ADVERTISEMENT

വാഷിങ്ടൻ∙ യുഎസിലേക്കു തിരിച്ചെത്തിയതിൽ ആശ്വാസമെന്ന് ഭീകരസംഘടനയായ ഐഎസിന്റെ വിഡിയോയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ കൗമാരക്കാരൻ. പത്തുവയസ്സുകാരനായ മാത്യുവിനെ അമ്മയും രണ്ടാനച്ഛനും ചേർന്നാണ് സിറിയയിലേക്കു കൊണ്ടുപോയത്. അങ്ങനെ ഒന്നുമറിയാത്ത പ്രായത്തിൽ ട്രംപിനെ ഭീഷണിപ്പെടുത്തിയ കുറ്റവും കുട്ടിക്കുമേൽ ചാർത്തിക്കിട്ടി. യുഎസിന്റെ മണ്ണിൽ യുദ്ധത്തിനായി തയാറെടുക്കാനായിരുന്നു മാത്യു അന്നു വിഡിയോ സന്ദേശത്തിൽ ട്രംപിനെ ഭീഷണിപ്പെടുത്തിയത്.

2018ൽ യുഎസ് സൈന്യം മാത്യുവിനെ സിറിയയിൽനിന്ന് രക്ഷപ്പെടുത്തി യുഎസിൽ എത്തിച്ചിരുന്നു. ഒരു വർഷമായി 13കാരനായ മാത്യു പിതാവിനൊപ്പമാണ് കഴിയുന്നത്. ‘എല്ലാം സംഭവിച്ചു, എല്ലാം കഴിഞ്ഞു’ – മാത്യു രാജ്യാന്തര മാധ്യമമായ ബിബിസിയോടു പറഞ്ഞു. വളരെ ചെറുപ്പമായിരുന്നു. അതിനാൽ ഒന്നും മനസ്സിലായില്ലെന്നും കുട്ടി കൂട്ടിച്ചേർത്തു. സിറിയയിൽനിന്ന് തിരിച്ചെത്തിച്ച മാത്യുവിനെ കൗൺസിലിങ്ങിനു വിധേയനാക്കിയിരുന്നു.

2017ലെ വേനൽക്കാലത്ത് ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ മാത്യുവിന്റെ രണ്ടാനച്ഛൻ മൗസ്സ എൽഹാസ്സനി കൊല്ലപ്പെട്ടുവെന്നാണ് സംശയിക്കപ്പെടുന്നത്. അമ്മ സാമന്ത സാലിക്ക് ഈ മാസം ആറര വർഷത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു. ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിച്ചുവെന്ന കുറ്റത്തിനാണിത്.

2015 ഏപ്രിലിലാണ് കുടുംബം തുർക്കി അതിർത്തിയിലെ പ്രവിശ്യയായ സാൻലിയുർഫയിൽനിന്ന് ഐഎസ് പ്രദേശത്തേക്കു കടന്നത്. ‘വളരെ ഇരുട്ടുനിറഞ്ഞ പ്രദേശത്തുകൂടി ഞങ്ങള്‍ ഓടി. നിരവധി സ്ഥലങ്ങളിൽ മുള്ളുകമ്പികൊണ്ട് കെട്ടിവച്ചിട്ടുണ്ടായിരുന്നു. ഓടണം എന്നല്ലാതെ തലയിൽക്കൂടി മറ്റൊന്നും പോയിരുന്നില്ല.’

തലസ്ഥാനമെന്ന് ഐഎസ് അവകാശപ്പെട്ടിരുന്ന റാഖ്ഖയിലേക്ക് മാത്യുവിന്റെ രണ്ടാനച്ഛൻ എൽഹാസ്സനി സൈനിക പരിശീലനത്തിനായി അയയ്ക്കപ്പെട്ടു. ഇയാൾ പിന്നീട് ഐഎസിന്റെ സ്നൈപ്പറായി മാറി. സിറിയയിൽ എത്തിയപ്പോൾ എട്ടു വയസ്സായിരുന്നു മാത്യുവിന്. പുതിയ വീടിനെക്കുറിച്ച് ചില ഓർമകൾ ഇപ്പോഴുമുണ്ട്. ‘റാഖ്ഖയിൽ നഗരപ്രദേശത്താണ് താമസിച്ചത്. ഭയങ്കര ശബ്ദബാഹുല്യം ഉണ്ടായിരുന്നു. വെടിയൊച്ചകൾ സാധാരണമായിരുന്നു. ഇടയ്ക്കിടെ അകലത്തിൽ സ്ഫോടനശബ്ദം കേൾക്കാറുണ്ട്. പക്ഷേ, അതേക്കുറിച്ച് പേടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.’

ഐഎസ് ബന്ധമുണ്ടെന്ന സംശയത്തിൽ തടവിലാക്കപ്പെട്ടിരുന്നയാളെ ഖുർദ് കേന്ദ്രമായ അലായ ജയിലിൽനിന്നു വിട്ടയച്ചപ്പോൾ സ്വീകരിക്കുന്ന കുടുംബാംഗങ്ങൾ. 2020 ഒക്ടോബർ 15ലെ ചിത്രം. (Photo by Delil SOULEIMAN / AFP)
ഐഎസ് ബന്ധമുണ്ടെന്ന സംശയത്തിൽ തടവിലാക്കപ്പെട്ടിരുന്നയാളെ ഖുർദ് കേന്ദ്രമായ അലായ ജയിലിൽനിന്നു വിട്ടയച്ചപ്പോൾ സ്വീകരിക്കുന്ന കുടുംബാംഗങ്ങൾ. 2020 ഒക്ടോബർ 15ലെ ചിത്രം. (Photo by Delil SOULEIMAN / AFP)

എന്നാൽ 2017ൽ രക്ഷപ്പെടാൻ പണം അയയ്ക്കണം എന്നു കാണിച്ച് യുഎസിലെ സഹോദരിക്ക് സാമന്ത ഇമെയിൽ ചെയ്തു. മാത്യുവിന്റെ നടുക്കുന്ന ചില വിഡിയോകൾകൂടി അയച്ചുകൊടുക്കുകയും ചെയ്തു. വിഡിയോകളിൽ ഒന്നിൽ മാത്യുവിനെ നിർബന്ധിച്ച് ചാവേർ ബെൽറ്റ് പ്രവർത്തിപ്പിക്കുന്നത് എങ്ങനെയെന്ന് എൽഹാസ്സനി പരിശീലിപ്പിക്കുന്നത് ഉൾപ്പെട്ടിരുന്നു. മറ്റൊന്നിൽ ഒരുമിനിറ്റിനുള്ളിൽ എകെ–47 തോക്ക് ലോഡ് ചെയ്യുന്നതെങ്ങനെയെന്ന് രണ്ടാനച്ഛന്റെ വെല്ലുവിളിയിൽ മാത്യു ചെയ്യുന്നതും ചിത്രീകരിച്ചു.

യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യം റാഖ്ഖയിലെ വ്യോമാക്രമണം കടുപ്പിച്ചപ്പോൾ ഇവർ താമസിച്ചതിന്റെ അടുത്തുള്ള കെട്ടിടം ഇവരുടെ വീട്ടിലേക്കു തകർന്നുവീണു. 2017 ഓഗസ്റ്റ് ആയപ്പോൾ റാഖ്ഖ നാമാവശേഷമായെങ്കിലും തോൽവി സമ്മതിക്കാൻ ഐഎസ് തയാറായില്ല. തുടർന്നാണ് മാത്യുവിനെ ഉപയോഗിച്ചു വിഡിയോ തയാറാക്കിയത്. പഠിപ്പിച്ചതുപോലെ വരികൾ മാത്യു ആ വിഡിയോയിൽ പറഞ്ഞു. വിഡിയോയിൽ പങ്കെടുത്തില്ലെങ്കിൽ രണ്ടാനച്ഛന്റെ ദേഷ്യത്തിനു പാത്രമാകേണ്ടിവന്നേനെയെന്ന് മാത്യു പറഞ്ഞു. വളരെ താമസിക്കാതെതന്നെ എൽഹാസ്സനി കൊല്ലപ്പെട്ടു. താൻ ഭയങ്കര സന്തോഷവാനായി എന്നാണ് ഇതേക്കുറിച്ച് മാത്യു പറഞ്ഞത്. ഞങ്ങളെല്ലാം സന്തോഷം കൊണ്ടു കരയുകയായിരുന്നുവെന്നും മാത്യു കൂട്ടിച്ചേർത്തു.

ഇതിനകം തന്നെ ആളുകളെ കടത്തുന്ന സംഘത്തിന് പണം നൽകി താനും മാത്യു ഉൾപ്പെടെ നാലു കുട്ടികൾക്കും ഐഎസ് മേഖലയിൽനിന്നു പുറത്തെത്താനുള്ള മാർഗം സാമന്ത സംഘടിപ്പിച്ചിരുന്നു. ട്രക്കിനു പിന്നിലെ വീപ്പയ്ക്കകത്ത് ഒളിച്ചിരുന്ന് ഐഎസിന്റെ ചെക്പോയിന്റുകൾ കടന്നതിന്റെ ഓർമകളും മാത്യു പങ്കുവച്ചു. കുർദിഷ് നിയന്ത്രിത മേഖലയിൽ എത്തിയപ്പോൾ ഇവരെ ഡിറ്റെൻഷൻ ക്യാംപിൽ പാർപ്പിച്ചു.

സിറിയയിൽ ഐഎസിൽ ചേരാൻ വിദേശത്തുനിന്ന് എത്തിയവരെ പാർപ്പിച്ചിരിക്കുന്ന ഖുർദിഷ് കേന്ദ്രമായ അൽഹോൽ ക്യാംപിൽ കഴിയുന്ന അമ്മയും കുഞ്ഞും. 2020 ഓഗസ്റ്റ് 25ലെ ചിത്രം. (Photo by Delil SOULEIMAN / AFP)
സിറിയയിൽ ഐഎസിൽ ചേരാൻ വിദേശത്തുനിന്ന് എത്തിയവരെ പാർപ്പിച്ചിരിക്കുന്ന ഖുർദിഷ് കേന്ദ്രമായ അൽഹോൽ ക്യാംപിൽ കഴിയുന്ന അമ്മയും കുഞ്ഞും. 2020 ഓഗസ്റ്റ് 25ലെ ചിത്രം. (Photo by Delil SOULEIMAN / AFP)

‘ഭർത്താവ് കബിളിപ്പിച്ചാണ് സിറിയയിൽ കൊണ്ടുപോയത്. അയാളുടെ പദ്ധതി എന്താണെന്നു വ്യക്തമായിരുന്നില്ല. റാഖ്ഖയിലെത്തിശേഷം അയാളുടെ സ്വഭാവം മാറി. തനിക്കെതിരെ അക്രമവും നടത്തി. അവിടെവച്ച് രണ്ട് യസീദി പെൺകുട്ടികളെ ഇയാൾ വാങ്ങി നിരന്തരം പീഡിപ്പിക്കുന്നതിനു താൻ സാക്ഷിയാകുകയും ചെയ്തു.’ – സാമന്ത നേരത്തേ ബിബിസിയോടു പറഞ്ഞിരുന്നു.

യുഎസിൽനിന്ന് പോകുന്നതിനു മാസങ്ങൾക്കുമുൻപുതന്നെ എൽഹാസ്സനിക്ക് ഐഎസിനോട് അഭിനിവേശം ഉണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഐഎസിന്റെ വിഡിയോകളും, കൊലപാതക വിഡിയോകളും ഇയാൾ വീട്ടിൽ വച്ച് കണ്ടിരുന്നതായാണ് റിപ്പോർട്ടുകൾ. വിശുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ തന്നെ വിളിച്ചിട്ടുണ്ടെന്ന് ഭർത്താവു പറഞ്ഞിരുന്നതായി സാമന്ത പറഞ്ഞെന്ന് ഇവരുടെ സുഹൃത്തും അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയിരുന്നു.

യുഎസ് വിടുന്നതിനു ആഴ്ചകൾക്കുമുൻപ് സാമന്ത നിരവധിത്തവണ ഹോങ്കോങ് സന്ദർശിച്ച് സ്വർണമായും പണമായി കുറഞ്ഞത് 30,000 യുഎസ് ഡോളറും സുരക്ഷിതമായി നിക്ഷേപിച്ചിരുന്നുവെന്നാണ്‌ വിവരം.

തിരിച്ച് യുഎസിന്റെ മണ്ണിലെത്തിയതിൽ എന്തു തോന്നുന്നുവെന്ന ചോദ്യത്തോട് മാത്യു മറുപടി പറഞ്ഞത് ഇങ്ങനെ – ‘ഇറുകിക്കിടക്കുന്ന വസ്ത്രവും സോക്സും ഷൂവും എല്ലാ ദിവസവും ധരിച്ചിട്ട് അത് എടുത്തുമാറ്റി ചൂടുവെള്ളത്തിൽ കുളിക്കുന്ന സുഖം. മധുരമായ ആശ്വാസം. അതു നല്ലതായി തോന്നുന്നു.’

English Summary: It’s ‘sweet relief’ to be home, says US boy forced to threaten Trump in IS video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com