ADVERTISEMENT

മുംബൈ∙ ബിഹാറിൽ തിരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ പാർട്ടിക്കു മുഖ്യമന്ത്രിപദം വിട്ടുനൽകാൻ ബിജെപി കാണിച്ച ‘ത്യാഗത്തെ’ പരാമർശിച്ച് ശിവസേന. എന്നാൽ കഴിഞ്ഞവർഷം നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇതേനിലപാട് ശിവസേനയോടു കാട്ടിയില്ലെന്നും മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിൽ ശിവസേന പറയുന്നു.

‘ഈ ആനുകൂല്യത്തിന്റെ ഭാരം’ എത്രനാൾ മുഖ്യമന്ത്രി നിതീഷ് കുമാർ ചുമക്കുമെന്നും അദ്ദേഹം പുതിയ വഴി തിരഞ്ഞെടുക്കുമോയെന്നും മുഖപ്രസംഗം ചോദിക്കുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 74ഉം സഖ്യകക്ഷിയായ ജെഡിയുവിന് 43ഉം സീറ്റുകളാണ് ലഭിച്ചത്. 75 സീറ്റു നേടിയ ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റും അന്നത്തെ സഖ്യകക്ഷിയായിരുന്ന ശിവസേന 56 സീറ്റുകളുമാണ് നേടിയത്. എന്നാൽ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ഇരുപാർട്ടികളും വഴിപിരിയുകയായിരുന്നു. ഇതേത്തുടർന്ന് എൻസിപിയും കോൺഗ്രസുമായി ചേർന്ന് ശിവസേന മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കി.

Shiv Sena | Logo

‘ബിജെപിക്ക് കൂടുതൽ സീറ്റുകൾ കിട്ടിയിട്ടും മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നൽകിയില്ല. എന്നാൽ ബിഹാറിൽ മൂന്നാമതെത്തിയ പാർട്ടിക്ക് മുഖ്യമന്ത്രിപദവി നൽകുകയും ചെയ്തു. എന്തൊരു മഹാമനസ്കത! രാഷ്ട്രീയത്തിലെ ഈ ത്യാഗം വിവരിക്കാൻ മഷി തികയാതെ വരും.

മഹാരാഷ്ട്ര സർക്കാരിനെ നയിക്കുന്നത് എൻസിപിയുടെ ശരദ് പവാറാണെന്ന കാഴ്ചപ്പാടാണ് ഗവർണർ ഭഗത് സിങ് കോഷിയാരിക്കും ബിജെപി നേതാവായ ചന്ദ്രകാന്ത് പാട്ടീലിനെപ്പോലുള്ളവർക്കും. എന്നാൽ ബിഹാറിലെ നിതീഷ് കുമാർ സർക്കാരിനെ ആരാണ് യഥാർഥത്തിൽ നയിക്കുകയെന്ന് ഈ നേതാക്കൻമാരെല്ലാം നോക്കിയിരിക്കണം’ – സാമ്നയിൽ പറയുന്നു.

English Summary: Sena taunts BJP over 'sacrifice' of giving CM's post to JD(U)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com