ADVERTISEMENT

വാഷിങ്ടൻ∙ പ്രതിരോധ സെക്രട്ടറി മാർക് എസ്പറിനെ പുറത്താക്കിയതിനു പിന്നാലെ മുതിർന്ന പ്രതിരോധ പദവിയിലേക്ക് തന്റെ ഉറച്ച അനുയായികളെ കൊണ്ടുവന്ന് യുഎസ് പ്രസി‍ന്റ് ഡോണൾഡ് ട്രംപ്. ഇതിലൊരാൾ ട്രംപ് അനുകൂല വാർത്തകൾ നൽകിയ ഫോക്സ് ന്യൂസിന്റെ മുൻ കമന്റേറ്ററും ഇസ്‌ലാമിനെക്കുറിച്ചുള്ള മോശം പരാമർശത്തെത്തുടർന്ന് സെനറ്റിലെത്താന്‍ കഴിയാതെയുമിരുന്ന ആന്തണി ടാറ്റയാണ്.

ട്രംപിനോട് പൂർണ വിധേയത്വം പ്രകടിപ്പിക്കുന്നില്ലെന്നു സംശയം തോന്നിയാൽത്തന്നെ പെന്റഗണിൽനിന്നു തെറിക്കുന്ന അവസ്ഥയിലാണ് മിക്ക ഉദ്യോഗസ്ഥരും. ഇതിൽ സിവിലിയൻ/സൈനിക വ്യത്യാസമില്ല. ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതിനു മുൻപുള്ള നാളുകൾ ട്രംപ് ഭരണകൂടം എന്തൊക്കെ ചെയ്യുമെന്നതിൽ പെന്റഗണിൽ ആശങ്ക ഉടലെടുക്കുന്നുണ്ട്. ഇതുവരെ സൈന്യത്തെ രാഷ്ട്രീയവൽക്കരിച്ചിരുന്നില്ല. എന്നാൽ ഇനി അതും സംഭവിച്ചേക്കാമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

അതേസമയം, ജനുവരി 20ന് പുതിയ പ്രസിഡന്റ് അധികാരമേറ്റെടുക്കുന്നതിനു മുൻപു വലിയതോതിലുള്ള നയ വ്യത്യാസങ്ങൾ കൊണ്ടുവരാൻ ട്രംപിനു കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും അത്രയെളുപ്പം അധികാരക്കൈമാറ്റം സാധ്യമാകുമെന്നു ആരും പ്രതീക്ഷിക്കുന്നുമില്ല. പരാജയം അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയാറാകാത്തതു തന്നെയാണ് ഈ ആശങ്കയ്ക്ക് കാരണം.

നയ കാര്യങ്ങളിലെ ആക്ടിങ് അണ്ടർസെക്രട്ടറിയായിരുന്ന ജയിംസ് ആൻഡേഴ്സൻ ചൊവ്വാഴ്ച രാജിവച്ചിരുന്നു. പിന്നാലെതന്നെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ആന്തണി ടാറ്റയെ ട്രംപ് നിയമിച്ചു. പിന്നാലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അണ്ടർസെക്രട്ടറിയായിരുന്ന മുൻ നേവി വൈസ് അഡ്മിറൽ ജോസർ കെർനാനെ നീക്കി എസ്ര കോഹെൻ വാട്നിക്കിനെ നിയമിച്ചു.

പ്രതിരോധ മേധാവിയായി ക്രിസ്റ്റഫർ മില്ലറിനെ നിയമിച്ചതിന്റെ രണ്ടാം ദിവസമാണ് മറ്റുള്ള പദവിയിലുള്ളവരെ നീക്കിയത്. എസ്പറിനു പകരമാണ് മില്ലർ വന്നത്. എസ്പറിന്റെ കൂടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ജെൻ സ്റ്റീവാർഡിനെ മാറ്റി മില്ലർ കൊണ്ടുവന്ന കുഷ് പട്ടേലിനെ നിയമിച്ചു. നേരത്തെ ദേശീയ സുരക്ഷാ കൗൺസിലിൽ ജോലി ചെയ്തിരുന്ന പട്ടേലും കോഹെൻ വാട്നിക്കും ട്രംപിന്റെ ഉറച്ച അനുയായികളാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അവസാന നാളുകളിൽ ട്രംപിനൊപ്പം എല്ലാ സ്ഥലങ്ങളിലേക്കും സഞ്ചരിച്ച അനുയായികളിൽ ഒരാളാണ് പട്ടേൽ. നാഷനൽ സെക്യൂരിറ്റി ഡിവിഷനിലെ മുൻ പ്രോസിക്യൂട്ടറും ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിലെ മുൻ അംഗവുമായ പട്ടേൽ 2016ലെ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന ആരോപണം അന്വേഷിക്കുന്ന സംഘത്തിലുമുണ്ടായിരുന്നു.

English Summary: Trump loyalists get top Pentagon jobs after Esper firing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com