ADVERTISEMENT

കൊച്ചി∙ നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം എത്തിച്ച് വിതരണം ചെയ്ത സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിലെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഔദ്യോഗിക വാഹനത്തിൽ പൊലീസ് സുരക്ഷയിലാണ് മന്ത്രി മലപ്പുറത്തെ വീട്ടിൽനിന്ന് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് കസ്റ്റംസ് പ്രിവന്റീവ് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച തന്നെ മന്ത്രിക്ക് അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു.

നയതന്ത്ര ചാനലിൽ മതഗ്രന്ഥം എത്തിച്ച് വിതരണം ചെയ്ത സംഭവത്തിൽ പ്രത്യേകം കേസ് റജിസ്റ്റർ ചെയ്താണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. നേരത്തെ എൻഐഎ ഒരു പ്രാവശ്യവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു തവണയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. മന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരുന്നത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് മന്ത്രി നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തത് എന്നാണ് വിലയിരുത്തൽ. സിആപ്റ്റിന്റെ വാഹനത്തിൽ ഇവ വിതരണം ചെയ്തതിലും ദുരൂഹത ആരോപിക്കുന്നുണ്ട്. ഇടയ്ക്ക് തൃശൂരിൽ വച്ച് വാഹനത്തിന്റെ ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമായത് ആരോപണങ്ങൾക്ക് ശക്തി പകരുന്നു. ഇറക്കുമതി ചെയ്ത മതഗ്രന്ഥത്തിന്റെ ഭാരവും വിതരണം ചെയ്ത മതഗ്രന്ഥത്തിന്റെ ഭാരവും പരിശോധിച്ച് അതിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതും അന്വേഷണ സംഘം മന്ത്രിയോട് ചോദിക്കും. ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിലും മന്ത്രിക്ക് ചോദ്യങ്ങളെ നേരിടേണ്ടി വന്നേക്കും.

നേരത്തെ രണ്ട് ഏജൻസികൾക്കു മുന്നിലും ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ സ്വകാര്യ വാഹനത്തിൽ എത്തിയ മന്ത്രി ഇന്ന് ഔദ്യോഗിക വാഹനത്തിലാണ് എത്തിയിരിക്കുന്നത്.

English Summary: Customs Questioning Minister KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com