ADVERTISEMENT

മുംബൈ ∙ കഴിഞ്ഞ ഒക്ടോബർ 12നു രാവിലെ പതിവില്ലാതെ 5 മണിക്കൂർ മുംബൈയിൽ വൈദ്യുതി മുടങ്ങിയ സംഭവം ആകസ്മികമല്ലെന്നു സംശയിക്കുന്നതായി റിപ്പോർട്ടുകൾ. വൈദ്യുതി പ്രസരണ കമ്പനിയുടെ സെർവറുകളിൽ ഫെബ്രുവരി മുതൽ ഹാക്കിങ് ശ്രമം നടക്കുന്നതായി കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹാക്കിങ് ശ്രമങ്ങളാകാം വൈദ്യുതി മുടക്കത്തിൽ കലാശിച്ചതെന്നു സംശയിക്കുന്നതായും മഹാരാഷ്ട്ര പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സംസ്ഥാന ഉടമസ്ഥതയിലുള്ള വൈദ്യുതി പ്രസരണ കമ്പനിയുടെയും ടാറ്റ പവറിന്റെയും സബ്‌സ്‌റ്റേഷനുകളിലുണ്ടായ സാങ്കേതിക തകരാറാണു വൈദ്യുതി മുടങ്ങാൻ കാരണമെന്നു വൈദ്യുതി മന്ത്രി നിതിൻ റാവുത്ത് അറിയിച്ചുവെങ്കിലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

അപ്രതീക്ഷിത വൈദ്യുതി മുടക്കത്തിൽ മുംബൈയും സമീപ പ്രദേശങ്ങളും സ്തംഭിച്ചു. ലോക്കൽ ട്രെയിനുകൾ നിശ്ചലമായി. ട്രാഫിക് സിഗ്നലുകൾ പ്രവർത്തിച്ചില്ല. മുംബൈ കോർപറേഷൻ ആശുപത്രികൾ ശസ്ത്രക്രിയകൾ മാറ്റിവച്ചു. കോളജുകളിലെ ഓൺലൈൻ പരീക്ഷകളും മാറ്റി. ആളുകൾ ലിഫ്റ്റിൽ കുടുങ്ങിയതോടെ രക്ഷിക്കാനായി അഗ്നിശമനസേന എത്തേണ്ടിവന്നു. ടെലികോം, റെയിൽവേ മേഖലകളെല്ലാം സ്തംഭിച്ച സംഭവത്തിൽ അട്ടിമറി മണക്കുന്നതായി സൈബർ വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു.

വൈദ്യുതി പ്രസരണ കമ്പനിയുടെ സെർവറുകളിൽ പല അക്കൗണ്ടുകളിലൂടെ കടന്നു കയറാൻ ശ്രമമുണ്ടായിട്ടുണ്ടെന്നു സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി വിവരങ്ങളുണ്ട്. സിംഗപ്പൂരിൽനിന്നും ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള അക്കൗണ്ടുകളിൽ നിന്നാണു സംശയാസ്പദമായ നീക്കങ്ങൾ ഉണ്ടായതെന്നാണു റിപ്പോർട്ടുകൾ. അന്വേഷണത്തിലെ കണ്ടെത്തലുകളെ കുറിച്ച് വൈദ്യുതി മന്ത്രി വൈകാതെ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

English Summary: Was October 12 Mumbai Blackout A Sabotage By Foreign Hackers?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com