ADVERTISEMENT

‘ഇരിക്കുന്ന കൊമ്പു മുറിച്ച കാളിദാസനെ പോലെയാണ് ചിരാഗ് പസ്വാന്‍’ എന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജെഡിയു പരിഹസിച്ചത്. എന്നാല്‍ ഒരു സീറ്റില്‍ മാത്രമാണു ജയിക്കാന്‍ കഴിഞ്ഞതെങ്കിലും ചിരാഗിന്റെ ലോക് ജനശക്തി പാര്‍ട്ടി ബിഹാര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിതീഷ് കുമാര്‍ എന്ന വടവൃക്ഷത്തിന്റെ അടിവേരിളക്കുകയാണ് ചെയ്തിരിക്കുന്നത്. മിക്ക മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിനു കളമൊരുക്കിയ ചിരാഗ് ജെഡിയു വോട്ടുകള്‍ ഭിന്നിപ്പിച്ച് ആര്‍ജെഡിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. പലവട്ടം മുന്നണികള്‍ മാറിക്കളിച്ച നിതീഷിനെതിരെ ഏതാണ്ട് അതേ രാഷ്ട്രീയകൗശലം തന്നെയാണ് ചിരാഗും കളിച്ചത്.

കഴിഞ്ഞ തവണ 71 സീറ്റുകള്‍ നേടിയ ജെഡിയുവിനെ ഇക്കുറി 43-ലേക്ക് ഒതുക്കിയതില്‍ പ്രധാന പങ്ക് വഹിച്ചത് ചിരാഗിന്റെ ശക്തമായ പ്രചാരണങ്ങളാണെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നിതീഷ് ഇനി ബിഹാറിന്റെ മുഖ്യമന്ത്രിയാകില്ലെന്ന് പ്രതിപക്ഷത്തേക്കാള്‍ ഉറച്ചു പറഞ്ഞതു ചിരാഗായിരുന്നു. സീറ്റ് വിഭജന വേളയില്‍ ചിരാഗിനെ അവഗണിച്ചു കൊണ്ട് നിതീഷ് കാട്ടിയ കടുംപിടിത്തമാണ് ജെഡിയുവിനെ ബിഹാര്‍ എന്‍ഡിഎയില്‍ ബിജെപിയുടെ രണ്ടാമനാക്കിയത്.

എന്‍ഡിഎ സഖ്യത്തില്‍ നിന്നു പുറത്തുവന്ന ചിരാഗ് പസ്വാന്‍, സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ അക്കമിട്ടു നിരത്തിയത് നിതീഷിന് കാര്യങ്ങള്‍ ദുഷ്‌കരമാക്കി. നിതീഷിന്റെ ജനതാദള്‍ (യു) സ്ഥാനാര്‍ഥികളെ തോല്‍പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ചിരാഗ് പാസ്വാന്‍ എല്‍ജെപി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. എല്‍ജെപിയുടെ 137 സ്ഥാനാര്‍ഥികളില്‍ 5 പേര്‍ മാത്രമാണു ബിജെപിക്കെതിരെ മത്സരിച്ചത്. എല്‍ജെപി സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ബിജെപിക്കു വോട്ടു ചെയ്യാനും ചിരാഗ് പാസ്വാന്‍ പാര്‍ട്ടി അണികളോട് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. നിതീഷിനെ ഭരണത്തില്‍ നിന്നു പുറത്താക്കുകയെന്നതായിരുന്നു ചിരാഗിന്റെ ഏകലക്ഷ്യം.

ചിരാഗ് കാ റോസ്ഗാർ, ബിഹാർ ഫസ്ററ്, ബിഹാറി ഫസ്ററ്

എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കാത്ത ചിരാഗ് സിനിമാ രംഗത്തെ ഒരുകൈ നോക്കിയിരുന്നു. 2011 കങ്കണ റനൗട്ടിന്റെ നായകനായി 'മിലേ നാ മിലേ ഹം' എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 2014ലും 2019ലും ബിഹാറിലെ ജാമുയി മണ്ഡലത്തില്‍നിന്നു ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. തൊഴില്‍രഹിതരായ യുവാക്കള്‍ക്കു തൊഴില്‍ ലഭ്യമാക്കാനായി 'ചിരാഗ് കാ റോസ്ഗാര്‍' എന്ന സന്നദ്ധ സംഘടന ചിരാഗ് പസ്വാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കുറി യുവാക്കളെ കൈയ്യിലെടുക്കാന്‍ 'ബിഹാര്‍ ഫസ്റ്റ്, ബിഹാറി ഫസ്റ്റ്' എന്ന പ്രചാരണപരിപാടി സംഘടിപ്പിച്ചിരുന്നു.

മോദി ഹൃദയത്തിലെന്ന് ആദ്യതന്ത്രം

ചിരാഗ് പാസ്വാൻ (ചിത്രം: @iChiragPaswan)
ചിരാഗ് പാസ്വാൻ photo instagrammed by Chirag Paswan

പ്രചാരണത്തിനു മോദിയുടെ ചിത്രം ഉപയോഗിക്കില്ലെന്നും പ്രധാനമന്ത്രി തന്റെ ഹൃദയത്തിലാണെന്നും പ്രസ്താവന നടത്തി ജെഡിയുവിനെയും ബിജെപിയെയും ഒരേപോലെ വെട്ടിലാക്കിയാണ് ചിരാഗ് പ്രചാരണം തുടങ്ങിയതു തന്നെ. താന്‍ മോദിയുടെ ഹനുമാനാണെന്നും നെഞ്ചു പിളര്‍ന്നു കാണിക്കാമെന്നും മോദിമന്ത്രിസഭയില്‍ മന്ത്രിയായിരുന്ന രാംവിലാസ് പസ്വാന്റെ മകന്‍ പറഞ്ഞത് എന്‍ഡിഎ അനുകൂലികളെ പോലും സംശയത്തിലാക്കി. ജെഡിയുവിനെതിരെ ചിരാഗ് മത്സരിക്കുന്നത് ബിജെപിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നു വരെ ആരോപണം ഉയര്‍ന്നു. ഒടുവില്‍ ചിരാഗ് തങ്ങള്‍ക്കൊപ്പമല്ലെന്നും നിതീഷാണു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ബിജെപി ദേശീനേതൃത്വം പ്രസ്താവന ഇറക്കിയതോടെയാണ് വിവാദം താല്‍ക്കാലികമായെങ്കിലും കെട്ടടങ്ങിയത്.

എന്നാല്‍ കടുത്ത വിമര്‍ശനങ്ങളുമായി ചിരാഗ് കളം നിറഞ്ഞതോടെ 2005ല്‍ നിതീഷിനെ വാഴിച്ച എല്‍ജെപി തന്നെ 2020ല്‍ നിതീഷിന്റെ വീഴ്ചയ്ക്കു വഴിയൊരുക്കുന്ന കാഴ്ചയ്ക്കാണു ബിഹാര്‍ രാഷ്ട്രീയം വേദിയായത്. 2005ല്‍ ലാലു-റാബ്രി ഭരണത്തിന് അന്ത്യംകുറിച്ച് നിതീഷിന് അധികാരത്തിലെത്താന്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് എല്‍ജെപി നേതാവ് റാംവിലാസ് പസ്വാന്‍ ആണെങ്കില്‍ ഇക്കുറി അദ്ദേഹത്തിന്റെ മകനാണ് നിതീഷിന്റെ വീഴ്ത്താനുള്ള നിയോഗം ഏറ്റെടുത്തു നടപ്പാക്കിയത്. 

സീറ്റു വിഭജനത്തിലെ ഭയം

ജെഡിയുവിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടിയാല്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു വെല്ലുവിളിയാകുമെന്നും നിതീഷ് ഭയന്നതാണ് ചിരാഗുമായുള്ള പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. സീറ്റു വിഭജന ഘട്ടത്തില്‍ ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുകയും ബിജെപിയെക്കാള്‍ സീറ്റു നേടുകയും ചെയ്യുക എന്നതായിരുന്നു നിതീഷിന്റെ മുഖ്യലക്ഷ്യം. 

ബിജെപിയും ജെഡിയുവും തുല്യ എണ്ണം സീറ്റുകളില്‍ മത്സരിക്കണമെന്ന അമിത് ഷായുടെ പിടിവാശിയില്‍ നിതീഷ് അപകടം മണത്തു. ജെഡിയുവിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടിയാല്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു വെല്ലുവിളിയാകുമെന്നും നിതീഷ് ഭയന്നു. ബിജെപിയുടെ 50:50 ഫോര്‍മുല അംഗീകരിച്ച നിതീഷ് മറുതന്ത്രം പ്രയോഗിച്ചു. ജെഡിയുവും ബിജെപിയും ആകെ സീറ്റുകള്‍ തുല്യമായി പങ്കിടും, സഖ്യകക്ഷികളെ ഉള്‍പ്പെടുത്തണമെങ്കില്‍ സ്വന്തം ക്വോട്ടയില്‍ നിന്നാകാം. ജെഡിയുവിനു 122, ബിജെപിക്കു 121 എന്നിങ്ങനെ സീറ്റുകള്‍ പങ്കിട്ടപ്പോള്‍ എല്‍ജെപിയെ മുന്നണിയില്‍ നിര്‍ത്തേണ്ട ഉത്തരവാദിത്തം ബിജെപിയുടെ ചുമലിലായി.

ജെഡിയുവിന്റെ ക്വോട്ടയില്‍ നിന്ന് എല്‍ജെപിക്കു സീറ്റില്ലെന്നു നിതീഷ് കട്ടായം പറഞ്ഞു. നൂറില്‍ താഴെ സീറ്റില്‍ മത്സരിക്കാന്‍ ബിജെപിയും തയാറല്ലായിരുന്നു. ബിജെപി ക്വോട്ടയില്‍ നിന്നു വാഗ്ദാനം ചെയ്ത 21 സീറ്റ് സ്വീകരിച്ചു മുന്നണിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി. വിട്ടുവീഴ്ചയ്ക്കു നിതീഷും തയാറായില്ല. 40 സീറ്റ് ആവശ്യപ്പെട്ട ചിരാഗ് പാസ്വാന്‍ ഒരു പക്ഷെ 30 സീറ്റു കിട്ടിയിരുന്നെങ്കില്‍ എന്‍ഡിഎയില്‍ തുടര്‍ന്നേനെ. ഫലത്തില്‍ എല്‍ജെപിയെ മുന്നണിയില്‍ നിന്നു പുകച്ചു പുറത്തുചാടിച്ച നിതീഷ് കുമാര്‍ തന്നെ അതിന്റെ വിലയും കൊടുക്കേണ്ടി വരുന്ന കാഴ്ചയാണ് വിധിദിനത്തിലേത്.

എല്‍ജെപിയുടെ അഭാവത്തില്‍ എന്‍ഡിഎയിലെത്തിയ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ജെഡിയു ക്വോട്ടയില്‍ നിന്ന് 7 സീറ്റും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ബിജെപി ക്വോട്ടയില്‍ നിന്നു 11 സീറ്റും നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

2005 ല്‍ സംഭവിച്ചത് 

റാം വിലാസ് പാസ്വാന്റെ എല്‍ജെപി ബിഹാറിലെ 243 നിയമസഭാ സീറ്റുകളില്‍ 204 എണ്ണത്തില്‍ തനിച്ചു മത്സരിച്ചു. ലാലു റാബ്‌റി ഭരണം അവസാനിപ്പിക്കാനായി രൂക്ഷമായ പ്രചാരണവും റാം വിലാസ് പാസ്വാന്‍ നടത്തി. പത്തു സീറ്റുകളില്‍ മാത്രമാണ് എല്‍ജെപി വിജയിച്ചതെങ്കിലും ലാലുവിന്റെ 'ജംഗിള്‍രാജ്' അവസാനിപ്പിക്കണമെന്ന പ്രചാരണം ഏശി. ഏറെ മണ്ഡലങ്ങളില്‍ യുപിഎ വോട്ടുകള്‍ ശിഥിലമാകാന്‍ എല്‍ജെപി സ്ഥാനാര്‍ഥികള്‍ കാരണമായി. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലേറി. എന്നാല്‍ ഇക്കുറി അതേ എല്‍ജെപി തന്നെ നിതീഷിന്റെ ഇടര്‍ച്ചയ്ക്കും ചാലകശക്തിയായി.

English Summary: The LJP, how Chirag Paswan’s party cut into JD(U)-BJP votes in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com