ADVERTISEMENT

കൊച്ചി∙ രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നൽകിക്കൊണ്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനം ഹൈക്കോടതി ശരിവച്ചു. തീരുമാനത്തിനെതിരെ പാർട്ടി ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വർക്കിങ് ചെയർമാൻ താനാണെന്നു കാണിച്ച് പി.ജെ. ജോസഫ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വസ്തുതകളും തെളിവുകളും പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെടുത്ത തീരുമാനം പുനരവലോകനം ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി .

2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തിരഞ്ഞെടുത്തതായി ജോസ് കെ.മാണി അവകാശപ്പെടുന്നതു ശരിയല്ലെന്നുള്ള പി.ജെ. ജോസഫിന്റെ വാദം തള്ളിയായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷൻ രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് നൽകിയത്. ഈ നടപടിയെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി തയാറായില്ലെന്നു മാത്രമല്ല, തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഹൈക്കോടതി എടുത്തു പറയുകയും ചെയ്തു.

കേരളാ കോൺഗ്രസിന്റെ പിളര്‍ന്ന രണ്ടു വിഭാഗത്തിനും അനുകൂലിക്കുന്നവരുടെ യഥാര്‍ഥ പട്ടിക സമര്‍പ്പിക്കാനായിരുന്നില്ല. സംസ്ഥാന സമിതിയിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എണ്ണത്തിലും ഭൂരിപക്ഷമുണ്ടെന്ന് ഇരുവിഭാഗവും അവകാശപ്പെട്ടു. 450 പേരാണ് സംസ്ഥാന സമിതിയിലുള്ളത്. ഇരുവിഭാഗവും നല്‍കിയ പട്ടികയില്‍ പൊതുവായി ഉള്‍പ്പെട്ട 305 അംഗങ്ങളുടെ സത്യവാങ്മൂലങ്ങള്‍ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് കെ. മാണി വിഭാഗത്തെ ഒൗദ്യോഗികവിഭാഗമായി കണ്ടെത്തിയത്.

എതിര്‍പക്ഷത്തുള്ളവരെ പിളര്‍ന്ന് മാറിയവരായും കണക്കാക്കുകയായിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാന പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചത് . ഈ തീരുമാനം നിയമപരമായി പുനരവലോകനം ചെയ്യാനാകില്ലെന്നാണ് കോടതി സ്വീകരിച്ച നിലപാട്.

ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. അതേസമയം അപ്പീൽ കോടതിയെ സമീപിക്കുമെന്ന് പി. ജെ. ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് ജോസ് വിഭാഗത്തിന് ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയുമായി ചിഹ്നം അനുവദിച്ചിരുന്നത്.

English Summary: Kerala Congress logo allotted for Jose faction by High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com