ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിനെ ഭീകരതയും കലാപവും നിലനിന്നിരുന്ന കാലത്തേക്കു തിരികെ കൊണ്ടുപോകാനാണ് കോൺഗ്രസും ഗുപ്കർ സംഘവും ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ വിദേശ ശക്തികളെ ഇടപെടുത്താനാണ് അവരുടെ ശ്രമമെന്ന് ആരോപിച്ച ഷാ, അവർ രാജ്യത്തെ അപമാനിച്ചെന്നും ഗുപ്കർ സംഘത്തിന്റെ ഇത്തരം നിലപാടുകളെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് ഷാ ആരോപണങ്ങളുയർത്തിയത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ വിദേശ ശക്തികളെ ഇടപെടുത്താനും ദലിതരുടെയും വനിതകളുടെയും ആദിവാസികളുടെയും അവകാശങ്ങൾ ഇല്ലാതാക്കാനുമാണ് ഗുപ്കർ സംഘത്തിന്റെ ശ്രമമെന്ന് ആരോപിച്ച അമിത് ഷാ, അതുകൊണ്ടാണ് എല്ലായിടത്തും ജനങ്ങൾ അവരെ തിരസ്കരിക്കുന്നതെന്നും ട്വിറ്ററിൽ കുറിച്ചു.

ഫറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, സജ്ജാദ് ലോൺ തുടങ്ങിയവരുൾപ്പെടെ ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ ചേർന്ന് ആറു പാർട്ടികളെ ഉൾപ്പെടുത്തി ‘ഗുപ്കർ പ്രഖ്യാപന’ത്തിനുള്ള കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇതിനെയാണ് അമിത് ഷാ ഗുപ്കർ സംഘമെന്ന് വിശേഷിപ്പിച്ചത്. ആർട്ടിക്കിൾ 370 ഉം ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും പുനഃസ്ഥാപിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

ജമ്മു കശ്മീര്‍ ഇപ്പോഴും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമായി തന്നെ നിലനില്‍ക്കുമെന്ന് ഷാ ട്വിറ്ററിൽ കുറിച്ചു. രാജ്യതാൽപര്യത്തിനു വിരുദ്ധമായ അവിശുദ്ധ ‘ആഗോള സഖ്യ’ ത്തോട് ഇന്ത്യൻ പൗരന്മാർ ഒരിക്കലും സഹിഷ്ണുത കാട്ടില്ല. ദേശീയ താല്‍പര്യത്തിന് അനുകൂലമായ നിലപാടെടുത്തില്ലെങ്കിൽ ‘ഗുപ്കർ സംഘ’ത്തെ ജനം തിരസ്കരിക്കുമെന്നും ഷായുടെ ട്വീറ്റിൽ പറയുന്നു.

ഗുപ്കർ റോഡിലെ നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ലയുടെ വസതിയിൽ 2019 ഓഗസ്റ്റ് നാലിനു ചേർന്ന യോഗത്തിലാണ് ഗുപ്കർ സഖ്യത്തിന്റെ പ്രഖ്യാപനമുണ്ടായത്. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി സംരക്ഷിക്കുക ലക്ഷ്യമിട്ടായിരുന്നു ഇത്.

English Summary: "Gupkar Gang Going Global": Amit Shah Attacks J&K Alliance, Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com