ADVERTISEMENT

കൊച്ചി∙ തുടർച്ചയായ എട്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം തുടരുകയാണ്. ഈ ആഴ്ച ആദ്യ മൂന്നു ദിവസങ്ങളിലും നിഫ്റ്റിയും സെൻസെക്സും അതിന്റെ റെക്കോർഡ് ലവലുകൾ കടന്ന് മുന്നേറുകയാണ്. ഇന്ന് സെൻസെക്സും നിഫ്റ്റിയും ഒന്നര ശതതമാനം ഉയർച്ചയിലാണ് വ്യാപാരം ആരംഭിച്ചത്. 43444.06ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് സൂചിക ഒരു വേള 43708.47 വരെ ഉയർച്ച രേഖപ്പെടുത്തി. തുടർന്ന് നേരിട്ട ഇടിവ് വിപണിയിൽ പ്രകടമാണ്. നിഫ്റ്റിയാകട്ടെ ആദ്യമായി 12769.75ലും എത്തിയിരുന്നു. ഈ പോസിറ്റീവ് പ്രവണത ദീപാവലി മുഹൂർത്ത വ്യാപാരം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

എല്ലാ സെക്ടറുകളിലും ഇന്ന് നേട്ടം കാണിക്കുന്നുണ്ട്. പ്രധാനമായും ഓട്ടോ, ബാങ്കിങ്, ഫാർമ, എനർജി സ്റ്റോക്കുകളാണ് മുന്നേറ്റം പ്രകടമാക്കുന്നത്. ഹിൻഡാൽകൊ, എംആൻഡ്എം, കോട്ടക് ബാങ്ക്, ഒഎൻജിസി, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ മുൻനിര ഓഹരികൾ മികച്ചു നിൽക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ഒരു ലാഭമെടുപ്പിനു ശേഷം ഫാർമ സെക്ടറിലും നേട്ടം പ്രകടമാണ്.

എംആൻഡ്എം ഓഹരികളിൽ മൂന്ന് ശതമാനത്തിന്റെ ഉയർച്ചയുണ്ട്, ടാറ്റ മോട്ടോഴ്സും ഉയർച്ചയുടെ പാതയിൽ തന്നെയാണ്. എംആൻഡ്എം രണ്ടാം പാദത്തിൽ മികച്ച മാർജിനാണ് നൽകിയിരിക്കുന്നത്. ഇത് ഓട്ടോ സെക്ടറിന് നേട്ടമായി. ഇന്ന് ഏകദേശം 630 കമ്പനികൾ രണ്ടാം പാദ പ്രവർത്തന ഫലം പുറത്തു വിടന്നുണ്ട്. ഇതിൽ എല്ലാം തന്നെ മധ്യനിര, ചെറുകിട കമ്പനികളാണ്. അരബിന്ദൊഫാർമ, ഇന്ത്യ ബുൾസ് ഹൗസിങ്, കോൾ ഇന്ത്യ എന്നിവയും ഇന്ന് ഫലം പുറത്തു വിടുന്നുണ്ട്. അതുകൊണ്ടു തന്നെ മധ്യനിര, ചെറുകിട സെക്ടറിൽ കൂടുതൽ അസ്ഥിരതയും വിപണി പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ന് ആഗോള വിപണിയിലും സമാന സെന്റിമെന്റ് പ്രകടമാണ്. ഏഷ്യൻ വിപണികളെല്ലാം പോസിറ്റീവ് പ്രവണതയിലാണുള്ളത്. കൊറോണ വാക്സിൻ കണ്ടു പിടിച്ചെന്ന റിപ്പോർട്ടുകൾക്ക് ശേഷം വിപണിയിൽ പോസിറ്റീവ് പ്രവണതയുണ്ട്. ഇന്നലെ യുഎസ് വിപണിയിൽ ഡൗജോൺസ് നേട്ടം തുടർന്നിരുന്നു. ഇവിടെ ടെക് ഓഹരികളിൽ ലാഭമെടുപ്പും പ്രകടമാക്കി. ഇന്ത്യൻ വിപണി സംബന്ധിച്ച് മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷണൽ അവരുടെ എംഎസ്‍സിഐ ഇൻഡെക്സിൽ 12 ഇന്ത്യൻ കമ്പനികളെ കൂടി ഉൾപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ കമ്പനികളിൽ കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം തുടരുകയാണ്.

മുൻനിരയിൽ കോട്ടക് ബാങ്ക്, മധ്യനിരയിൽ യെസ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽ, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, എൽആൻഡ്ടി ഇൻഫോ ടെക്, പിഐ ഇൻഡസ്ട്രീസ്, മുത്തൂറ്റ് ഫൈനാൻസ്, എസിസി തുടങ്ങിയ കമ്പനികളെല്ലാമാണ് പട്ടികയിലുള്ളത്. ഇവ വരും ദിവസങ്ങളിലും നേട്ടം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വാങ്ങൽ ഈ മാസം തുടക്കം മുതൽ കാണുന്നുണ്ട്. ഇത് നിലവിലുള്ള വിപണിയുടെ പോസിറ്റീവ് പ്രവണതയ്ക്ക് പിന്തുണ നൽകുന്നുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ വരും ദിവസങ്ങളിലും വാങ്ങൽ തുടരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. ഇന്നലത്തെ ബീഹാർ തിരഞ്ഞെടുപ്പു ഫലവും വിപണിയുടെ മുന്നേറ്റത്തിന് സഹായിച്ചിട്ടുണ്ട്. 

Content highlight: Share market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com