ADVERTISEMENT

കൊച്ചി ∙ ബന്ധുവായ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾ വസ്തുതകൾക്കു നിരക്കാത്തതാണെന്ന് ആസ്റ്റർ മെഡ്സിറ്റി അധികൃതർ. സന്ധ്യ 2018ൽ സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂട്ടുകാരിയുടെ സഹോദരന്റെ ജീവൻ രക്ഷിക്കാനായി നടത്തിയ കരൾദാനത്തെ ദുരൂഹതയുടെ നിഴലിൽ നിർത്തുന്നതു ദൗർഭാഗ്യകരമാണ്.

ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങൾ ദാനം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചും സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്‌റ്റേറ്റ് ഓതറൈസേഷൻ കമ്മിറ്റിയുടെ നിയമപരമായ അനുമതിയും ലഭിച്ചതിനു ശേഷമാണ് സന്ധ്യ കരൾ ദാനം നടത്തിയത്. കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന സന്ധ്യയുടെ വാക്കുകൾ ഒപ്പമുണ്ടായിരുന്ന നഴ്‌സായ അവരുടെ മകൾ പിന്താങ്ങുകയും ചെയ്തതാണെന്ന് അധികൃതർ പറഞ്ഞു.

2006ൽ വൃക്കകൾക്കു ചെറിയ പ്രശ്‌നമുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തുമ്പോൾ ചികിൽസയിലായിരുന്നില്ല. നേരിയ തോതിൽ ഹൈപ്പോതൈറോയ്ഡിസം ഉണ്ടായിരുന്നു. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു. അവർക്കു ഹൃദ്രോഗം ഇല്ലെന്നാണു പരിശോധനയിൽ കണ്ടെത്തിയത്.

അവയവദാനവുമായി ബന്ധപ്പെട്ടു നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. സ്ഥലം എംഎൽഎ, ഡിവൈഎസ്പി, വില്ലേജ് അംഗം എന്നിവരുടെ കത്തുകൾ, കരൾദാനം സ്വന്തം ഇഷ്ട പ്രകാരമാണെന്നും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടെന്നും അവയവദാനത്തിനു പകരമായി പണം സ്വീകരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് അറിയാമെന്നും വ്യക്തമാക്കുന്ന ദാതാവിന്റെയും മകളുടെയും ബന്ധുവിന്റെയും സത്യവാങ്മൂലം തുടങ്ങി എല്ലാ രേഖകളും ശസ്ത്രക്രിയയ്ക്കു മുൻപു ശേഖരിച്ചിരുന്നു. നവംബർ 6ന് ആശുപത്രി വിട്ടതിനു ശേഷം 2 തവണ തുടർ പരിശോധനകൾക്കായി എത്തിയ സന്ധ്യ പൂർണമായി സുഖം പ്രാപിച്ചിരുന്നു.

കരൾദാനത്തിന് സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനൽകുമാർ ശശിധരന്റെ ആരോപണത്തെക്കുറിച്ചു തങ്ങൾക്ക് അറിയില്ല. അത്തരം ഒരു കാര്യത്തിലും ഭാഗഭാക്കായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. സന്ധ്യയുടെ കരൾദാനവുമായി ബന്ധപ്പെട്ടു കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അതു ദൂരീകരിക്കാൻ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ആസ്റ്റർ മെഡ്‌സിറ്റി സിഒഒ അമ്പിളി വിജയരാഘവൻ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ.ജോൺ, കൺസൾട്ടന്റ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ. മാത്യു ജേക്കബ് എന്നിവർ പറഞ്ഞു.

English Summary: Aster Medcity refutes director Sanalkumar Sasidharan's Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com