ADVERTISEMENT

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച് സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇക്കാര്യം പഠിക്കാനായി ജയ ജയ്റ്റ്ലിയുടെ നേതൃത്വത്തിൽ നിയോഗിച്ച പത്തംഗ സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ അന്തിമഘട്ടത്തിലാണെന്നാണ് സൂചന. ആൺകുട്ടികൾക്ക് 21, പെൺകുട്ടികൾക്ക് 18 എന്നിങ്ങനെയാണ് നിലവിൽ വിവാഹപ്രായം. പെൺകുട്ടികളുടെ വിവാഹപ്രായവും 21 ആക്കണം എന്നാണു നിയമ കമ്മിഷനും ദേശീയ മനുഷ്യാവകാശ കമ്മിഷനും നേരത്തെ ശുപാർശ ചെയ്തത്.

വിവാഹപ്രായം മുൻപ് ഉയർത്തിയത് 1978 ൽ

1978ൽ ആണ് ഇന്ത്യയിൽ വിവാഹപ്രായം ആൺകുട്ടികൾക്ക് 21, പെൺകുട്ടികൾക്ക് 18 എന്നിങ്ങനെ ഉയർത്തിയത്. അതിനു മുൻപ് 18 വയസ്സും 15 വയസ്സുമായിരുന്നു. 1929 മുതൽ ശൈശവവിവാഹ നിരോധന നിയമം നിലവിലുണ്ട്. 2006ൽ കൊണ്ടുവന്ന ശൈശവ വിവാഹ നിരോധന നിയമപ്രകാരം നിയമം ലംഘിക്കുന്നവർക്കു 2 വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താം. െഎക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 30 % പെൺകുട്ടികളുടെയും വിവാഹം 18 വയസ്സിനു മുൻപാണു നടക്കുന്നത്.

വിവാഹപ്രായം – ഒരു ഡൂഡിൽ കഥ

2017 നവംബർ 22. കഴുത്തിൽ സ്റ്റെതസ്കോപ്പണിഞ്ഞ് സാരിത്തലപ്പു കൊണ്ട് ശരീരംചുറ്റി മറച്ച കുലീനയായ ഒരു ഇന്ത്യൻ സ്ത്രീയുടെ ചിത്രമായിരുന്നു അന്നത്തെ ഗൂഗിൾ ഡൂഡിലിൽ. ഈ വനിതയ്ക്കു പശ്ചാത്തലം ആശുപത്രി മുറി. ചുറ്റും സ്ത്രീരോഗികൾ, നഴ്സുമാർ. രുക്‌മാബായി എന്ന ഇന്ത്യൻ വനിതയ്ക്ക് അവരുടെ 153 ാം ജന്മദിനത്തിൽ ആഗോള സെർച്ച് ഭീമനായ ഗൂഗിൾ ഒരു ഡൂഡിലിലൂടെ ആദരവർപ്പിച്ചപ്പോഴാണ് പുതുതലമുറയിലെ പലരും അവരെക്കുറിച്ച് അറിയുന്നത്.

ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ എന്ന നിലയിലാണ് അന്ന് ഗൂഗിൾ ഡോ. രുക്മാബായിയെ ആദരിച്ചത്. (മെഡിക്കല്‍ ബിരുദം ആദ്യം കരസ്ഥമാക്കിയ വനിത, ഡോ. ആനന്ദി ഗോപാല്‍ ജോഷിയാണെങ്കിലും അവര്‍ പ്രാക്ടീസ് ചെയ്തിരുന്നില്ല.) എന്നാൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു സാമൂഹിക പരിഷ്കാരത്തിന് തുടക്കം കുറിക്കാൻ കോടതി മുറികളിൽ നിശ്ചയദാർഢ്യത്തോടെ തന്റെ അവകാശങ്ങൾക്കു വേണ്ടി ഉറച്ച ശബ്ദമായ വനിത എന്ന നിലയിൽ കൂടിയാണ് രാജ്യത്തിന്റെ ചരിത്രത്താളുകൾ രുക്മാബായിയെ അടയാളപ്പെടുത്തുന്നത്. സ്ത്രീസ്വാതന്ത്ര്യം എന്ന വാക്കിനെ ജീവിതം കൊണ്ട് അന്വർഥമാക്കിയ അപൂർവവ്യക്തിത്വം കൂടിയായിരുന്നു അവർ.

പതിനൊന്നാം വയസ്സിൽ വിവാഹം, വിധി കുറിച്ച ജീവിതം

ശൈശവവിവാഹപാരമ്പര്യമുള്ള ചുറ്റുപാടുകളിലേക്കാണ് 1864 നവംബർ 22ന് ജനാർദ്ദൻ പാണ്ഡുരംഗ–ജയന്തി ബായി ദമ്പതികളുടെ മകളായി രുക്മാബായി ജനിച്ചത്. ശൈശവവിവാഹത്തിന്റെ വിഷമതകൾ എല്ലാം അനുഭവിച്ച സ്ത്രീയായിരുന്നു രുക്മാബായിയുടെ അമ്മ. പതിനാലാം വയസ്സിൽ വിവാഹം ചെയ്ത അവർ പതിനഞ്ചാം വയസ്സിലാണ് രുക്മയ്ക്കു ജന്മം നൽകിയത്. പതിനേഴാം വയസ്സിൽ അവർ വിധവയുമായി. ദുരിതക്കയത്തിലേക്ക് വീഴുമായിരുന്ന അവർക്ക് ആശ്വാസമായത് പുനർവിവാഹം ചെയ്യാനെത്തിയ ഡോ.സഖാറാം അർജുൻ എന്ന സസ്യശാസ്ത്ര വിദഗ്ധന്റെ തീരുമാനവും.

rukhmabhai-1
രുഖ്‌മബായിക്ക് ആദരമർപ്പിച്ചു കൊണ്ടു 2017 നവംബർ 22ന് ഗൂഗിൾ ഡൂഡിളിൽ പ്രത്യക്ഷപ്പെട്ട ചിത്രം

1875 ൽ പതിനൊന്നാം വയസ്സിൽ ദാദാജി ഭിക്കാജി എന്ന 19കാരനുമായി രുക്മയുടെ വിവാഹം ഉറപ്പിച്ചു. എന്നാൽ ഇരുവരും പഠനം തുടർന്ന് നല്ല നിലയിൽ എത്തിയ ശേഷം ഭർതൃഗൃഹത്തിലേക്കു പോകാമെന്നു തീരുമാനിച്ചതിനാൽ രുക്മാബായി സ്വഗൃഹത്തിൽ തന്നെ നിന്നു പഠനം തുടർന്നു. എന്നാൽ ഇതിനിടയിൽ പഠനം പൂർത്തീകരിക്കാതെ ദുശ്ശീലങ്ങളും കടങ്ങളും പെരുകി സ്വന്തം വീട്ടിൽ നിന്നു തന്നെ ഭിക്കാജിയെ പുറത്താക്കി. രുക്മാബായി തന്റെ കൂടെ താമസിക്കണമെന്നായി ഇതോടെ ഭിക്കാജിയുടെ തീരുമാനം. ഭിക്കാജിയുടെ സാഹചര്യത്തിനു മാറ്റം വരാതെ രുക്മയെ അദ്ദേഹത്തിനൊപ്പം അയക്കേണ്ടതില്ലെന്നായിരുന്നു രുക്മയുടെ അമ്മയുടെയും വളർത്തച്ഛന്റെയും തീരുമാനം.അന്നത്തെ സമൂഹചുറ്റുപാടുകളിൽ ഏറെ ധീരമായ നിലപാടായിരുന്നു ഇത്. ഒപ്പം വരാത്ത രുക്മാബായിക്കെതിരെ 1884 മാർച്ച് 19 ന് ഭിക്കാജി ഭാര്യയിലുള്ള തന്റെ അവകാശം പുനഃസ്ഥാപിച്ചുക‌ിട്ടാനായി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പാരമ്പര്യരീതി പ്രകാരം ചെറുപ്രായത്തിൽ വിവാഹം ചെയ്ത ഭാര്യയെ തന്നോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നു കാട്ടിയായിരുന്നു ഇത്.

ഹിന്ദു വിവാഹനിയമങ്ങൾ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യമാകെ ചർച്ചയ്ക്ക് വഴിമരുന്നിട്ട കേസു കൂടിയായി ഇത്. ബ്രിട്ടിഷ് നിയമപ്രകാരം ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത കാലത്ത് ഒരാളെ വിവാഹം ചെയ്യുന്നതിന് നിയമസാധുതയില്ല. എങ്കിലും അന്നത്തെ ഇന്ത്യൻ നിയമം അതിനോടു യോജിച്ചിരുന്നില്ല. മാനുഷിക പരിഗണന കൂടി വിലയിരുത്തി അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് പിൻഹേ രുക്മയ്ക്ക് അനുകൂലമായാണ് വിധി പ്രഖ്യാപിച്ചത്. എന്നാൽ കേസ് പുനഃപരിശോധിക്കാനായി ഭിക്കാജി നൽകിയ അപ്പീലിലെ വിധി രുക്മാബായിക്ക് എതിരായി. ഭർത്താവിന്റെ കൂടെ താമസിക്കുക. അല്ലെങ്കിൽ ആറുമാസം ജയിൽശിക്ഷ അനുഭവിക്കുക എന്നാണ് ജസ്റ്റിസ് ഫെറാൻ വിധി പറഞ്ഞത്. ഭർത്താവിന്റെ വീട്ടിൽപോകാൻ തയ്യാറല്ലെന്നു പറഞ്ഞ രുക്മാബായി. പകരം ജയിലിൽ പോകാൻ തയാറാണെന്നു കോടതിയെ അറിയിച്ചു. തുടർന്ന് നടന്ന സംഭവവികാസങ്ങളാണ് രാജ്യത്തെ ശൈശവവിവാഹ നിയമത്തിന്റെ ഗതി മാറ്റിയത്.

അവകാശങ്ങൾക്കായി അചഞ്ചല

ഒരു ദേശീയ ദിനപത്രത്തിൽ സ്ത്രീസ്വാതന്ത്രത്തിനായി മറ്റൊരു പേരിൽ രുക്മാബായി ശൈശവവിവാഹത്തിനെതിരെ നിരവധി ലേഖനങ്ങളെഴുതി. ഇന്ത്യയിലെ ഒരു സ്ത്രീ തന്റെ സ്വാതന്ത്രത്തിനായി നടത്തിയ പോരാട്ടം അറിഞ്ഞ ബ്രിട്ടിഷ് രാജ്‍ഞി വിക്ടോറിയ വിഷയം ഒത്തുതീർപ്പാക്കാനും രുക്മാബായിയുടെ ആവശ്യം അംഗീകരിക്കാനും അറിയിച്ചു. രുക്മാബായിയില്‍നിന്നു രണ്ടായിരം രൂപ കൈപ്പറ്റി, തനിക്ക് രുക്മാബായിയില്‍ മേലാല്‍ യാതൊരുവിധ ആവകാശവുമില്ല എന്ന് ദാദാജി ബികാജി എഴുതിക്കൊടുക്കുന്നതിലേക്കു കാര്യങ്ങൾ എത്തി. പിന്നീട് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ രുക്മാബായി രാജ്യത്തെ ആതുരസേവനരംഗത്ത് പ്രാക്ടീസ് ചെയ്യുന്ന ആദ്യ ഡോക്ടർ എന്ന സ്ഥാനം രചിച്ചതും ചരിത്രം.

ബ്രിട്ടിഷ് ഭരണകർത്താക്കൾക്ക് രുക്മാബായി കേസ് പുനർചിന്തനത്തിനു വഴിതെളിച്ചെങ്കിലും സമൂഹത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ പിന്നീടുണ്ടായ നിഷ്ഠൂരവും ഹീനവുമായി ഒരു സംഭവമാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഗൗരവമായി കാണേണ്ടതുണ്ടെന്ന ഒരു ചർച്ച രാജ്യത്ത് തുടങ്ങിവച്ചത്.

നട്ടെല്ലു തകർന്ന ഫൂൽമണി

1889 ലായിരുന്നു ആ സംഭവം. പതിനൊന്നു വയസ്സുള്ള ഫൂൽ മണി എന്ന ഒറിസ്സക്കാരി ആദ്യരാത്രിയിൽ തന്നെ മുപ്പത്തിയഞ്ചുകാരനായ ഭർത്താവ് ഹരി മോഹൻ മെഹ്തയുടെ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. ആദ്യരാത്രിയിൽ തന്നെ ഭാര്യയുടെ കന്യകാത്വം തകർക്കണമെന്ന ആചാര പൂർത്തീകരണത്തിനിടെ അരക്കെട്ട് തകർന്നാണ് ആ പെൺകുട്ടി കൊല്ലപ്പെട്ടത്.

ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളം അരങ്ങറുന്ന സമയമായിരുന്നു അത്. കൊച്ചു പെൺകുട്ടികൾ അതിദാരുണമായി കൊല്ലപ്പെടുന്ന വാർത്തകൾക്കൊപ്പം ഫൂൽമണി സംഭവം ബ്രിട്ടിഷ് സർക്കാരിനെ പുതിയൊരു നിയമത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് 1891ൽ ഏജ് ഓഫ് കൺസെന്റ് ആക്റ്റ് എന്ന നിയമം ബ്രിട്ടിഷ് സർക്കാർ കൊണ്ടുവന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം പത്തിൽ നിന്ന് പന്ത്രണ്ടു വയസ്സായി ഉയർത്തുന്നതായിരുന്നു ഈ ആക്റ്റ്. ബ്രിട്ടിഷുകാർ ആചാരത്തെയും മാമൂലുകളെയും തകർക്കുന്നു എന്നുകാട്ടി തീവ്രദേശീയവാദികളും സ്വാതന്ത്രസമരസേനാനികളായ ബാല ഗംഗാധർ തിലക്, ബിപിൻ ചന്ദ്രപാൽ അടക്കമുള്ളവർ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നു. എന്നാൽ രുക്മാബായിയുടെ സംഭവവും പീന്നീട് ഉണ്ടായ ഫൂൽ മണിയുടെ ദാരുണമരണവും ബ്രിട്ടിഷുകാർ ബില്ലിൽ ഉറച്ചു നിൽക്കാൻ കാരണമായി.

Collage02

1891ലെ ഏജ് ഓഫ് കൺസെന്റ് ആക്റ്റ് മുതൽ പെൺകുട്ടികളുടെ വിവാഹപ്രായം ഇന്ത്യയിൽ ചർച്ചാവിഷയമായി തുടങ്ങി. ഇന്ത്യയിലെ പെൺകുട്ടികളുടെ അതിദാരുണ അവസ്ഥ കണ്ട ബ്രിട്ടിഷുകാരാണ് അതിന് തുടക്കം കുറിച്ചത്. മതാചാരങ്ങളും മാമൂലുകളുമെന്ന് പറ‍ഞ്ഞ് പെണ്ണിനെ ചിതയിലെറിയുന്ന സതി നിരോധിക്കുന്നതു മുതൽ 1929ലെ ശൈശവ വിവാഹ നിരോധന നിയമം വരെ ഇത് തൂടർന്നു.

വിവാഹപ്രായം വീണ്ടും ചർച്ചയാകുമ്പോൾ

ഇന്ത്യയുടെ 74ാം സ്വാതന്ത്രദിനാഘോഷത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളുടെ വിവാഹപ്രായത്തെ കുറിച്ച് പരാമർശിച്ചത്. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം എത്രയാണെന്ന് പുനഃപരിശോധിക്കാൻ കമ്മറ്റിയെ രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് മോദി പറഞ്ഞത്. നേരത്തെ ധനമന്ത്രി നിർമല സീതാരാമനും പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച് ചർച്ചകൾക്കു തുടക്കം കുറിച്ചിരുന്നു. ഇതോടെ സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാർക്കു സമാനമായി 21 വയസ്സാക്കുമെന്ന തരത്തിൽ ചർച്ചകൾ‌ ഉയർത്തെഴുന്നേറ്റു.

മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സാമൂഹിക പ്രവര്‍ത്തക ജയാ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. നിലവിൽ പെൺകുട്ടികൾക്ക് 18, ആൺകുട്ടികൾക്ക് 21 എന്നിങ്ങനെയാണ് വിവാഹപ്രായം. പെൺകുട്ടികളുെട അനുയോജ്യമായ വിവാഹപ്രായം എന്താണെന്ന് തീരുമാനിക്കാൻ സർക്കാർ തലത്തിൽ സമിതി രൂപീകരിച്ചിരിക്കവേ അതിനെ എതിർത്തും അനുകൂലിച്ചും ചർച്ചകൾ പുരോഗമിക്കുന്ന കാഴ്ചയാണ് രാജ്യത്തുടനീളം.

വിവാഹപ്രായം എത്ര വരെ കൂടും?

1891 ൽ ഏജ് ഓഫ് കൺസെന്റ് ആക്റ്റിലൂടെയാണ് പെൺകുട്ടികളുെട വിവാഹപ്രായം ഇന്ത്യയിൽ നിയമപരമായ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് 1920കൾ ബ്രിട്ടിഷുകാരും ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താക്കളും ഉൾപ്പെടുന്ന ചൂടൻ ചർച്ചകൾക്ക് വേദിയായി. 1921 തുടക്കമിട്ട തീപ്പൊരിയുടെ ആളിക്കത്തലായിരുന്ന 1929ലെ ശൈശവ വിവാഹ നിരോധന നിയമത്തിലൂടെ കണ്ടത്. 1929ലെ ശൈശവ വിവാഹ നിരോധന നിയമം അഥവാ സർദ ആക്റ്റ്( ദയാനന്ദ സരസ്വതിയുടെ അനുഭാവിയും രാഷ്ട്രീയ നേതാവും ജഡ്ജിയുമായ ഹർബിലാസ് സർദ എന്ന വ്യക്തയാണ് ഈ നിയമത്തിനു പിന്നിൽ) പ്രകാരം പെൺകുട്ടികളുെട ഏറ്റവും കുറഞ്ഞ വിവാഹപ്രായം 12ൽ നിന്ന് 14 ആക്കി ഉയർത്തുകയും ആൺകുട്ടികളുടേത് 18 ആക്കി ഉയർത്തുകയും ചെയ്തു. പിന്നീട് 1978ൽ സർദ ആക്ട് ഭേദഗതി ചെയ്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18ഉം ആൺകുട്ടികളുടേത് 21ഉം ആക്കി. ഇപ്പോൾ വർഷങ്ങൾക്കു ശേഷം വീണ്ടും വിവാഹപ്രായം ചർച്ചകളിൽ ഇടം പിടിക്കുകയാണ്.

വിവാഹപ്രായം ഉയർത്തുമ്പോൾ

പെൺകുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ ഉന്നമനവും മാതൃമരണനിരക്ക് കുറയ്ക്കുന്നതിനും തുല്യതയ്ക്കുമായാണ് വിവാഹപ്രായം ഉയർത്തുന്നത് എന്നതാണ് സർക്കാർ നിലപാട്. എന്നാൽ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം പേർ രംഗത്തുവന്നിട്ടുണ്ട്. ‘‘പെൺകുട്ടികളെ നേരത്തെ കെട്ടിച്ചുവിട്ടില്ലെങ്കിൽ ചീത്തപ്പേര്, സാമൂഹിക സന്തുലിതാവസ്ഥയ്ക്ക് വലിയ കോട്ടം തട്ടു’മെന്നത് അടക്കമുള്ള വാദമുഖങ്ങളാണ് നിരത്തപ്പെടുന്നത്.

18ൽ നിന്ന് 21 ആക്കുന്നതിലൂടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും ജീവിതത്തെ കുറിച്ചും പെണ്ണിന് ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും സമയം നൽകുമെന്നാണ് പുതിയ ചർച്ചകളിൽ ഒരു വാദം. 18 ആയാൽ മകളെ വിവാഹം കഴിപ്പിച്ച് അയക്കാൻ നിൽക്കുന്നവരുള്ള നാട്ടിൽ അവളുടെ വിദ്യാഭ്യാസത്തിനും കരിയറിനും അവളുടെ ചിന്തകളെ വിവാഹം എന്ന ചട്ടക്കൂടിനുള്ളിൽ മാത്രം ഒതുങ്ങാതെ വിശാലമാക്കാനും തീരുമാനങ്ങൾ എടുക്കാനും പ്രായം ഉയർത്തൽ ആശ്വാസമാകുമെന്നും ഇത് അനുകൂലിക്കുന്നവർ പറയുന്നു. പെൺകുട്ടികൾക്ക് ബിരുദം ഉൾപ്പെടെ കൂടുതൽ വിദ്യാഭ്യാസം നേടാനും അവരുടെ ഭാവി ജീവിതത്തിനും സ്വയം പര്യാപ്തതയ്ക്ക് ഒരു തൊഴിൽ എന്നതും സാധ്യമാക്കാൻ വിവാഹപ്രായം ഉയർത്തുന്നത് സഹായിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ട്. ജീവിതം ആസ്വദിച്ചു തുടങ്ങുന്ന ചെറുപ്രായത്തിൽ തന്നെ അമ്മയാകുന്നതും വീടും കുട്ടിയുമായി മാത്രം ഒതുങ്ങുന്ന ജീവിതത്തിനും മാറ്റമുണ്ടാകുമെന്നും ഇത് സാമൂഹിക തലത്തിൽ സ്ത്രീക്കു കൂടുതൽ അവകാശങ്ങൾ നൽകുമെന്നും അനുകൂല വാദമുഖം ഉയർത്തുന്നവർ പറയുന്നു.

എന്നാൽ തുല്യതയ്ക്ക് വിവാഹപ്രായം ഉയർത്തുക എന്നത് മാത്രം ഒരു മാനദണ്ഡമായി കണക്കാക്കാൻ കഴിയുമോ എന്ന എതിർവാദവും സജീവമാണ്. ജീവിക്കാനുള്ള അവകാശത്തിന് എതിരാണെന്ന് നിയമം നിൽക്കുമ്പോഴും നിർബന്ധിത വിവാഹങ്ങൾക്ക് തെല്ലും കുറവില്ലാതെയിരിക്കെയും ചെയ്യുന്ന സാഹചര്യത്തിൽ തുല്യതയും സ്വാതന്ത്രവും സ്ത്രീകൾക്ക് എത്രകണ്ട് ഉറപ്പു നൽകാനാകും എന്നാണ് വിപുലമായ തലത്തിൽ ചില ചർച്ചകളിൽ ഉയരുന്ന ആശയം.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവയ്ക്കുമ്പോൾ വിവാഹത്തിനു ശേഷമുള്ള സ്ത്രീയുടെ സുരക്ഷയ്ക്ക് വേണ്ട നിയമനിർമാണങ്ങൾ (മാരിറ്റല്‍ റേപ്പ് ഇന്നും ഇന്ത്യയിൽ കുറ്റകൃത്യമല്ല) എന്തുകൊണ്ട് ഇത്രയും കാലത്തിനിടയ്ക്ക് നിലവിൽ വരുന്നില്ല എന്ന പ്രസക്തമായ ചോദ്യവും ഉയരുന്നുണ്ട്. 18 വയസ്സ് സാമൂഹികമായി ഒരു വ്യക്തിയുടെ പ്രായപൂർത്തിയുടെ മാനദണ്ഡമായി തുടരുമ്പോൾ 18 പൂർത്തിയാകുന്ന പെൺകുട്ടിക്ക് പങ്കാളിയെ സ്വയം കണ്ടെത്തുന്നതിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും പുതിയ നീക്കം തടസ്സം സൃഷ്ടിക്കുമോ എന്നതും ചോദ്യചിഹ്നമാകുന്നു

യുനിസെഫിന്റെ കണക്കു പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത് ദക്ഷിണേഷ്യയിലാണ്, അതിൽ മൂന്നിലൊന്ന് ഇന്ത്യയിലും. ശൈശവ വിവാഹത്തിനെതിരെ നിയമം നിലനിൽക്കുമ്പോഴും ഔദ്യോഗികമായുള്ള ഈ കണക്ക് തന്നെ സൂചിപ്പിക്കുന്നത് അപകടകരമായ ഒരു പ്രതിസന്ധിയാണ്. അങ്ങനെയുള്ളപ്പോൾ നിലവിൽ വരുന്ന നിയമത്തിനും എത്രത്തോളം പ്രായോഗികതയുണ്ടാകുമെന്നതാണ് ചിന്തിക്കേണ്ട വിഷയവും.

English Summary : History and arguments to consider while raising age of marriage of women to 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com