ADVERTISEMENT

തിരുവനന്തപുരം∙ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. ജോസഫ്–ജോസ് വിഭാഗങ്ങൾ ചിഹ്നത്തിന് അവകാശവാദവുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസിന് ടേബിൾ ഫാനുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ചിഹ്നം. രണ്ടു പാർട്ടികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ചിഹ്നം അനുവദിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഒരു ചിഹ്നത്തിന് രണ്ടുകൂട്ടരും വാശി പിടിച്ചതോടെയാണ് രണ്ടില രണ്ടുപേർക്കും വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. ചിഹ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസ് തീർപ്പാകാൻ വൈകും എന്നതും തീരുമാനത്തിന് കാരണമായി. രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു നൽകാനായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻ ഉത്തരവ്. ഇതിനെതിരെ പി.ജെ.ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിച്ചത് താൻ നേതൃത്വം നൽകുന്ന വിഭാഗത്തിന് ആണെന്നു ജോസഫ് അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ രണ്ടില ചിഹ്നത്തിൽ മത്സരിക്കാം എന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. ജോസ് വിഭാഗം ആകട്ടെ കോടതിയിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും ഒരുപോലെ പ്രതീക്ഷയർപ്പിച്ചിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ കൈതച്ചക്ക ആയിരുന്നു ജോസ് പക്ഷത്തിന് ചിഹ്നം. മാണിയുടെ തട്ടകത്തിൽ രണ്ടില നഷ്ടപ്പെട്ട് മത്സരിച്ച പാർട്ടിയെ പാലായും കൈവിട്ടിരുന്നു.

Content highlights: Election Commission on Kerala Congress (M) symbol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com