ADVERTISEMENT

ന്യൂഡൽഹി∙ ഫുക്കുഷിമയിലെ തകർന്ന ആണവകേന്ദ്രത്തിൽനിന്ന് റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ ജലം കടലിലേക്ക് ഒഴുക്കാനുള്ള ജപ്പാന്റെ തീരുമാനം ഇന്ത്യയുൾപ്പെടെ തെക്കനേഷ്യൻ തീരങ്ങളിൽ വൻ ആശങ്കയുയർത്തുന്നു. ഏഷ്യൻ തീരങ്ങളിലെ കടൽജീവികളെയും മനുഷ്യരേയും ബാധിച്ചേക്കാവുന്ന വിഷയമാണിത്. 2022 ഓടെ റേഡിയോ ആക്ടീവ് ജലം കടലിലേക്ക് ഒഴുക്കാനാണ് ജപ്പാന്റെ തീരുമാനം.

പൊതുവിൽ പൂർണതോതിൽ നശിക്കാൻ 12 മുതൽ 30 വർഷം വരെയെടുക്കുന്ന സീഷ്യം, ട്രിഷ്യം, കൊബാൾട്ട്, കാർബൺ–12 തുടങ്ങിയ റേഡിയോആക്ടീവ് ഐസോട്ടോപ്പുകളുടെ വലിയൊരു ശേഖരമാണ് ഈ ആണവജലത്തിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ഈ ഐസോടോപ്പുകളുമായി ബന്ധപ്പെടുന്ന ഏതിനെയും ഇവ ബാധിക്കാനിടയുണ്ടെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. മേഖലയിലെ മീൻപിടിത്ത വ്യവസായത്തെയും അതിനോട് അനുബന്ധിച്ച സമ്പദ്‌വ്യവസ്ഥയെയും ഇത് ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അർബുദം അടക്കമുള്ള പലവിധ രോഗങ്ങളും ഇതിലൂടെ വർധിക്കുമെന്നും വിദഗ്ധർ‌ മുന്നറിയിപ്പു നൽകുന്നു.

പരിസ്ഥിതിയും ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെടേണ്ടത് മനുഷ്യകുലം നിലനിന്നു പോകുന്നതിന് അത്യാവശ്യമാണെന്ന് ഡിആർഡിഒ ഹെൽത്ത് സയൻസ് വിഭാഗം ഡയറക്ടർ ജനറൽ എ.കെ. സിങ് പറയുന്നു. ഇത്രയും ഉയർന്ന അളവിൽ റേഡിയോആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത് ആദ്യത്തെ സംഭവമായിരിക്കുമെന്നും മറ്റുള്ളവർക്കും ഇതു തെറ്റായ മാതൃക കാണിച്ചുകൊടുക്കുമെന്നും ഇന്ത്യയിലെ മുതിർന്ന ആണവാരോഗ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാൾ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

2011 മാർച്ച് 11നാണ് റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാന്റെ വടക്കു–കിഴക്കൻ തീരമേഖലയിൽ ഉണ്ടായത്. ഇതേത്തുടർന്നുണ്ടായ സൂനാമിയിൽ 5306 മെഗാവാട്ട് ശേഷിയുള്ള ഫുക്കുഷിമ ആണവ കേന്ദ്രത്തിലേക്ക് 15 മീറ്റർ ഉയരത്തിൽ സമുദ്രജലം കയറി. 1986 ലെ ചെർണോബിൽ ദുരന്തത്തിനുശേഷം ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട ലോകത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ആണവദുരന്തമായാണ് ഫുക്കുഷിമ ദുരന്തം വിലയിരുത്തപ്പെടുന്നതും.

ഈ ദുരന്തത്തിനുപിന്നാലെ 1.2 ദശലക്ഷം ടണ്ണോളം വരുന്ന റേഡിയോആക്ടീവ് മാലിന്യം കലർന്ന വെള്ളം ആയിരത്തിലേറെ ടാങ്കുകളിലായി ഫുക്കുഷിമ പ്ലാന്റിനു സമീപം വേർതിരിച്ച മേഖലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ പ്ലാന്റ് ഡീക്കമ്മിഷൻ ചെയ്യുന്നതിനാൽ ഇതിനിയും പരിപാലിക്കാനാകാത്തതിനാലാണ് റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ വെള്ളം കടലിലേക്ക് 2022 ൽ ഒഴുക്കിവിടാനാണ് തീരുമാനിച്ചത്. വർഷങ്ങൾനീണ്ട കൂടിയാലോചനകൾക്കുശേഷം ഒക്ടോബർ 16നാണ് ജപ്പാൻ ഈ തീരുമാനം എടുത്തത്.

ഫുക്കുഷിമ ആണവകേന്ദ്രത്തിനു സമീപം  റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ വെള്ളം ശേഖരിച്ചുസൂക്ഷിച്ചിരിക്കുന്ന ടാങ്കുകൾ. (Photo by Kazuhiro NOGI / AFP)
ഫുക്കുഷിമ ആണവകേന്ദ്രത്തിനു സമീപം റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ വെള്ളം ശേഖരിച്ചുസൂക്ഷിച്ചിരിക്കുന്ന ടാങ്കുകൾ. (Photo by Kazuhiro NOGI / AFP)

സാന്ദ്രത കുറച്ച് പുറത്തുവിടുമെന്ന് ജപ്പാൻ

പുറത്തേക്കു വിടുന്നതിനുമുൻപ് വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുമെന്നാണ് ജപ്പാൻ പറയുന്നത്. അങ്ങനെ വരുന്ന വെള്ളത്തിൽ ട്രിഷ്യം മാത്രമേ ഉണ്ടാവുകയുള്ളെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ റേഡിയോആക്ടീവ് മാലിന്യം കടലിലേക്ക് ഒഴുക്കിവിടുന്നതിലെ വെല്ലുവിളി കുറച്ചുകാണരുതെന്നാണ് വിദഗ്ധപക്ഷം.

ട്രിഷ്യം മനുഷ്യശരീരത്തിലെത്തിയാൽപ്പോലും എല്ലാ അവയവങ്ങളിലേക്കും പ്രവേശിക്കും. ദീർഘനാൾ അവിടെ അതുണ്ടാകും. ജപ്പാൻ ഈ നടപടിയുമായി മുന്നോട്ടു പോയാൽ തീരമേഖലയിൽ മത്സ്യം, മറ്റു ജലജന്തുക്കൾ, തുടങ്ങിയവയിലെ റേ‍ഡിയോആക്ടീവ് നിരീക്ഷണം ശക്തമാക്കണമെന്നും സിങ് അഭിപ്രായപ്പെടുന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെയും കുടിവെള്ളവും പരിശോധനയ്ക്കു വിധേയമാക്കണം. ഈ റേഡിയോആക്ടീവ് തന്മാത്രകൾ പാറകളിൽ പോലും പറ്റിപ്പിടിച്ചിരിക്കാൻ ഇടയുളളവയാണെന്ന് സിങ് വിശദീകരിച്ചു.

റേഡിയോആക്ടീവ് ഐസോടോപ്പുകളെല്ലാം അർബുദരോഗ കാരണമാകുന്ന കാർസിനോജെനിക്കുകളാണ്. ദീർഘകാലം ഇവയുമായി ബന്ധമുണ്ടായാൽ അവ അർബുദ സാധ്യത വർധിപ്പിക്കുമെന്ന് എയിംസിലെ ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ അസിസ്റ്റന്റ് പ്രഫസർ യുദ്യാവിർ സിങ് പറഞ്ഞു. ചെർണോബിൽ ഉണ്ടായി 20 വർഷങ്ങൾക്കുശേഷവും ഇപ്പോഴും അവിടെ തൈറോയിഡ് അനുബന്ധ അർബുദം വർധിച്ച തോതിൽ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റേഡിയോ ആക്ടീവ് ജലം കടലിലേക്ക് തുറന്നുവിടുകയാണെങ്കിൽ, തീരദേശത്തുനിന്നു ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടാകാം. കടൽഭക്ഷണം പൂർണമായും ഒഴിവാക്കേണ്ട സ്ഥിതിയും ഇതുണ്ടാക്കാമെന്ന് ഗവേഷകനായ യുദ്യാവിർ പറയുന്നു. മുൻപ് ഫ്രാൻസ് കടലിലേക്കു വിട്ട റേഡിയോആക്ടീവ് മാലിന്യം നോർത്ത് അറ്റ്ലാന്റിക്കിലേക്കും ആർട്ടിക് സമുദ്രത്തിലേക്കും എത്തിയെന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സീൽ, ആമ തുടങ്ങിയ ജീവികളുടെ ശരീരങ്ങളിൽ റേഡിയോആക്ടീവ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ജപ്പാൻ നടപടി സ്വീകരിച്ചാൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങള്‍ ഉയർന്ന റിസ്കിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുക്കുഷിമ ആണവകേന്ദ്രത്തിനു സമീപം  റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ മണ്ണ് ശേഖരിച്ചുവച്ചിരിക്കുന്നു. (Photo by CHARLY TRIBALLEAU / AFP)
ഫുക്കുഷിമ ആണവകേന്ദ്രത്തിനു സമീപം റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ മണ്ണ് ശേഖരിച്ചുവച്ചിരിക്കുന്നു. (Photo by CHARLY TRIBALLEAU / AFP)

മനുഷ്യരുടെ ജനിതകഘടനയെ ബാധിക്കാം

ഫുക്കുഷിമയിൽ തന്നെ കൂടുതൽ സ്റ്റോറേജ് ടാങ്കുകൾ നിർമിച്ച് വെള്ളം ശേഖരിച്ചുവയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകരും സംഘടനകളും ഫുക്കുഷിമ പ്ലാന്റിന്റെ നടത്തിപ്പുകാരായ ടോക്കിയോ ഇലക്ട്രിക് പവർ കമ്പനിയോട് (ടെപ്കോ) ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യർ ഈ ജലം കുടിച്ചാൽ ജനിതകഘടന തന്നെ മാറിയേക്കുമെന്നു പരിസ്ഥിതി സംഘടനയായ സേഫ്കാസ്റ്റ്, ഗ്രീൻപീസ് തുടങ്ങിയ രാജ്യാന്തര സംഘടനകളും സൂചിപ്പിക്കുന്നു.

കുറഞ്ഞ ഊർജമുള്ള ബീറ്റാ എമിറ്ററാണ് ട്രിഷ്യം. ഡിഎൻഎയിൽ ഇത് നാശനഷ്ടം ഉണ്ടാക്കും അതുവഴി ജനിതക വ്യതിയാനം സംഭവിക്കുന്നതിനൊപ്പം പ്രത്യുൽപ്പാദനത്തെ പോലും ബാധിക്കുമെന്നും യുദ്യാവിർ സിങ് പറഞ്ഞു.

English Summary: Japan's decision to release Fukushima radioactive water into sea will cause disease along Asian coastal belt: experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com