ADVERTISEMENT

റെക്കോർഡുകൾ തിരുത്തി നാലു ദിവസം തുടർന്ന മുന്നേറ്റങ്ങൾക്കു ശേഷം വ്യാഴാഴ്ച വിപണിയിൽ ആരോഗ്യകരമായ തിരുത്തൽ വന്നെങ്കിലും വെള്ളിയാഴ്ച ഇന്ത്യൻ വിപണി വീണ്ടും ലാഭ പാതയിൽ മുന്നേറി. ഇത് വിപണിയുടെ ആത്മവിശ്വാസം ഉയർത്തി എന്നു മാത്രമല്ല, വരും ദിവസങ്ങളിൽ വിപണി നിക്ഷേപകർക്ക് അനുകൂലമാകും എന്നതിന്റെ സൂചന കൂടിയാണ്. കഴിഞ്ഞ ആഴ്ചയിലെ 13,000 കോടി രൂപ ഉൾപ്പടെ ഈ മാസം ഇതുവരെ 46,251 കോടി രൂപ വിപണിയിലേക്കൊഴുക്കിയ വിദേശ നിക്ഷേപക സ്ഥാപനങ്ങളാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റങ്ങൾക്കു പിന്നിലെ ‘ശക്തി’. ഭരണമാറ്റം ഉറപ്പായതിനെ തുടർന്ന് അമേരിക്കൻ ഫണ്ടുകൾ വിദേശത്ത് താവളം തേടുന്നതു തുടർന്നാൽ ജോ ബൈഡന്റെ പ്രസിഡന്റ് കാലാവധി കഴിയും മുൻപ് നിഫ്റ്റി 25,000 പോയിന്റ് മറികടക്കുമെന്ന് വിശ്വസിക്കുന്നു. ഓഹരി വിപണിയിലെ കഴിഞ്ഞ ദിവസങ്ങളിലെ ചലനങ്ങളും പുതിയ ആഴ്ചയുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയുന്നതും വിദേശ നാണ്യശേഖരം ഉയരുന്നതും ഒരു ലക്ഷം കോടി കടന്ന ജിഎസ്ടി സമാഹരണവും വ്യവസായികോൽപാദന മുന്നേറ്റവും ഉയരുന്ന പിഎംഐ ഡേറ്റയും ആഭ്യന്തര ചരക്കു നീക്കത്തിലെ കുതിച്ചുകയറ്റവും ഉയരുന്ന വാഹന വിൽപനയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥിയുടെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തമാകുന്നത് വിപണിക്കും പ്രതീക്ഷയാണ്. എല്ലാറ്റിനുമുപരി രണ്ടാംപാദത്തിൽ പ്രഖ്യാപിക്കപ്പെട്ട മികച്ച ഫലങ്ങളാണ് വിദേശധനകാര്യാസ്ഥാപനങ്ങളുടെ പ്രിയപ്പെട്ട നിക്ഷേപ സങ്കേതമായി ഇന്ത്യൻ വിപണിയെ മാറ്റിയത്. വിദേശ നിക്ഷേപങ്ങളുടെ ഏറ്റക്കുറച്ചിലായിരിക്കും രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ഇന്ത്യൻ വിപണിയുടെ ചലനങ്ങൾ കുറെക്കാലത്തേയ്ക്കെങ്കിലും നിയന്ത്രിക്കുക എന്നാണ് വിലയിരുത്തൽ.

നിഫ്റ്റി നവംബറിൽ

നവംബറിൽ മാത്രം നിഫ്റ്റിയും സെൻസെക്‌സും 10 ശതമാനത്തിനു മേൽ മുന്നേറിയപ്പോൾ ബാങ്ക്നിഫ്റ്റി 22% മുന്നേറ്റം നേടി. 20,000 പോയിന്റിൽനിന്നു 25,000 പോയിന്റിലെത്താൻ അഞ്ചു മാസത്തോളമെടുത്ത ബാങ്ക് നിഫ്റ്റിക്ക് 25,000 പോയിന്റിൽനിന്ന് 30,000 പോയിന്റിന് തൊട്ടു താഴെയെത്താൻ വെറും മൂന്ന് ആഴ്ച മാത്രമേ വേണ്ടി വന്നുള്ളൂ. മെറ്റൽ, ഇൻഫ്രാ, ഓട്ടോ, എനർജി, മിഡ് ക്യാപ് സെക്ടറുകളും 10 ശതമാനത്തിന്മേൽ മുന്നേറ്റം ഈ മാസം നേടിയപ്പോൾ റിയൽറ്റി, എഫ് എംസിജി സെക്ടറുകൾ 6% വീതമാണ് മുന്നേറിയത്. എന്നാൽ ഫാർമ, ഐടി സെക്ടറുകളുടെ മുന്നേറ്റം മൂന്ന് ശതമാനത്തിനടുത്ത് മാത്രമായി ഒതുങ്ങി. ഐടി, ഫാർമ മേഖലയിൽ അടുത്ത ഫല പ്രഖ്യാപനം മുന്നിൽ കണ്ട് നിക്ഷേപം ആരംഭിക്കാവുന്നതാണ്. അമേരിക്കൻ, യൂറോപ്യൻ വിപണികളിൽ അടുത്ത ആഴ്ചയും തിരുത്തൽ തുടർന്നേക്കാവുന്നത് ഇന്ത്യൻ വിപണിയേയും ബാധിച്ചു തുടങ്ങിയേക്കാം.

അമേരിക്കൻ വിപണി

ഫൈസറിന്റെ കോവിഡ് വാക്സീൻ വിജയം 92% എന്ന് പ്രഖ്യാപിച്ച് ഒരാഴ്ചക്കു മുൻപ് തന്നെ ഈയാഴ്ച മോഡേണയുടെ വാക്സീൻ വിജയം 94.5% എന്ന വാർത്ത അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കൊന്നാകെ മികച്ച തുടക്കം നൽകി. എന്നാല്‍ കുതിച്ചുയരുന്ന കോവിഡ് കണക്കുകളും മോശം റീറ്റെയ്ൽ വിൽപനക്കണക്കുകളും അമേരിക്കൻ സൂചികകൾക്ക് തിരുത്തലിന് കാരണമായി.

അമേരിക്കയുടെ ശരാശരി കോവിഡ് മരണ നിരക്ക് മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. കോവിഡ് വ്യാപനം അതി വേഗത്തിൽ വർധിക്കുന്നത് വാക്സീൻ വിപണിയിലെത്തും മുൻപ് രാജ്യത്തെ വീണ്ടുമൊരു ലോക്ഡൗണിലേക്ക് കൊണ്ടു പോയേക്കാമെന്ന വിപണി ഭയം അമേരിക്കൻ സൂചികകൾക്ക് വരും ദിവസങ്ങളിൽ ഭീഷണിയായേക്കാം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുന്നതും, സ്റ്റിമുലസ് പാക്കേജ് വല്ലാതെ നീണ്ടുപോയേക്കാവുന്നതും വിപണിക്ക് വിനയാണ്. യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ ഒരു അടിസ്ഥാനപരമായ തിരുത്തലിനും സാധ്യതയേറെയാണ്.

ഐഎംഎഫ്

ആഗോള സാമ്പത്തിക മാന്ദ്യത്തിൽനിന്നു കരകയറാൻ ലോക രാഷ്ട്രങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വരും എന്ന രാജ്യാന്തര നാണ്യനിധിയുടെയും ജി-20 രാഷ്ട്ര കൂട്ടായ്മയുടെയും മുന്നറിയിപ്പ് വിപണികൾക്കും ദോഷകരമായേക്കാം. ഓഹരികളടക്കമുള്ള നിക്ഷേപ-ആസ്തികളുടെ വിലമുന്നേറ്റത്തിന് യഥാർഥ സാമ്പത്തിക അവസ്ഥയുമായി ബന്ധമില്ലെന്ന ഐഎംഎഫിന്റെ വിലയിരുത്തൽ വിപണിക്ക് ബാധകമാണ്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ച് ഐഎംഎഫ് ആശങ്ക പ്രകടിപ്പിച്ചപ്പോൾ ഗോൾഡ് മാൻ സാക്‌സ് ഇന്ത്യൻ ജിഡിപി വളർച്ചാശോഷണം മുൻപ് പ്രതീക്ഷിച്ച നിലയിലുണ്ടാവില്ല എന്ന് തിരുത്തിയത് വിപണിക്ക് അനുകൂലമാണ്.

ഓഹരിയും സെക്ടറും

∙ പൊതു മേഖല ബാങ്കുകളുടെ പ്രവർത്തന ശൈലിയിലും ഓഹരി പങ്കാളിത്തത്തിൽ അടിമുടി മാറ്റം കൊണ്ടു വരുന്നതിനായുള്ള ചർച്ചകൾ ആർബിഐ തുടങ്ങിക്കഴിഞ്ഞത് പൊതുമേഖലാ ബാങ്കിങ് ഓഹരികൾക്ക് അനുകൂലമാണ്. എസ്ബിഐക്കൊപ്പം ബാങ്ക് ഓഫ് ബറോഡ, യുണിയൻ ബാങ്ക്, കാനറാ ബാങ്ക് മുതലായവ പരിഗണിക്കാം.

∙ പൊതു മേഖലാ ബാങ്കുകളുടെ ഓഹരികൾ വിദേശ ബാങ്കുകൾക്ക് കൈമാറാനുള്ള സാധ്യതകളും സർക്കാർ പരിഗണിക്കുന്നു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് സിന്ധ് ബാങ്ക് എന്നിവയും പ്രത്യേകം ശ്രദ്ധിക്കാം.

∙ 50,000 കോടി രൂപയോ അതിലധികമോ ആസ്തി മൂല്യമുള്ള എൻബിഎഫ്സികൾക്ക് ബാങ്കിങ് ലൈസൻസ് നൽകാനായി പരിഗണിക്കുന്നത് ഫിനാൻഷ്യൽ സെക്ടറിന് അനുകൂലമാണ്. എൻബിഎഫ്സി ഓഹരികളിൽ ബജാജ് ഫിനാൻസ്, മുത്തൂറ്റ് ഫൈനാൻസ്, എൽ&ടി ഫൈനാൻസ്, ചോളമണ്ഡലം, എം&എം ഫിനാൻസ്, മുതലായവയിൽ ഈ ആഴ്ച ശ്രദ്ധവയ്ക്കാം.

∙ ഇന്ത്യൻ എഫ്എംസിജി സെക്ടർ ഒരുബ്രേക്ഔട്ട് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന കൺസോളിഡേഷൻ അവസാനഘട്ടത്തിലാണ്. ഐടിസിയുടെ 210 കടക്കുന്ന കുതിപ്പ് സെക്ടറിന് തന്നെ മുന്നേറ്റം നൽകും. ടാറ്റ കൺസ്യൂമർ, മാരിക്കോ, ഡാബർ, ഹിന്ദുസ്ഥാൻ യൂണിലിവർ മുതലായ ഓഹരികൾക്കൊപ്പം ബാറ്റ ഇന്ത്യ, ഗോദ്‌റെജ്‌ കൺസ്യൂമർ എന്നിവ കൂടി പരിഗണിക്കാം.

∙ ചൈനയടക്കമുള്ള 15 അയൽ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണ കരാറിൽ (റീജിയണൽ കോപ്രിഹെന്‍സീവ് ഇക്കോണമിക് പാർട്ണർഷിപ്) നിന്ന് ഇന്ത്യ പിൻമാറിയത് ഇന്ത്യൻ ഉൽപാദന മേഖലയ്ക്ക് വളരെ വലിയ അവസരമാണൊരുക്കുന്നത്. ടയർ, ഇലക്ട്രോണിക്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, ടെക്സ്റ്റൈൽ മേഖലകൾക്ക് അനുകൂലമാണ്. മികച്ച ഉൽപാദക ഓഹരികൾ പോർട്ട്ഫോളിയോകളിൽ പരിഗണിക്കുക.

∙ മൊറട്ടോറിയം പലിശ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകുന്നത് ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകളുടെ റാലിക്ക് താൽകാലിക തടസമായേക്കുമെന്നും വിപണി ഭയക്കുന്നു. ഈ ആഴ്ചയും കേസിൽ വാദം കേൾക്കുന്നത് തുടരും. എന്നാൽ മികച്ച ഫലപ്രഖ്യാപനങ്ങളെ തുടർന്ന് ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ മികച്ച ഉയരങ്ങൾ തേടിയതിനാൽ, സെക്ടറിൽ ഇനിയൊരു തിരുത്തൽ മികച്ച അവസരമായിരിക്കും. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവ മികച്ച ബാങ്കിങ് അവസരങ്ങളാണ്.

∙ ചൈനയുടെ ഒക്ടോബറിലെ ഫാക്ടറി ഉൽപാദനം മുൻ വർഷത്തിൽ നിന്ന് 6.9% മുന്നേറിയത് ആഗോളവിപണിക്കു തന്നെ അനുകൂലമാണ്. ചൈനയിൽ ഉൽപാദനപ്രക്രിയകൾ മുന്നേറുന്നത് ഇന്ത്യൻ ലോഹ ഓഹരികൾക്ക് അനുകൂലമാണ്. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, സെയിൽ, ജിൻഡാൽ സ്റ്റീൽ, എൻഎംഡിസി, ജെഎസ്ഡബ്ലിയു മുതലായ ഓഹരികൾ പരിഗണിക്കാം.

∙ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില്ലറ-മൊത്ത വ്യാപാര ആസ്തികളും വെയർ ഹൗസിങ്, ലോജിസ്റ്റിക് ആസ്തികളും 24,713 കോടിരൂപയ്ക്ക് റിലയൻസ് ഗ്രൂപ്പിന്റെ നടപടി കോംപറ്റീഷൻ കമ്മിഷൻ ശരിവച്ചത് ഇരു ഓഹരികൾക്കും അനുകൂലമാണ്. ഇതോടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ 1800 സ്റ്റോറുകളും റിലയൻസ് റീറ്റെയ്‌ലിന്റെ നിയന്ത്രണത്തിലായിരിക്കും. ആമസോണിന്റെ സിംഗപ്പൂർ ആർബിട്രേഷൻ സിസിഐയുടെ നടപടി പരിഗണക്കെടുക്കുന്നത് റിലയൻസിന് ഗുണകരമാണ്.

∙ സർക്കാരിന്റെ കൈവശമുള്ള 52.98% ബിപിസിഎൽ ഓഹരികൾ സ്വന്തമാക്കാനായി മുകേഷ് അംബാനിയുടെയും അരാംകോയുടെയും നേരിട്ടുള്ള ബിഡ്ഡുകൾ ഇല്ലാതെ പോയത് വിപണിക്ക് നിരാശയായെങ്കിലും വേദാന്ത കമ്പനിയിൽ താൽപര്യം പ്രകടിപ്പിച്ചത് അനുകൂലമാണ്. ഓഹരി വിൽപനയിലൂടെ 2.1 ലക്ഷം കോടിരൂപ ലക്ഷ്യമിടുന്ന സർക്കാർ അടുത്ത ‘വിൽപന’ ഉടൻ പ്രഖ്യാപിച്ചേക്കാമെന്നത് പൊതു ഓഹരികൾക്ക് അനുകൂലമാണ്. കണ്ടെയ്നർ കോർപറേഷൻ, ഹിന്ദ് പെട്രോ, ബിഇഎൽ മുതലാവ പരിഗണിക്കാം.

∙ ഹീറോ മോട്ടോഴ്സിന്റെ ഉത്സവകാല വിൽപന പ്രതീക്ഷയ്ക്കും വളരെയപ്പുറം പോയത് ഓഹരിക്ക് വലിയ മുന്നേറ്റം നൽകിയേക്കും. ഹീറോ, ബജാജ്, ഐഷർ മോട്ടോർസ് എന്നിവ ഈ മാസാദ്യ വിൽപനക്കണക്കുകൾ പുറത്തുവരുന്നതിന് മുന്നോടിയായി സ്വന്തമാക്കുക.

∙ ഓട്ടോ അനുബന്ധ മേഖലയും മുന്നേറ്റം ആരംഭിച്ചിട്ടേയുള്ളൂ. മതേഴ്സൺ സുമി, സ്റ്റീൽ സ്ട്രിപ്പ് വീൽസ്, സുന്ദരം ക്ലെയ്ടൺ ലുമാക്സ് ഓട്ടോ, ജംനാ ഓട്ടോ, ജെബിഎം ഓട്ടോ മുതലായ ഓഹരികൾ അതിദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙ ഏറ്റവും പുതിയ ഗ്ലോബൽ എൻസിഎപി (ന്യൂ കാർ അസസ്മെൻറ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റ് പ്രകാരം ടാറ്റ കാറുകൾ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളായി  പ്രഖ്യാപിക്കപ്പെട്ടത് ടാറ്റ മോട്ടോഴ്സിന് അനുകൂലമാണ്. ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വർഷത്തിൽ നിന്ന് 95% വരെ വിൽപന മുന്നേറ്റമാണ് ഈ മാസം സ്വന്തമാക്കി കൊണ്ടിരിക്കുന്നത് എന്ന വാർത്ത ഓഹരിക്ക് വൻ മുന്നേറ്റം നൽകി. ടാറ്റ കാറുകളുടെ ബ്രാൻഡ് മൂല്യം ഉയരുന്നത് ഓഹരിക്ക് അതിദീർഘകാല സാദ്ധ്യതകൾ നൽകുന്നു. ഓഹരിക്ക് 280രൂപ ദീർഘകാല ലക്ഷ്യം ഉറപ്പിക്കാം.

∙ മഹീന്ദ്രയും പുതിയ ഉയരങ്ങൾ തേടുകയാണ്. താർ വിൽപനയും ട്രാക്ടർ വിൽപനയും ഓഹരിക്ക് കൂടുതൽ ഉയർച്ച സാധ്യത നൽകുന്നു. 760 രൂപയാണ് ഓഹരിയിലെ അടുത്ത വില ലക്ഷ്യം.

∙ ഡിഎൽഎഫിനെ ഡൗ ജോൺസ്‌ സസ്‌റ്റെനബിലിറ്റി ഇൻഡക്സിൽ ഉൾപ്പെടുത്തിയത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി റിയൽ എസ്റ്റേറ്റ് മേഖലയുടെ മുന്നേറ്റത്തിന് ചുക്കാന് പിടിക്കുമെന്ന് കരുതുന്നു. 200 രൂപക്ക് മുകളിൽ ഓഹരിയിൽ വൻ മുന്നേറ്റം പ്രതീക്ഷിക്കാം. ഒബ്‌റോയ് റിയാലിറ്റി, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്, ശോഭ എന്നിവയും നിക്ഷേപത്തിന് പരിഗണിക്കാം.

∙ പ്രതീക്ഷയ്ക്കപ്പുറമുള്ള മുന്നേറ്റമാണ് എയർലൈൻ ഓഹരികൾ നവംബറിൽ സ്വന്തമാക്കിയത്. സ്‌പൈസ്ജെറ്റ് 50% റെക്കോർഡ് നേട്ടം ഈ മാസം സ്വന്തമാക്കിയപ്പോൾ, ഇൻഡിഗോ 29% നേട്ടം സ്വന്തമാക്കി. ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണം സെപ്റ്റംബർ മാസത്തിലെ 3.94 ദശലക്ഷത്തിൽ നിന്നും ഒക്ടോബറിൽ 5.27 ദശലക്ഷത്തിലേക്കുയർന്നതും, ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് വീണ്ടും പറക്കാനനുമതി ലഭിച്ചതുമാണ് വ്യോമയാന മേഖലയ്ക്ക് അനുകൂലമായത്. സ്‌പൈസ് ജെറ്റും, ഇൻഡിഗോയും ഇനിയും നിക്ഷേപത്തിന് പരിഗണിക്കാം. ബ്ലൂംബെർഗ് വേൾഡ് എയർലൈൻ ഇൻഡക്സ് പ്രകാരം ഇന്റെർഗ്ലോബ് ഏവിയേഷനാണ് ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനി.

വാട്സാപ്: 8606666722 ഇമെയിൽ: buddingportfolios@gmail.com

English Summary: Market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com