ADVERTISEMENT

ചണ്ഡിഗഡ്∙ സഹോദരങ്ങളുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെന്ന് പ‍ഞ്ചാബ് – ഹരിയാന ഹൈക്കോടതി. സഹോദരന്മാരുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹിതരാകുമെന്നുള്ള അപേക്ഷ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. 21 വയസുകാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

തട്ടിക്കൊണ്ടു പോകൽ‌, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈവശപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ലുധിയാന ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 18ന് റജിസ്റ്റർ ചെയ്ത കേസിൽ യുവാവ് നേരത്തെ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നും ഇരുവരും അടുത്ത ബന്ധുക്കളാണെന്നും ഇരുവരുടെയും പിതാക്കൾ സഹോദരങ്ങളാണെന്നും കാട്ടി മാതാപിതാക്കൾ പരാതി നൽകിയതായും ജാമ്യാപേക്ഷയെ എതിർത്ത സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ജീവനു സംരക്ഷണവും ഇഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നു കാട്ടി യുവാവ് റിട്ട് ഹർജി സമർപ്പിച്ചത് യുവാവിന്റെ അഭിഭാഷകൻ ഇതിനിടെ ചൂണ്ടികാട്ടി. ഇരുവരും ഒരുമിച്ചു കഴിയുകയാണെന്നും ഹർജിയിൽ വ്യക്തമാക്കി. യുവാവിന്റെ ഹർജി തള്ളിയ കോടതി, ഇരുവർക്കും സംരക്ഷണം ഉറപ്പാക്കണമെന്നു വ്യക്തമാക്കി. എന്നാൽ ഹർജിക്കാരുടെ നിയമലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതിൽ‌ നിന്നുള്ള സംരക്ഷണമല്ല ഇതെന്നും കോടതി വ്യക്തമാക്കി.

തുടർന്ന് ഇരുവരും വീണ്ടും ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് സഹോദരങ്ങളുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. വാദങ്ങൾ സമർപ്പിക്കാൻ ഹർജിക്കാരുടെ അഭിഭാഷകൻ കൂടുതൽ സമയം ആവശപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്കു മാറ്റി.

English Summary: Marriage between first cousins illegal, states Punjab and Haryana High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com