ADVERTISEMENT

ന്യൂഡൽഹി∙ ബിഹാറിലെയും ഉപതിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെയും കനത്ത തോൽവിക്കു പിന്നാലെ കോൺഗ്രസിലെ വിഴുപ്പലക്കൽ രൂക്ഷമാകുന്നു. കോൺഗ്രസിൽ സജീവ നേതൃത്വം വേണമെന്നു ചൂണ്ടിക്കാട്ടി കത്തയച്ച കപിൽ സിബൽ അടക്കമുള്ള 23 നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിച്ചില്ലെന്നാണ് ആരോപണം. 

തിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിനും മറ്റും പോകാതെ ശീതികരിച്ച മുറിയിലിരുന്ന പ്രബോധനം നടത്തുന്നതു കൊണ്ടു ഫലമില്ലെന്നു കപിൽ സിബലിനെ ലക്ഷ്യമിട്ട് ലോക്സഭാ കക്ഷിനേതാവും ബംഗാൾ ഘടകം അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരി ഉയർത്തിയ വിമർശനത്തിനു മറുപടിയായാണ് കപിൽ സിബലുമായി അടുത്ത വൃത്തങ്ങൾ ഗുരുതര ആരോപണം ഉയർത്തിയത്. 

വിമർശനം ഉയർത്തിയ നേതാക്കളെ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അധിർ  ചൗധരിക്കു അറിയില്ലെന്നത് ദൗർഭാഗ്യകരമാണ്. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെടാതെ പ്രചാരണത്തിൽ പങ്കെടുക്കാൻ ആർക്കും സാധിക്കില്ലെന്ന് കപിൽ സിബലിനെ പിന്തുണച്ച് പ്രമുഖ കോൺഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

പാർട്ടിയിലെ നേതൃപ്രതിസന്ധി പ്രശ്നം ഉന്നയിച്ച കപിൽ സിബലിനെ അധിർ രഞ്ജൻ ചൗധരി കടന്നാക്രമിച്ചതോടെയാണു വിഭാഗീയത മറനീക്കിയത്. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുള്ളവർക്കു യഥേഷ്ടം പുറത്തേക്കു പോകാമെന്നും താൽപര്യമനുസരിച്ചു മറ്റ് പാർട്ടിയിൽ ചേരുകയോ സ്വന്തം പാർട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നുമായിരുന്നു വിമർശനം. 

ഗാന്ധി കുടുംബത്തിനു പുറത്തുനിന്നാരെങ്കിലും പാർട്ടി ചുമതലയിൽ വരട്ടെയെന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പറഞ്ഞിരുന്നു. പരസ്യപ്രതികരണത്തിനു പകരം പാർട്ടി വേദികളിലായിരുന്നു കപിൽ സിബൽ വിഷയം ഉന്നയിക്കേണ്ടിയിരുന്നതെന്നും അധിർ തുറന്നടിച്ചിരുന്നു.

എന്നാൽ, നേതൃത്വത്തിനെതിരെയുള്ള കത്തെഴുത്തു വിവാദത്തിൽ ഉൾപ്പെടാതിരുന്ന പി. ചിദംബരം ഇക്കുറി പ്രതികരണം കടുപ്പിച്ചു. ബിഹാറിലെ തിരഞ്ഞെടുപ്പു തന്ത്രം പാളിയതായി അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. സംഘടനാശക്തിയില്ലെന്ന വസ്തുത മറന്ന് ആവശ്യത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ചു. സംഘടനാ ശക്തിയില്ലെന്നോ കാര്യമായി കുറഞ്ഞെന്നോ ആണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്.– ചിദംബരം പറഞ്ഞു.

നേരത്തെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും തിരഞ്ഞെടുപ്പു തോൽവിയിൽ പാർട്ടിയെ വിമർശിച്ചിരുന്നു. എന്നാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് എന്നിവർ നേതൃത്വത്തെ പിന്തുണച്ചു രംഗത്തെത്തി.

English Summary: Congress Didn't Want Us To Campaign In Bihar: Sources Close To Dissenters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com