ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാർ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തോടെ കോൺഗ്രസിനുള്ളിലെ പൊട്ടലും ചീറ്റലും പുറത്തും പ്രതിഫലിക്കുന്നു. മുതിർന്ന നേതാക്കൾ തന്നെ നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയതിന്റെ ക്ഷീണം മാറും മുൻപ്, കോൺഗ്രസിനോടു സഖ്യമുള്ള മറ്റു പാർട്ടികളും അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. രാജ്യത്തു പ്രതിപക്ഷത്തിന്റെ നെടുനായകത്വം വഹിക്കുന്ന കോൺഗ്രസിനോടുള്ള നീരസം പല കക്ഷികളും പ്രകടമാക്കുന്നതായാണു റിപ്പോർട്ട്.

കഴിഞ്ഞദിവസം എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ വാക്കുകൾ കോൺഗ്രസിനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. ‘കോൺഗ്രസ് മറ്റു പാർട്ടികളെ ഒപ്പം നിർത്തണമെന്ന സൂചനയാണു ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെയും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെയും ഫലം നൽകുന്നത്. യാഥാർഥ്യം എന്തെന്നു മനസ്സിലാക്കണം. ഗോവ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സമാന മനസ്കരുമായ പാർട്ടികളുമായി കൈകോർക്കാൻ എൻസിപി ഒരുക്കമാണ്. സഖ്യം സാധ്യമായില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കും, സർക്കാർ രൂപീകരിക്കും’– പ്രഫുൽ പട്ടേൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. കോൺഗ്രസിനോടുള്ള അതൃപ്തി ആദ്യമായി പ്രകടിപ്പിക്കുന്ന പാർട്ടിയല്ല എൻസിപി.

ബിഹാർ തിരഞ്ഞെടുപ്പിനു ശേഷം ആർജെഡിയും വിമർശനവുമായി എത്തിയിരുന്നു. ആർജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസിനു ചോദിച്ച സീറ്റുകൾ ബിഹാറിൽ മത്സരിക്കാൻ നൽകി. എന്നാൽ മഹാസഖ്യത്തിന്റെ അധികാര പ്രതീക്ഷകളെ തകിടം മറിക്കുന്നതിൽ കോൺഗ്രസ് ‘നിർണായക പങ്ക്’ വഹിച്ചു. 2015ലെ 27 സീറ്റുകളിൽനിന്ന് 19 സീറ്റിലേക്കായിരുന്നു വീഴ്ച. ബിഹാറിൽ ശക്തമായ മത്സരം നടത്തിയിട്ടും ഭരണം നേടാൻ സാധിക്കാത്തതിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ആർജെഡി കുറ്റപ്പെടുത്തി. കോൺഗ്രസ് അർധമനസ്സോടെയാണു കളത്തിൽ ഇറങ്ങിയതെന്നായിരുന്നു തേജസ്വി യാദവ് നയിക്കുന്ന ആർജെഡിയുടെ കുറ്റപ്പെടുത്തൽ.

rahul-gandhi-tejaswi-yadav
രാഹുൽ ഗാന്ധി, തേജസ്വി യാദവ്

‘മഹാസഖ്യത്തിനു പ്രതിബന്ധമാവുകയാണു കോൺഗ്രസ്. അവർ 70 സ്ഥാനാർഥികളെ നിർത്തി. പക്ഷേ 70 പൊതുറാലികൾ പോലും സംഘടിപ്പിച്ചില്ല. രാഹുൽ ഗാന്ധി മൂന്നു ദിവസം മാത്രമാണു പ്രചാരണത്തിനു വന്നത്. പ്രിയങ്ക ഗാന്ധി വന്നതേയില്ല. ബിഹാറിന് അത്ര പരിചയമില്ലാത്തവരാണ് എത്തിയത്. ഇതു ശരിയല്ല. ബിഹാറിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളിൽ മത്സരിക്കുകയെന്നതാണു കോൺഗ്രസ് രീതി. എന്നാൽ പരമാവധി ഇടങ്ങളിൽ ജയിക്കുകയെന്നതു സംഭവിക്കാറില്ല. അവർ ഇതേപ്പറ്റി ചിന്തിക്കണം’– ആർജെഡി നേതാവ് ശിവാനന്ദ് തിവാരി  പറഞ്ഞു. സീറ്റ് കുറഞ്ഞെങ്കിലും വോട്ടുവിഹിതം 6.66 ശതമാനത്തിൽനിന്ന് 9.5 ശതമാനത്തോളം വർധിപ്പിക്കാൻ കോൺഗ്രസിനു സാധിച്ചത് ആശ്വാസകരമാണ്.

Rahul-Gandhi-2
രാഹുൽ ഗാന്ധി

∙ ‘തേജസ്വി യാദവ് ഇപ്പോൾ മുഖ്യമന്ത്രിയായേനെ’

മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിലെ കക്ഷിയായ ശിവസേനയും കോൺഗ്രസുമായി അത്ര രസത്തിലല്ല. ‘കോൺഗ്രസ് നല്ല പ്രകടനം ബിഹാറിൽ കാഴ്ച വച്ചിരുന്നെങ്കിൽ ആർജെഡിയുടെ തേജസ്വി യാദവ് ഇപ്പോൾ മുഖ്യമന്ത്രിയായേനെ’ എന്നായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ അഭിപ്രായ പ്രകടനം. മികച്ച തിരിച്ചുവരവ് നടത്തിയ ആർജെഡിയാണ് ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നേരിയ ഭൂരിപക്ഷത്തിലാണു ജെഡിയു– ബിജെപി സഖ്യം ഭരണത്തുടർച്ച നേടിയതും. മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന ജെഡിയുവിന്റെ കയ്യിലുണ്ടായിരുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാനും തേജസ്വിക്കു സാധിച്ചിരുന്നു.

‘ഭാവി ബിഹാറിന്റെ മുഖമായി തേജസ്വി ഉദിച്ചുയർന്നു. ബിജെപിക്ക് സംസ്ഥാന, കേന്ദ്ര ഭരണങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളുടെയും വലിയ പിന്തുണ ഉണ്ടായിരുന്നു. ഇത്രയും കടുത്ത വെല്ലുവിളികൾ മറികടന്നാണു മിന്നുന്ന വിജയം യുവനേതാവായ തേജസ്വി സ്വന്തമാക്കിയത്. അദ്ദേഹത്തിനു കൂട്ടത്തിൽനിന്നു വലിയ പിന്തുണ കിട്ടിയില്ലെന്ന് ഓർക്കണം.’– സഞ്ജയ് റാവത്ത് പറഞ്ഞു. ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായ സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യയും കോൺഗ്രസിനെ കുറ്റപ്പെടുത്തി. മത്സരിച്ച 19 നിയമസഭാ മണ്ഡലങ്ങളിൽ 12 ഇടത്ത് ജയിച്ച് മെച്ചപ്പെട്ട പ്രകടനമായിരുന്നു പാർട്ടിയുടേത്.

Sanjay Raut, Rahul Gandhi
സഞ്ജയ് റാവത്ത്, രാഹുൽ ഗാന്ധി

‘കോൺഗ്രസ് കുറച്ചുകൂടി യാഥാർഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കുമെന്നാണു സീറ്റ് പങ്കുവയ്ക്കൽ ചർച്ചയിൽ പ്രതീക്ഷിച്ചത്. ബിഹാറിലെ മുൻ മോശം പ്രകടനങ്ങളുടെ കാരണം വിലയിരുത്തി തിരുത്തുമെന്നു കണക്കുകൂട്ടി. ബംഗാളിൽ കാവിക്കൊടി പാറിക്കാൻ ബിജെപി സർവ ഒരുക്കങ്ങളും നടത്തുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തോടെ, ബംഗാളിലെ സിപിഎം–കോൺഗ്രസ് സഖ്യത്തിന്റെ ഡ്രൈവിങ് സീറ്റിൽ കോൺഗ്രസ് ഉണ്ടാകില്ലെന്ന് ഉറപ്പായി’– ദിപാങ്കർ ഭട്ടാചാര്യ പറഞ്ഞു. മിഷൻ ബംഗാളിന്റെ ഭാഗമായി സംസ്ഥാനത്ത് ഇരുന്നൂറിലേറെ സീറ്റുകളിൽ വിജയിച്ച് ഭരണം നേടുമെന്നാണു ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.

∙ തോൽവി തുടർന്ന് കോൺഗ്രസ്

സമീപകാലത്തു നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ പലതിലും മോശം പ്രകടനമായിരുന്നു കോൺഗ്രസിന്റേത്. 2017ൽ ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയും സമാജ്‍വാദി പാർട്ടിയുടെ അഖിലേഷ് യാദവും കൈകോർത്താണു തിരഞ്ഞെടുപ്പിനെ നേരിട്ടത്. സമാജ്‍വാദി പാർട്ടി 47 ഇടത്ത് വിജയിച്ചപ്പോൾ കോൺഗ്രസിന് ഏഴു സീറ്റു മാത്രമാണു കിട്ടിയത്. 2001 മുതൽ ഭരണമുണ്ടായിരുന്ന അസമിൽ 2016ൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. 126 അംഗ നിയമസഭയിൽ 26 സീറ്റിലേക്കു പാർട്ടി ചുരുങ്ങി.

2018ലെ ത്രിപുര തിരഞ്ഞെടുപ്പിൽ കൈവശമുണ്ടായിരുന്ന 10 സീറ്റുകളും കൈമോശം വന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഒഡിഷ നിയമസഭാ പോരാട്ടത്തിൽ മുഖ്യപ്രതിപക്ഷമെന്ന സ്ഥാനവും നഷ്ടമായി. ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടി പിന്നാക്കം പോയി മോദി തരംഗത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഉപേക്ഷിച്ചു. മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി. ഒരു വർഷത്തിലേറെ പിന്നിട്ടിട്ടും സ്ഥിരം അധ്യക്ഷനെ കണ്ടെത്താൻ പാർട്ടിക്കു സാധിച്ചിട്ടില്ല. ഇതിനെതിരെ തുടങ്ങിയ ആഭ്യന്തര കലാപം ബിഹാർ തിരഞ്ഞെടുപ്പോടെ വീണ്ടും ചൂടു പിടിച്ചു. മുതിർന്ന നേതാക്കൾ പരസ്യമായിത്തന്നെ പാർട്ടിയെ വിമർശിക്കുകയാണ്.

∙ ‘പാര്‍ട്ടി ദുര്‍ബലമായെന്ന് അംഗീകരിക്കണം’

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കപില്‍ സിബലാണ് ഒടുവിൽ വിമര്‍ശനം നടത്തിയത്. ‘പാര്‍ട്ടി ദുര്‍ബലമായെന്ന് അംഗീകരിക്കണം. കോണ്‍ഗ്രസ് ബിജെപിക്കു ബദല്‍ അല്ലാതായി. പാർട്ടി എന്താണെന്നു ജനങ്ങൾക്കിടയിലിറങ്ങി ബോധ്യപ്പെടുത്തിയില്ലെങ്കിൽ മാറ്റങ്ങൾ ഉണ്ടാകില്ല. 18 മാസമായി സ്ഥിരം അധ്യക്ഷൻ പോലുമില്ല. എന്തുകൊണ്ടു തോൽക്കുന്നു എന്ന് അംഗങ്ങൾക്കിടയിൽ ചർച്ച പോലും നടക്കാത്ത സാഹചര്യത്തിൽ എങ്ങനെയാണു നല്ല പ്രതിപക്ഷമാകാൻ സാധിക്കുക? പ്രശ്നങ്ങള്‍ എന്താണെന്ന് പാര്‍ട്ടിക്ക് അറിയാമെങ്കിലും ഉത്തരങ്ങളെ തിരിച്ചറിയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നത്’– കപിൽ സിബലിന്റെ വാക്കുകൾ. പഞ്ചനക്ഷത്ര സംസ്കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്നായിരുന്നു ഗുലാം നബി ആസാദിന്റെ കുറ്റപ്പെടുത്തൽ.

കപിൽ സിബൽ
കപിൽ സിബൽ

‌വിമർശനങ്ങളെ മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് പ്രതിരോധിച്ചു. ‘അവർ പറഞ്ഞ കാര്യത്തോടു വിയോജിക്കുന്നില്ല. എന്നാൽ എന്തുകൊണ്ടാണ് പുറത്തുപോയി മാധ്യമങ്ങളോടും ലോകത്തോടും ഇതെല്ലാം പറയുന്നത്? എല്ലാ സമയത്തും പാർട്ടിയിൽ വിശകലനം നടക്കുന്നുണ്ട്. അതു സ്വാഭാവിക പ്രക്രിയയാണ്, പരസ്യമാക്കേണ്ടതില്ല. എല്ലാ നേതാക്കളും ഇവിടെത്തന്നെയുണ്ട്. ആരും എവിടേക്കും പോയിട്ടില്ല. പദവിയുടെ മേൽവിലാസം ഇല്ലെന്നാണു പലരും ഊന്നിപ്പറയുന്നത്. എല്ലാ പാർട്ടികൾക്കും ഒരേ മാതൃക പിന്തുടരാനാകില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പൂർണ പിന്തുണയാണ് ഏവരും നൽകുന്നത്. അധികാരം നഷ്ടപ്പെടുമ്പോൾ എന്തിനാണ് ഇത്ര ആശങ്കപ്പെടുന്നത്?’– കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ ഖുർഷിദ് അഭിപ്രായപ്പെട്ടു. ചുറ്റിലും ആരോപണങ്ങൾ നിറയുമ്പോഴും ഗാന്ധി കുടുംബം പക്ഷേ മൗനം തുടരുകയാണ്.

English Summary: What next for Congress? Disgruntled allies, internal divisions plague party post-Bihar loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com