ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയയിൽ രണ്ടാമതും വോട്ടെണ്ണൽ പൂർത്തിയായി. റീ കൗണ്ടിങ്ങിലും ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെ പരാജയപ്പെടുത്തി. വോട്ടെണ്ണൽ പൂർത്തിയായതായി ജോർജിയ സെക്രട്ടറി ഓഫ് സ്‌റ്റേറ്റിന്റെ വെബ്‌സൈറ്റിലൂടെ അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും ജോർ‍ജിയയിൽ വീണ്ടും വോട്ടെണ്ണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് ഒരു ഡമോക്രാറ്റ് സ്ഥാനാർഥി ജോർജിയയിൽ വിജയിക്കുന്നത്‌. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ട്രംപ് മുന്നിലെത്തിയെങ്കിലും അറ്റ്‌ലാന്റയിലെയും സമീപപ്രദേശങ്ങളിലെയും വോട്ടുകൾ ബൈഡനെ മുന്നിലെത്തിച്ചു. യുഎസ് തിരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചുവെങ്കിലും ട്രംപ് ഫലം അംഗീകരിക്കാത്തത് പ്രതിസന്ധിയായി തുടരുകയാണ്. 

ജോ ബൈഡൻ കൃത്രിമം കാട്ടിയാണ് വിജയിച്ചതെന്ന പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ആരോപണം തള്ളിയ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ട്രംപ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിരാകരിച്ച സർക്കാരിന്റെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥൻ ക്രിസ് ക്രെബ്സിനെ പുറത്താക്കിയതായി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

ആകെ 538 അംഗങ്ങളുള്ളതിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കിയതിനു പിന്നാലെ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതായി യുഎസിലെ മുഖ്യധാരാ മാധ്യമങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തോൽവി അംഗീകരിക്കാൻ തയാറാവാത്ത ട്രംപ് ഇപ്പോഴും താൻ ജയിച്ചെന്ന അവകാശവാദം ആവർത്തിക്കുകയാണ്.

ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് ബൈഡന്‍ പ്രതികരിച്ചു. പുതിയ പ്രസിഡന്റിനു ഭരണം കൈമാറുന്നതിന്റെ ചുമതലയുള്ള ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷൻ (ജിഎസ്എ) ഇതുവരെ ജോ ബൈഡനെയും കമലാ ഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല. 

English Summary: Georgia Recount Complete, Affirms Joe Biden Win: Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com