍, ടെലിവിഷന്‍ പരസ്യങ്ങളില്‍ ലക്ഷക്കണക്കിനു ഡോളര്‍ ഒഴുക്കിയിരിക്കുകയാണു ലിങ്കണ്‍ പ്രോജക്ട്.  ജോര്‍ജിയയില്‍ ബൈഡന് ഒരു ശതമാനത്തില്‍ താഴെ മാത്രമാണു ലീഡെങ്കിലും ലിങ്കണ്‍ പ്രോജക്ട് പ്രതീക്ഷ പുലര്‍ത്തുന്നു.

ട്രംപ് വിരുദ്ധ പരസ്യങ്ങളുമായി ലിങ്കണ്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ട്രക്ക് ന്യൂയോർക്കിലൂടെ നീങ്ങുന്നു. ചിത്രം: TIMOTHY A. CLARY / AFP
ട്രംപ് വിരുദ്ധ പരസ്യങ്ങളുമായി ലിങ്കണ്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ട്രക്ക് ന്യൂയോർക്കിലൂടെ നീങ്ങുന്നു. ചിത്രം: TIMOTHY A. CLARY / AFP

തിരഞ്ഞെടുപ്പു ധനസമാഹരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി അമേരിക്കയില്‍ ഇപ്പോഴുള്ള പൊളിറ്റിക്കല്‍ ആക്‌ഷന്‍ കമ്മിറ്റികളില്‍ (പിഎസി അഥവാ പാക്) വച്ച് ഏറ്റവും പ്രബലരിലൊന്ന് ലിങ്കണ്‍ പ്രോജക്ടാണെന്നു സെന്‌റര്‍ ഫോര്‍ റെസ്‌പോണ്‍സിവ് പൊളിറ്റിക്‌സിന്‌റെ ഓപ്പണ്‍ സീക്രട്‌സ് ഡോട്ട് ഓര്‍ഗ് ഗവേഷകസംഘം പറയുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ ഫെഡറല്‍ ഇലക്‌ഷന്‍ കമ്മിഷനു സമര്‍പ്പിച്ചതനുസരിച്ച്, ഏകദേശം 4 കോടി ഡോളറാണ് ലിങ്കണ്‍ പ്രോജക്ട് സമാഹരിച്ചത്. ഡമോക്രാറ്റ് അനുയായികളും കോടീശ്വരരും ഇവര്‍ക്കുവേണ്ടി പണം മുടക്കുന്നു. 

പ്രചോദനം ഏബ്രഹാം ലിങ്കണ്‍

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതവും രക്തച്ചൊരിച്ചില്‍ വേണ്ടിവന്നതുമായ ഒരു കാലഘട്ടത്തിനു നെടുനായകത്വം വഹിച്ചയാളാണു 1861 മുതല്‍ 1865 വരെ പ്രസിഡന്‌റായിരുന്ന ഏബ്രഹാം ലിങ്കണ്‍. അദ്ദേഹം ആഭ്യന്തരയുദ്ധം നയിച്ചത് ആഗ്രഹമുണ്ടായിട്ടല്ല, പക്ഷേ കറുത്തവര്‍ഗക്കാരെ അടിമകളാക്കി നരകയാതന നല്‍കുന്ന സാമൂഹികചട്ടക്കൂടു തകര്‍ക്കാനും ഒപ്പം അമേരിക്കന്‍ നാടുകളുടെ ഐക്യം ഉറപ്പാക്കാനും സായുധഏറ്റുമുട്ടല്‍ ഒഴിച്ചുകൂടാനാകില്ലെന്നു തിരിച്ചറിഞ്ഞിട്ടാണെന്നു ലിങ്കണ്‍ പ്രോജക്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ന് അമേരിക്കയിലുള്ളത് ലിങ്കന്‌റെ കാലത്തേതിനു സമാനമായ ധ്രുവീകരണവും സംഘര്‍ഷാവസ്ഥയുമാണ്. പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപും അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആശയസംഹിതകളുടേതായ ട്രംപിസവും അരങ്ങൊഴിഞ്ഞാലേ, അമേരിക്കയ്ക്കു രക്ഷയുള്ളൂ.

ജനാധിപത്യം സംരക്ഷിക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരു പറ്റം അമേരിക്കക്കാര്‍ എന്നാണു ലിങ്കണ്‍ പ്രോജക്ട് സ്വയം വിശേഷിപ്പിക്കുന്നത്. ഭരണഘടനയോടുള്ള പ്രതിജ്ഞ ലംഘിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നതാണ് അവരുടെ അടിസ്ഥാന നയം. അങ്ങനെ ചെയ്യുന്നവരെ പിടിച്ചു ജനങ്ങളുടെ മുന്നിലിട്ടുകൊടുത്ത് നീതി നടപ്പാക്കും. എന്നുവച്ചാല്‍ പ്രസിഡന്‌റ് ട്രംപിനെ വൈറ്റ് ഹൗസില്‍നിന്ന് ഇറക്കിവിട്ടാലേ അവര്‍ക്ക് വിശ്രമമുള്ളൂ. ഡമോക്രാറ്റ് പാര്‍ട്ടിയോട് ലിങ്കണ്‍ പ്രോജക്ടിന് കടുത്ത അഭിപ്രായഭിന്നതകള്‍ ഉണ്ട്. പക്ഷേ, അതിനെക്കാള്‍ വലുതാണു രാജ്യസ്‌നേഹവും ഭരണഘടനയോടുള്ള വിധേയത്വവും. ഭരണഘടനയെ നോക്കുകുത്തിയാക്കി സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍കാരെക്കാള്‍ എന്തു കൊണ്ടും ഭേദം ഡമോക്രാറ്റുകാരാണെന്നാണു ലിങ്കണ്‍ സംഘം പറയുന്നത്.

ജോര്‍ജ് കോണ്‍വെ, റീഡ് ഗാലന്‍, ജനിഫര്‍ ഹോണ്‍, റിക്ക് വില്‍സന്‍, മൈക്ക് മഡ്രിഡ്, റോണ്‍ സ്‌റ്റെസ്ലോ, സ്റ്റീവ് ഷിമിഡ്റ്റ്, ജോണ്‍ വീവര്‍ എന്നിവരാണു ലിങ്കണ്‍ പ്രോജക്ട് സ്ഥാപകര്‍.  കഴിഞ്ഞ ഡിസംബര്‍ 17നു ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ We are Republicans, and We Want Trump Defeated(ഞങ്ങള്‍ റിപ്പബ്ലിക്കന്‍കാര്‍, ട്രംപ് തോറ്റുകാണാന്‍ ആഗ്രഹിക്കുന്നവര്‍ ) എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയായിരുന്നു ലിങ്കണ്‍ പ്രോജക്ടിന്‌റെ രംഗപ്രവേശം. 

പരക്കെ പരസ്യങ്ങള്‍

സത്യത്തില്‍, ഡമോക്രാറ്റ് പാര്‍ട്ടിയുടെ ട്രംപ് വിരുദ്ധ പരസ്യങ്ങളെക്കാള്‍ കുറിക്കുകൊള്ളുന്നവയാണു ലിങ്കണ്‍ പ്രോജക്ടിന്‌റെ പരസ്യങ്ങളെന്നു തിരഞ്ഞെടുപ്പു വിദഗ്ധര്‍ പറയുന്നു. വിശേഷിച്ചും, 100,000 ഡെഡ് അമേരിക്കന്‍സ് പോലെ സമൂഹമാധ്യമങ്ങള്‍ വഴി, കാട്ടുതീ പോലെ പരക്കുന്ന പരസ്യങ്ങള്‍. യാഥാസ്ഥിതിക മനോഭാവമുള്ളവര്‍ ഭയമെന്ന വികാരത്തിന് കൂടുതല്‍ അടിമപ്പെടുന്നെന്ന പൊതുധാരണ മുതലെടുത്തുള്ള ഫലപ്രദമായ പരസ്യസംരംഭമാണിതെന്നു പൊളിറ്റിക്കോ മാഗസിന്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റര്‍ ജൊവന വെയ്‌സ് ചൂണ്ടിക്കാട്ടുന്നു.

1964ലെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ലിന്‍ഡന്‍ ജോണ്‍സന്‍ അവതരിപ്പിച്ച ഡെയ്‌സി എന്ന പ്രശസ്തമായ പരസ്യത്തിനു സമാനമാണിതെന്നും വെയ്‌സ് പറയുന്നു. 1984ല്‍ രണ്ടാം തവണ മത്സരിച്ച റിപ്പബ്ലിക്കന്‍ പ്രസിഡന്‌റ് റൊണാള്‍ഡ് റെയ്ഗന്‌റെ മോണിങ് ഇന്‍ അമേരിക്ക പോലെയുള്ള ശാന്തസുന്ദരവും പ്രത്യാശാഭരിതവുമായ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പു വിജയത്തില്‍ പങ്കുവഹിച്ചത് വോട്ടര്‍മാരുടെ മനസ്സു സ്വാധീനിക്കാനുള്ള പരസ്യങ്ങളുടെ കരുത്തു തെളിയിക്കുന്നു. കോവിഡ് കാലത്തെ മൃത്യുഭീതിയില്‍ ശ്രദ്ധകൊടുത്ത് അമേരിക്കയിലെ യാഥാസ്ഥിതികരായ ട്രംപ് പ്രേമികളുടെ മനസ്സു മാറ്റാനുള്ള ലിങ്കണ്‍ പ്രോജക്ട് ശ്രമം ശ്രദ്ധേയമാണെന്നും വെയ്‌സ് അഭിപ്രായപ്പെടുന്നു.

English Summary: Lincoln Project targets 3 deep red states with million-dollar ad buy as election map ‘turning against’ Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com