ADVERTISEMENT

തിരുവനന്തപുരം∙ മസാല ബോണ്ട് വഴി കിഫ്ബി ധനസമാഹരണം നടത്തിയത് ഭരണഘടനാ വിരുദ്ധമെന്ന കാര്യം കരട് റിപ്പോർട്ടിൽ സിഎജി സർക്കാരിനെ അറിയിച്ചിരുന്നെന്ന് സൂചന. ധനവകുപ്പ് ഇതിനു മറുപടി നൽകുകയും ചെയ്തു. ഇക്കാര്യം സർക്കാരിനെ അറിയിക്കാതെ സിഎജി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തി എന്നായിരുന്നു ധനമന്ത്രിയുടെ വാദം.

ധനമന്ത്രിയുടെ വാദം ശരിയല്ലെന്ന വിവരമാണ്  ലഭിക്കുന്നത്. മസാല ബോണ്ട് വഴി 2150 കോടി കിഫ്ബി സമാഹരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം അന്തിമ റിപ്പോർട്ട് തയാറാക്കും മുൻപു തന്നെ സിഎജി ധനവകുപ്പിനെ അറിയിച്ചിരുന്നു. റിപ്പോർട്ടിന് അന്തിമ രൂപം നൽകും മുമ്പ് സിഎജി ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി പലതവണ ചർച്ച നടത്തിയിരുന്നു. അതിനു ശേഷം റിപ്പോർട്ട് അംഗീകാരത്തിനായി ഡൽഹിയിലെ സിഎജി ആസ്ഥാനത്തേക്ക് അയച്ചു. മസാല ബോണ്ട് വഴി 2150 കോടി രൂപ സമാഹരിച്ചതോടെ കേരളം അനുവദിക്കപ്പെട്ട വായ്പാ പരിധി  ലംഘിച്ചെന്ന് ഡൽഹിയിലെ  ഉദ്യോഗസ്ഥർ നിലപാട് എടുത്തു. വിദേശത്തു നിന്നുള്ള കടമെടുപ്പും തെറ്റാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടണമെന്നു ഡൽഹി ഒാഫിസിൽ നിന്ന് കേരളത്തിലെ ഓഡിറ്റ് സംഘത്തെ അറിയിച്ചു.

ഇതേത്തുടർ‌ന്ന് തിരുവനന്തപുരത്തെ സിഎജി ഒാഫിസിൽ റിപ്പോർട്ട് തിരുത്തി. ഇതിന്റെ പകർപ്പ് ധനവകുപ്പിന് അയച്ചു കൊടുത്തു. സർക്കാരിന്റെ കടമെടുപ്പു പരിധി കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ലെന്ന് ധനവകുപ്പ് മറുപടിയും നൽകി. എന്നാൽ,  കിഫ്ബിക്കെതിരായ ഗുരുതര പരാമർശങ്ങളോടെ തന്നെ അന്തിമ റിപ്പോർട്ട് ധനസെക്രട്ടറിക്ക് സിഎജി അയച്ചുകൊടുക്കുകയായിരുന്നു. ഇക്കാര്യങ്ങളാണ് ധനമന്ത്രി ഇപ്പോൾ നിഷേധിക്കുന്നത്.

Content Highlights :DR TM Thomas Isaac, KIIFB, CAG Report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com