ADVERTISEMENT

ന്യൂഡല്‍ഹി∙ ലഡാക്കിൽ ഇന്ത്യ–ചൈന സൈനികർ മുഖാമുഖം നിൽക്കുന്ന സംഘർഷസാധ്യതയ്ക്ക് ഉടൻ അയവു വരുമെന്ന് റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ പാംഗോങ് മേഖലയിൽനിന്ന് മൂന്നു ഘട്ടങ്ങളിലായി പിന്നോട്ടു മാറാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബർ ആറിന് ഛുഷൂലിൽ നടന്ന എട്ടാമത് കോർ കമാൻഡർ തല ചർച്ചകളിലാണ് പിന്മാറ്റ പദ്ധതി ചർച്ച ചെയ്തത്. ഏപ്രിൽ – മേയ് മാസത്തിനുമുൻപ് ഇരു സൈന്യവും എവിടെയാണോ നിന്നത് അവിടേക്ക് മാറണമെന്നാണ് തീരുമാനം.

ഇരുപക്ഷവും ടാങ്കുകളും ആയുധങ്ങൾ വഹിക്കുന്ന വാഹനങ്ങളും യഥാർഥ നിയന്ത്രണരേഖയുടെ മുൻനിരയിൽനിന്ന്  പിന്‍വലിക്കണമെന്ന്‌ പദ്ധതിയിലുണ്ടെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇത് ഒരു ദിവസംകൊണ്ട് നടപ്പാക്കണം.

രണ്ടാം ഘട്ടം പാംഗോങ് തടാകത്തിന്റെ വടക്കൻ കരയിലാണ്. ഇരുഭാഗത്തുമുള്ള സേനയിൽ മൂന്നു ദിവസം കൊണ്ട് ദിവസവും 30 ശതമാനത്തെ വച്ച് പിന്നോട്ടുമാറ്റണം. ഇന്ത്യൻ ഭാഗത്തെ സൈനികർ ധൻസിങ് താപ്പ പോസ്റ്റിനു സമീപത്തേക്കും ചൈനീസ് സൈനികർ ഫിംഗർ 8ന്റെ കിഴക്കു ഭാഗത്തേക്കും നീങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

മൂന്നാം ഘട്ടത്തിൽ ഇരുഭാഗത്തുമുള്ള സൈനികർ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്ത് മുൻനിരയിൽനിന്നു പിന്നോട്ടുപോകണം. ഛുഷൂൽ, റെസാങ് ലാ മേഖല ഉൾപ്പെടുന്ന പ്രദേശമാണിത്.

ചർച്ചകളിലൂടെയും ആളില്ലാ വിമാനങ്ങളിലെ നിരീക്ഷണങ്ങളിലൂടെയും ഇരുഭാഗത്തുമുള്ള ‘പിന്നോട്ടുപോകൽ’ നിരീക്ഷിക്കാൻ സംയുക്ത സംവിധാനം രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ‍ഡയറക്ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിന്റെ ബ്രിഗേഡിയർ ഘായ്‌യും ഛുഷൂലിലെ യോഗത്തിൽ പങ്കെടുത്തിരുന്നു.

English Summary: India, China Agree On 3-Step Disengagement Plan In Pangong: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com