ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി ജോ ബൈഡനെ അംഗീകരിച്ച് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ). അധികാരം കൈമാറുന്ന നടപടികൾ പൂർത്തിയാക്കേണ്ടത് ജിഎസ്എയാണ്. പരാജയം അംഗീകരിക്കാതിരുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒടുവിൽ അധികാരക്കൈമാറ്റത്തിനു വഴങ്ങിയതിനു പിന്നാലെയാണ് ജിഎസ്എയുടെ തീരുമാനം പുറത്തുവന്നത്. ബൈഡന്റെ ഔദ്യോഗിക സംഘത്തിന് പ്രവർത്തനം തുടങ്ങാനായി 7.3 ദശലക്ഷം ഡോളർ ഫണ്ടും മറ്റു സൗകര്യങ്ങളും അനുവദിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രസിഡന്റ് ട്രംപ് പരാജയം അംഗീകരിക്കാതിരുന്നതോടെ അധികാര കൈമാറ്റ നടപടികൾ വൈകിയിരുന്നു. ട്രംപിന്റെ നിലപാടിനെതിരെ സ്വന്തം പാർട്ടിയിൽനിന്ന് അടക്കം അതൃപ്തിയുയർന്നിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് അധികാര കൈമാറ്റത്തിനു ട്രംപ് വഴങ്ങിയത്. അതിനു വേണ്ട നടപടികളെടുക്കാൻ വൈറ്റ് ഹൗസ് അധികൃതർക്കു നിർദേശവും നൽകി. അതിനു പിന്നാലെയാണ് ജിഎസ്എയുടെ തീരുമാനം.

എന്താണ് ജിഎസ്എ?

ജോ ബൈഡൻ (Photo by JIM WATSON / AFP)
ജോ ബൈഡൻ (Photo by JIM WATSON / AFP)

സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന വലിയൊരു വിഭാഗമാണ് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ അഥവാ ജിഎസ്എ. അധികാര കൈമാറ്റ നടപടികൾ ഔദ്യോഗികമായി ആരംഭിക്കുന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ ജിഎസ്എ അംഗീകരിക്കുന്നതോടെയാണ്. 2016 ല്‍, തിരഞ്ഞെടുപ്പിനു വളരെ മുൻപ് ഓഗസ്റ്റിൽത്തന്നെ, വിജയിച്ചു വരുന്നയാളുടെ സംഘത്തിനുള്ള ഓഫിസ് സൗകര്യമടക്കം തയാറാക്കിയിരുന്നു. അന്ന്, ട്രംപ് വിജയിച്ചതിനു പിറ്റേദിവസംതന്നെ അധികാര കൈമാറ്റ നടപടികൾ ആരംഭിക്കുകയും ചെയ്തു.

സാധാരണഗതിയിൽ തിരഞ്ഞെടുപ്പിനു പിന്നാലെതന്നെ, വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നയാളെ വിജയിയായി അംഗീകരിച്ച് നടപടികൾ തുടങ്ങുമായിരുന്നു. ഇത്തവണ, പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കാതായതോടെ ജിഎസ്എയും വെട്ടിലായി. ജിഎസ്എ ഡയറക്ടർ എമിലി മർഫിയെ നിയമിച്ചത് ട്രംപാണ്. വീണ്ടും വോട്ടെണ്ണണമെന്ന ട്രംപ് വിഭാഗത്തിന്റെ ആവശ്യവും കോടതിയിൽ പോകുന്നതിന്റെ ഫലവും നോക്കിയിട്ടു മതി അധികാര കൈമാറ്റ നടപടികളെന്ന് എമിലി നിലപാടെടുത്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അധികാര കൈമാറ്റ നടപടികൾ വൈകിയതിന്റെ കാരണങ്ങൾ വ്യക്തമാക്കി തിങ്കളാഴ്ച ജോ ബൈഡന്റെ ടീമിന് അയച്ച കത്തിൽ എമിലി ഇതു വ്യക്തമാക്കുന്നുമുണ്ട്.

2000 ൽ അന്നത്തെ സ്ഥാനാർഥികളായ അൽഗോറും ജോർജ് ഡബ്ല്യു. ബുഷും ഫ്ലോറിഡയിലെ ഫലം മുൻനിർത്തി കോടതിയിൽ പോയിരുന്നെന്നും അന്നും അധികാര കൈമാറ്റ നടപടികൾ വൈകിയിരുന്നെന്നും മർഫിയെ പിന്തുണച്ച് റിപ്പബ്ലിക്കൻമാർ വാദിക്കുന്നുണ്ട്. എന്നാൽ അങ്ങനെയാണെങ്കിലും ഫ്ലോറിഡയിൽ 500 വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായിരുന്നതെന്നും ചില സ്റ്റേറ്റുകളിൽ ആയിരത്തിലധികം വോട്ടുകൾക്കാണ് ബൈഡൻ ട്രംപിനേക്കാൾ മുന്നിട്ടുനിന്നതെന്നും ഡെമോക്രാറ്റുകൾ ചൂണ്ടിക്കാണിച്ചിരുന്നു. അധികാര കൈമാറ്റം വൈകുന്നതിന്റെ കാരണത്തെപ്പറ്റി തിങ്കളാഴ്ചയോടെ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റ് സെനറ്റർമാർ എമിലി മർഫിക്കു കത്തും നൽകിയിരുന്നു.

ജോ ബൈഡൻ (Photo by Mark Makela/Getty Images/AFP)
ജോ ബൈഡൻ (Photo by Mark Makela/Getty Images/AFP)

അധികാര കൈമാറ്റ നടപടികൾ എങ്ങനെ?

ജിഎസ്എ ബൈഡനെ അംഗീകരിച്ചതിനാൽ ഇനി സർക്കാരിന്റെ ക്ലാസിഫൈഡ് രേഖകളെ സംബന്ധിച്ച വിവരങ്ങൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾക്കുള്ള അനുമതി, സർക്കാർ ഇമെയിൽ സൗകര്യം, ഓഫിസ് സൗകര്യം, ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ സുരക്ഷ തുടങ്ങിയവ ബൈഡന്റെ സംഘത്തിനു ലഭിക്കും. ബൈഡന്റെ സംഘത്തിനു നിലവിൽ സൈബർ സെക്യൂരിറ്റി വിഭാഗത്തിന്റെ കാര്യമായ പിന്തുണയുണ്ടായിരുന്നില്ല. ക്ലാസിഫൈഡ് വിവരങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിനാൽ റഷ്യ, ചൈന തുടങ്ങി മറ്റേതെങ്കിലും വിദേശ ഏജന്‍സികൾ ഇവ ചോർത്തിയേക്കുമെന്ന ഭീതിയും ഉണ്ടായിരുന്നു. ജിഎസ്എയുടെ അംഗീകാരത്തോടെ, സംഘത്തിന്റെ ഇമെയിൽ, മറ്റ് ആശയവിനിമയ മാർഗങ്ങൾ എന്നിവയ്ക്ക് സംരക്ഷണം ലഭിക്കും.

ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ പടി

അധികാര കൈമാറ്റ നടപടികൾ ജിഎസ്എ ഔദ്യോഗികമായി അംഗീകരിക്കാൻ കാത്തുനിൽക്കാതെതന്നെ തന്റെ ക്യാബിനറ്റ് അംഗങ്ങളെ ബൈഡന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ്–19, വാക്സീൻ വിതരണ പദ്ധതി തുടങ്ങിയവ അടുത്ത സർക്കാരാണ് നടപ്പാക്കേണ്ടത്. ആ സാഹചര്യത്തിൽ, സർക്കാരിന്റെ ഔദ്യോഗിക ഡേറ്റ ശേഖരത്തിലേക്കു പ്രവേശനം ലഭിക്കാതിരുന്നാൽ ബൈഡന്‍ ഭരണകൂടത്തിന് അതു വലിയ തിരിച്ചടിയായേനെ. കോവിഡ്–19 വ്യാപനം രൂക്ഷമായിരിക്കുന്നതിനാൽ ഈ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുക എന്നതാണ് നിലവിൽ ടീം ബൈഡന്റെ ലക്ഷ്യം.

ജോ ബൈഡനും കമല ഹാരിസും (Photo by JIM WATSON / AFP)
ജോ ബൈഡനും കമല ഹാരിസും (Photo by JIM WATSON / AFP)

ബൈഡന്‍ ഭരണകൂടം വരുമ്പോൾ വൈറ്റ് ഹൗസിലേക്ക് ആരെയൊക്കെ നിയമിക്കണമെന്നുള്ള ചർച്ചകളും പശ്ചാത്തല പരിശോധനകളും നടക്കുകയാണ്. നിലവിൽ വൈസ് പ്രസിഡന്റ് കമല ഹാരിസ്സിനെ കൂടാതെ, സ്റ്റേറ്റ് സെക്രട്ടറിയായി ആന്റണി ബ്ലിൻകെനെയും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി അലെജാൻഡ്രോ മയോർകസിനെയും ബൈഡൻ തിരഞ്ഞെടുത്തിട്ടുണ്ട്. ചീഫ് ഓഫ് സ്റ്റാഫ് ആയി റോൺ ക്ലെയ്ൻ, നാഷനൽ ഇന്റലിജൻസ് ഡയറക്ടറായി അവ്‌റിൽ ഹെയ്ൻസ്, നാഷനൽ സെക്യൂരിറ്റി അഡ്വൈസറായി ജെയ്ക് സള്ളിവൻ, യുഎൻ അംബാസഡറായി ലിൻഡ തോമസ് ഗ്രീൻഫീൽ‍ഡ് എന്നിവരും ബൈഡന്റെ പട്ടികയിലുണ്ട്.

മയോർകസ് അധികാരമേറ്റെടുത്താൽ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയാകുന്ന ആദ്യ ലാറ്റിനമേരിക്കൻ വംശജനാകും അദ്ദേഹം. ക്യൂബയിൽ ജനിച്ച മയോർകസ് ഒരു വയസ്സുള്ളപ്പോൾ മാതാപിതാക്കൾക്കൊപ്പം യുഎസിലേക്ക് അഭയാർഥിയായി എത്തിയതാണ്.

നാഷനൽ ഇന്റലിജൻസ് ഡയറക്ടർ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അവ്‌റിൽ ഹെയ്ൻസ്. യുഎസ് ഫെഡറൽ റിസർവിന്റെ തലപ്പത്തേക്കും ആദ്യമായി ഒരു വനിതയെത്തുകയാണ് – ജാനറ്റ് യെല്ലെൻ. 74 കാരിയായ ഇവരുടെ നിയമനം ഔദ്യോഗികമായി ബൈഡൻ പ്രഖ്യാപിച്ചില്ലെങ്കിലും ചൊവ്വാഴ്ച അതുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിയമനത്തിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ ആദ്യമായാണ് യുഎസിന് ഒരു വനിതാ ട്രഷറി സെക്രട്ടറിയെ ലഭിക്കുന്നത്.

English Summary: Biden Transition Formally Begins & what does the General Services Administration's decision mean?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com