ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു പിന്നാലെ സിഎജിയും വന്നിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെ തകർത്താൽ വികസനം തകർക്കാമെന്നു കരുതുന്നവർക്കു വഴങ്ങും എന്ന ധാരണ ആരും വച്ചുപുലർത്തേണ്ട. കിഫ്ബിയെക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നവർ നാടിന്റെ ശത്രുക്കളാണ്. അത്തരക്കാരുടെ മനോവൈകല്യത്തിനു വഴങ്ങില്ല. ആര് എതിർത്താലും കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ല.

വെല്ലുവിളിക്കു മുന്നിൽ പ്രതിമപോലെ നിൽക്കാനല്ല സർക്കാരിനെ ജനം തിരഞ്ഞെടുത്തത്. കിഫ്ബിയെ തകർക്കാൻ ഏതു ശക്തി വന്നാലും ചെറുക്കും. കിഫ്ബിയുമായി ബന്ധപ്പെട്ട ഓഡിറ്റിനു സിഎജിക്ക് എല്ലാ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ലോക്ഡൗൺ ഘട്ടത്തിൽപോലും ഓഡിറ്റ് പ്രവർത്തനം നടന്നു. ഓഡിറ്റിനുശേഷം ഫയലുകൾ ഓൺലൈനായി പരിശോധിക്കാൻ അനുമതി തേടിയപ്പോൾ അനുവദിച്ചു. കിഫ്ബി വഴി ധനസമാഹരണം നടത്തുന്നത് ആദ്യമായല്ല.

1999ൽ സ്ഥാപിതമായതു മുതൽ 2016 വരെ കിഫ്ബി ധനസമാഹരണം നടത്തി. രണ്ടു തവണ യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു ധനസമാഹരണം. 1999ൽ 13.52 ശതമാനം പലിശയ്ക്ക് 507.6 കോടി രൂപയാണ് വായ്പ എടുത്തത്. 2002ൽ 10.5 ശതമാനം പലിശയ്ക്ക് 10.74 കോടി എടുത്തു. 2003ൽ 11 ശതമാനം പലിശയ്ക്ക് 505.91 കോടി വായ്പയെടുത്തു. അന്ന് കടമെടുത്ത പണം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കായി വകമാറ്റി.

അതിനാൽ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല. സിഎജി ഓഡിറ്റിനു വിധേയമായ സ്ഥാപനമാണ് കിഫ്ബി. 25 ലക്ഷം രൂപ സർക്കാർ സഹായം കിട്ടിയാൽ ഓഡിറ്റിനു വിധേയമാണ്. അതിനു ആരുടെയും അനുവാദം ആവശ്യമില്ല. 4 തവണ ഈ സർക്കാരിന്റെ കാലത്ത് ഓഡിറ്റ് നടന്നു. പിന്നെ ആക്ഷേപം ഉന്നയിക്കുന്നവർക്ക് എന്താണ് പ്രശ്നം? ഒരിക്കൽ ഓഡിറ്റ് തുടങ്ങിയാൽ തുടർന്നുള്ള രണ്ടു വർഷവും തുടരാം.

അതുകഴിഞ്ഞാൽ സിഎജി ഓഡിറ്റ് തുടരണമെന്നു സർക്കാരിന് ആവശ്യപ്പെടാം. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ നേരത്തെ കത്ത് നൽകിയിട്ടുണ്ട്. സെബി, ആർബിഐ ചട്ടങ്ങൾ അനുസരിച്ച് ധനസമാഹരണത്തിനുള്ള പരിഷ്കാരങ്ങൾ എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ വരുത്തി. ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെയാണു കിഫ്ബി ഫണ്ട് അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content highlights: Pinarayi Vijayan slams CAG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com