ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ കൃത്രിമം കാട്ടിയാണ് വിജയിച്ചതെന്ന പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ആരോപണം തള്ളിയ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി. തിരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിരാകരിച്ച സർക്കാരിന്റെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥൻ ക്രിസ് ക്രെബ്സിനെ പുറത്താക്കിയതായി ട്വിറ്ററിലൂടെ ട്രംപ് പ്രഖ്യാപിച്ചു.

‘യുഎസ് തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും സുരക്ഷിതവുമാണെന്ന ക്രിസ് ക്രെബ്സിന്റെ പ്രസ്താവന ശരിയല്ല. യുഎസ് തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടും അപാകതകളും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനായ ക്രിസ് ക്രെബ്‌സിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നു’– ട്രംപ് ട്വീറ്റ് ചെയ്തു. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഈ ട്വീറ്റ് വാസ്തവ വിരുദ്ധമാണെന്നു ട്വിറ്റർ തന്നെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാണെന്നായിരുന്നു ട്രംപിന്റെ അവകാശവാദത്തിനു താഴെ ട്വിറ്ററിന്റെ വിശദീകരണം. കൃത്രിമം കാട്ടിയാണ് അയാൾ (ബൈഡൻ) ജയിച്ചതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ആകെ 538 അംഗങ്ങളുള്ളതിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കിയതിനു പിന്നാലെ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതായി യുഎസിലെ മുഖ്യധാരാ മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തോൽവി അംഗീകരിക്കാൻ തയാറാവാത്ത ട്രംപ് ഇപ്പോഴും താൻ ജയിച്ചെന്ന അവകാശവാദം ആവർത്തിക്കുകയാണ്.

ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് ബൈഡന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് ക്യാംപ് നിയമയുദ്ധവും ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രസിഡന്റിനു ഭരണം കൈമാറുന്നതിന്റെ ചുമതലയുള്ള ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷൻ (ജിഎസ്എ) ഇതുവരെ ജോ ബൈഡനെയും കമലാ ഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല. 

അതേസമയം ബൈഡന്‍ വിജയിച്ച മിഷിഗന്‍, ജോര്‍ജിയ, പെന്‍സില്‍വേനിയ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച് ഹര്‍ജികള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓരോ വോട്ടും വീണ്ടും എണ്ണണമെങ്കില്‍ എട്ട് ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് വിന്‍കോന്‍സിന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ട്രംപ് ടീമിനോട് ആവശ്യപ്പെട്ടിരുന്നു. 

English Summary: Trump Fires US Election Security Official Who Rejected Fraud Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com