ADVERTISEMENT

രക്തബന്ധുക്കൾ തകർത്തെറിഞ്ഞ സർക്കാർ എന്ന പേരിൽ പിണറായി സർക്കാർ ചരിത്രത്തിൽ ഇടംനേടുമെന്നു കെ.എം.ഷാജി എംഎൽഎ. അതിൽ ബിനീഷ് കോടിയേരി മുതൽ മുഖ്യമന്ത്രിയുടെ രക്തബന്ധുവരെയുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച കണക്കുകളിലെ മൂല്യമാണു പിണറായി വിജയന്റെയും ഇ.പി.ജയരാജന്റേയും ആസ്തികൾക്ക് ഉള്ളതെങ്കിൽ, അതിന്റെ ഇരട്ടി വില നൽകി വാങ്ങാൻ താൻ തയാറാണ്. ഈ കേസുകളോടെ തനിക്കെതിരെയുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കം അവസാനിച്ചുവെന്നു കരുതുന്നില്ല. സ്വന്തം പാർട്ടിക്കുള്ളിൽ വിമർശനമുയർന്നാൽ അവരെ വച്ചുപൊറുപ്പിക്കാത്ത പിണറായി, പുറത്തുള്ള തന്നെ വെറുതെ വിടുമോ? പാർട്ടി നേതൃത്വം നിർദേശിച്ചാൽ അഴീക്കോട് മണ്ഡലത്തിൽ ഇനിയും മൽസരിക്കാൻ തയാറാണെന്നും ഷാജി െവളിപ്പെടുത്തി. 2011ൽ വയനാട്ടിൽനിന്നെത്തിയ അപ്രസക്തനായ എതിരാളിയല്ല, 2021ൽ കെ.എം.ഷാജിയെന്നു സിപിഎമ്മിനറിയാം. ഭയം അവർക്കാണ്.

മനോരമ ഓൺലൈനിന് കെ.എം.ഷാജി നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം:

സിപിഎമ്മും സർക്കാരും കേസുകളിലൂടെ വേട്ടയാടുന്നുവെന്നാണല്ലോ. പ്രതിപക്ഷത്തെ ഒരു മുതിർന്ന നേതാവിന്റെയും പിന്നാലെ പോകാതെ അവർ എന്തു കൊണ്ടു കെ.എം.ഷാജിയെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നു?

എന്റെ ഡസിഗ്നേഷന്റെ വലിപ്പമല്ല, ആക്രമിക്കുന്നതിന്റെ ശൈലിയാണ് അവരെ അലോസരപ്പെടുത്തുന്നത്. മറ്റു നേതാക്കളാരും സിപിഎമ്മിനെതിരെ പറയാത്തതുകൊണ്ടല്ല. അവർ വഹിച്ച ഉത്തരവാദിത്തങ്ങൾ അവരുടെ വാക്കുകൾക്കു മിതത്വം നൽകുന്നുണ്ടാകാം. വളച്ചുകെട്ടി പറയാൻ എനിക്കറിയില്ല. നേർക്കു നേരെ പറയുന്നതാണ് എന്റെ ശൈലി. പിണറായി വിജയൻ മുന്നിലിരിക്കുന്നു എന്നു കരുതി എന്റെ മുട്ടുവിറയ്ക്കില്ല. കോടികൾ കൊടുത്തു പിണറായി വിജയനുണ്ടാക്കിയ ഇമേജിനെ സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയും പത്രസമ്മേളനത്തിലൂടെയും ഞാൻ തകർത്താൽ പിണറായി വെറുതേയിരിക്കുമോ? പിണറായി മഴുവെറിഞ്ഞുണ്ടാക്കിയതല്ല കേരളം എന്ന വാചകവും, നിയമസഭയിൽ പിണറായിക്കെതിരെ നടത്തിയ രക്തബന്ധു പ്രയോഗവുമാണ് എന്നെ ഇപ്പോൾ ലക്ഷ്യം വയ്ക്കാൻ കാരണം. പിണറായി ജൂനിയർ മാൻഡ്രേക്കല്ല, സീനിയർ മാൻഡ്രേക്കാണെന്ന പ്രയോഗം ‘സർവവും നശിപ്പിക്കുന്നയാൾ’ എന്ന നിലയ്ക്കാണു സിപിഎം വ്യാഖ്യാനിച്ചത്. പിണറായിയാണു പാർട്ടി. അതുകൊണ്ട് അവരും എന്നെ ഉന്നമിടുന്നു. 

വേട്ടയാടുന്നു എന്നു പറയുമ്പോഴും അതിന് ആധാരമാകുന്നതു ഷാജിക്കെതിരെയുള്ള കേസുകളല്ലേ? 

എന്റെ അടിയാധാരം വരെ അവർ പരിശോധിച്ച തിരഞ്ഞെടുപ്പാണ് 2016ൽ നടന്നത്. അന്നൊന്നും കണ്ടെത്താത്ത കാര്യമാണ് 2017ൽ പരാതിയായി വന്നത്. അഴീക്കോട് സ്കൂളിന് പ്ലസ്ടു നൽകാൻ 25 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം. വൈകിയാണെങ്കിലും അങ്ങനെയൊരു ഇര കിട്ടിയാൽ സിപിഎം വെറുതെയിരിക്കുമോ? എന്നിട്ട് കേസെടുത്തത് എപ്പോഴാണ്? ഏതാനും മാസം മുൻപ്. ഇത്രനാൾ അന്വേഷിച്ചിട്ടും ഒന്നും കണ്ടുപിടിക്കാനില്ലാതെ വന്നപ്പോൾ, അതേ കേസ് ആസൂത്രിതമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുൻപിലെത്തിച്ചു. അതിലുപരി ഒന്നുമില്ല. 

സംസ്ഥാന സർക്കാരിന്റെ വിജിലൻസ് കേസ് വേട്ടയാടലാണെങ്കിൽ, ഇപ്പോൾ കേന്ദ്ര ഏജൻസി കേസെടുത്തതെങ്ങനെ? ഇഡിക്കു ഗൂഢോദ്ദേശ്യമുണ്ടോ? സിപിഎമ്മും സർക്കാരും ഏറ്റവും എതിർക്കുന്ന ഏജൻസിയാണ് ഇഡി എന്നോർക്കണം?

കേന്ദ്ര ഏജൻസികളെ രാജ്യവ്യാപകമായി ബിജെപി ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതു നേരാണ്. പക്ഷേ അത് എനിക്ക് ഇപ്പോഴുള്ള അഭിപ്രായമല്ല. വളരെ മുൻപേ ഉള്ളതാണ്. സ്വന്തം നേർക്കു കേന്ദ്ര ഏജൻസി വരുമ്പോൾ മാത്രം അവർക്കെതിരെ ആരോപണമുന്നയിക്കുന്നതാണു സിപിഎമ്മിന്റെ രീതി. കോൺഗ്രസ് നേതാക്കൾക്കെതിരെ പലവട്ടം അവരെ ഉപയോഗിച്ചപ്പോഴും സിപിഎം മിണ്ടിയിട്ടില്ലല്ലോ. എന്നാൽ ഞാൻ സിപിഎമ്മിനെപ്പോലെയല്ല. എനിക്കെതിരായ ഇഡി കേസിനു പിന്നിൽ എന്തെങ്കിലും കേന്ദ്ര ഗൂഢാലോചനയുള്ളതായി ഞാൻ കരുതുന്നില്ല. അവർക്ക് എന്നോടു വിരോധമുണ്ടാകേണ്ട കാര്യവുമില്ല. സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ച ഒരു കേസിനു പിന്നാലെ ഇഡി പോകുന്നു എന്നേയുള്ളൂ. ഈ കേസ് ഫ്രെയിം ചെയ്യാൻ സിപിഎം എടുത്ത എല്ലാ തന്ത്രങ്ങളും കൃത്യമായി അറിയുന്നയാളാണു ഞാൻ. കേസിന്റെ ഒരറ്റത്തു ബിജെപിയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. 

തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ കാണിച്ച മൂല്യമല്ല യഥാർഥത്തിൽ ഷാജിയുടെ ആസ്തിക്കുള്ളതെന്ന ആരോപണം എങ്ങനെ കാണുന്നു?

ഈ ആരോപണം ന്യൂസ് ചാനലുകൾ ചർച്ച ചെയ്തപ്പോൾ ഒരു സിപിഎം ജനപ്രതിനിധി പോലുമുണ്ടായില്ലല്ലോ എനിക്കെതിരെ പറയാൻ? അത് എന്തുകൊണ്ടെന്ന് ആലോചിക്കണം. നേർക്കു നേരെ പറയാൻ അവർക്കു കഴിയില്ല. ഞാൻ തിരിച്ചുപറയും എന്ന ഭയമുണ്ട്. സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാരുടെയും നിയമസഭാ രേഖകളും യഥാർഥ ആസ്തിയും തമ്മിൽ ഒത്തുനോക്കി പരിശോധിക്കട്ടെ. അത് അപകടമാകുമെന്ന് അവർക്കു നല്ല ബോധ്യമുണ്ട്. പിണറായി വിജയന്റെയും ഇ.പി.ജയരാജന്റെയും ആസ്തികൾക്ക് നിയമസഭാ രേഖകളിൽ കാണുന്നതിന്റെ ഇരട്ടിവില ഞാൻ കൊടുക്കാം. വിൽക്കാൻ അവർ തയാറുണ്ടോ?

കണ്ണൂരിൽ കെ.സുധാകരനെക്കാളധികം സിപിഎം ആക്രമിക്കുന്നതു കെ.എം.ഷാജിയെയാണ്. അതിന്റെ കാരണമെന്താണ്?

ഇ.പി.ജയരാജന്റെയും ജയിംസ് മാത്യുവിന്റെയും വീടിരിക്കുന്ന മണ്ഡലമാണ് അഴീക്കോട്. അഴീക്കോടൻ രാഘവന്റെ നാടാണ്. അവിടെ വന്ന് സിപിഎമ്മിനെ തോൽപിച്ചു ഞാൻ ജയിച്ചെന്നു മാത്രമല്ല, അടങ്ങിയിരിക്കുന്നുമില്ല. അവരുടെ മണ്ണാണെന്നു കരുതിയിരുന്നിടത്തു കാലുറപ്പിച്ചു നിന്നു ഞാൻ വിളിച്ചു പറയുന്നതെല്ലാം അവർക്കു കൊള്ളുന്നുണ്ട്. അതു തന്നെയാകാം കാരണം. 

അങ്ങനെയെങ്കിൽ ഇഡിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിലൂടെ കെ.എം.ഷാജിക്കെതിരായ ആക്രമണം സിപിഎം അവസാനിപ്പിക്കുമെന്നു കരുതാനാകുമോ?

ഇഡിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള തെളിവും രേഖയുമെല്ലാം എന്റെ കയ്യിലുണ്ട്. പക്ഷേ അതുകൊണ്ടും സിപിഎം അവസാനിപ്പിക്കുമെന്നു ഞാൻ കരുതുന്നില്ല. കേസിന്റെ നൂലാമാലകളിൽ സമയവും അധ്വാനവും നഷ്ടമാകുമ്പോൾ ഞാൻ ആലോചിച്ചു പോയിട്ടുണ്ട്, ഇത്രയൊക്കെ അവർക്കെതിരെ പറയേണ്ടതുണ്ടായിരുന്നോ എന്ന്. പക്ഷേ, തെറ്റായി എന്താണു പറഞ്ഞിട്ടുള്ളതെന്ന് പിന്നീട് ആലോചിക്കുമ്പോൾ തോന്നും. നാട്ടിലെ പാവപ്പെട്ടവന്റെ നികുതിപ്പണമെടുത്ത് കൊലപാതകികളുടെ കേസ് നടത്തുമ്പോൾ അതിനെതിരെ പറയാതിരിക്കാൻ എന്നെക്കൊണ്ടാകില്ല.

km-shaji-house

എന്റെ ആയുസിന്റെ വലിയ പങ്ക്, യൗവനം, ശബ്ദം എല്ലാം ഉപയോഗിച്ചതു മതതീവ്രവാദത്തിനെതിരെയാണ്. യൂത്ത് ലീഗ് നേതാവായി ഇരിക്കുമ്പോൾ എനിക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയതു മതതീവ്രവാദികളുടെ ഭീഷണിയുള്ളതുകൊണ്ടാണ്. എന്നാൽ തിരഞ്ഞെടുപ്പു കേസിൽ അവർ എനിക്കെതിരെ പ്രചരിപ്പിച്ചത് മതം ഉപയോഗിച്ച് ഞാൻ വോട്ടു വാങ്ങാൻ ശ്രമിച്ചെന്നാണ്. യുഡിഎഫ് ഭരിക്കുമ്പോൾ, പദ്ധതികളിൽ അഴിമതി കടന്നുവരാതിരിക്കാൻ സഹ എംഎൽഎമാർക്കൊപ്പം ഗ്രീൻ മൂവ്മെന്റ് രൂപീകരിച്ചയാളാണു ഞാൻ. അഴിമതിയുടെ ഒരറ്റത്തും നിന്നിട്ടില്ല. എന്നാൽ, എനിക്കെതിരെ സിപിഎം അഴിമതിയാരോപണമുന്നയിക്കുന്നു. എന്റെ ക്രെഡിബിലിറ്റി തകർക്കാനാണ് അവരുടെ എല്ലാ പരിശ്രമങ്ങളും. അതു തുടരും; അതിനെതിരെ എന്റെ പോരാട്ടവും. 

എസ്ഡിപിഐ ഉൾപ്പെടെയുള്ളവരുടെ വോട്ട് വേണ്ടെന്നു തിരഞ്ഞെടുപ്പിൽ പരസ്യമായി പ്രസംഗിച്ചയാളാണു താങ്കൾ. ഇപ്പോൾ ജമാ അത്തെ ഇസ്‍ലാമിയെ ഒപ്പം കൂട്ടാൻ മുസ്‍ലിം ലീഗ് തീരുമാനിക്കുന്നു, ആരെങ്കിലും വോട്ട് ചെയ്താൽ വേണ്ടെന്നു പറയാൻ പറ്റുമോ എന്നു  മറ്റു യുഡിഎഫ് നേതാക്കൾ ചോദിക്കുന്നു. എന്താണു നിലപാട്?

ജമാ അത്തെ ഇസ്‌ലാമിയുമായി സഖ്യമോ, ധാരണയോ ഉണ്ടെങ്കിൽ അതു ജനങ്ങളോടു തുറന്നു പറയുക തന്നെ വേണം. ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല എന്നു തന്നെ പറയണം. ഒരു രാഷ്ട്രീയ നേതാവിന്റെയോ, പാർട്ടിയുടെയോ, മുന്നണിയുടെയോ നിലപാടിൽ പൊതുസമൂഹത്തിനു സംശയം ബാക്കിയാക്കരുത്. എനിക്ക് ഈ വിഷയത്തിലുള്ള നിലപാട് ഞാൻ പാർട്ടിക്കുള്ളിൽ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് ഞാൻ ഉയർത്തിയ നിലപാടുകൾ തന്നെയാണ് എന്റേത്. എന്റെ നിലപാട് മാറ്റാത്തിടത്തോളം, നിലപാട് എന്ത് എന്നു വീണ്ടും വീണ്ടും പറയേണ്ട കാര്യം എനിക്കില്ല. 

പ്രകടമല്ലെങ്കിലും എല്ലാക്കാലത്തും രണ്ടു ധാരകളുണ്ടായിരുന്നു മുസ്‍ലിം ലീഗിൽ. അതിലൊന്നിനൊപ്പമായിരുന്നു ഷാജി. ഇതു താങ്കളെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ?

പാർട്ടിക്കുള്ളിൽ ശക്തമായ ചിന്താധാരകളും ചർച്ചകളുമുണ്ടാകണം. അതേസമയം, പാർട്ടിക്കു പുറത്ത് അത്തരം ചർച്ചകളും ധാരകളും പാടില്ല. അകത്തു രണ്ടഭിപ്രായമില്ല എന്നു പറയുന്നത് ആ പാർട്ടി തകർന്നു തുടങ്ങുന്നതിന്റെ ലക്ഷണമാണ്. അകത്തു വ്യത്യസ്ത അഭിപ്രായം ഉയർത്തുമ്പോൾ തന്നെ, പുറത്തു പറയേണ്ടത് പാർട്ടിയുടെ അഭിപ്രായമാണ്. ഈ പ്രക്രിയ നടക്കാത്തതിന്റെ ദുരന്തം ഇന്നനുഭവിക്കുന്ന പാർട്ടിയാണു സിപിഎം. പിണറായി വിജയനോടുള്ള അപകടം പിടിച്ച വിധേയത്വമാണ് ഇപ്പോൾ ആ പാർട്ടിക്ക്. നേതാക്കളുടെ െതറ്റുകൾ തിരുത്തപ്പെടാത്തതും അതുകൊണ്ടുതന്നെ. 

കെ.എം.ഷാജിയുടെ രാഷ്ട്രീയ ഭാവി എന്താണ്? 2021ൽ അഴീക്കോട്ട് മൽസരിക്കുമോ?

അഴീക്കോട് മൽസരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഒറ്റത്തവണ മാത്രമാണ് ഞാൻ അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നെങ്കിൽ അഴീക്കോട് മതിയെന്നാണ് അഭിപ്രായമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനോടു പറഞ്ഞിരുന്നു. സീറ്റ് ആവശ്യപ്പെടുകയോ, പാർട്ടി പറഞ്ഞിടത്തു മൽസരിക്കാൻ വിസമ്മതിക്കുകയോ ചെയ്തിട്ടില്ല. അടുത്ത തവണ ഞാൻ മൽസരിക്കണോ, മാറി നിൽക്കണോ എന്നു തീരുമാനിക്കേണ്ടതു പാർട്ടിയാണ്. ആവശ്യപ്പെട്ടാൽ മൽസരിക്കും, എല്ലാ കുതൂഹലങ്ങളെയും തള്ളിക്കളഞ്ഞു ജനം വിജയിപ്പിക്കുകയും ചെയ്യും. 2011ൽ വയനാട്ടിൽനിന്നെത്തിയ അപ്രസക്തനായ എതിരാളിയല്ല, 2021ൽ കെ.എം.ഷാജിയെന്നു സിപിഎമ്മിനറിയാം. ഭയം അവർക്കാണ്.

English Summary: Interview with KM Shaji MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com