ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് (ഇഡി) നോട്ടിസ് നൽകി. 27ന് ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.

സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാൻ നേരത്തെ നോട്ടിസ് നൽകിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാൽ ഹാജരായിരുന്നില്ല. കോവിഡ് നെഗറ്റീവായി നിരീക്ഷണ കാലയളവ് കഴിഞ്ഞതിനാലാണ് വീണ്ടും നോട്ടിസ് നൽകിയത്. കസ്റ്റംസും സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യും. സ്വപ്നയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ ലഭിച്ചതിനെത്തുടർന്നാണു ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സി.എം.രവീന്ദ്രനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 ഉദ്യോഗസ്ഥരെകൂടി ചോദ്യം ചെയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ആലോചിക്കുന്നുണ്ട്.

സ്വപ്ന സുരേഷിന്റെ എല്ലാ വഴിവിട്ട സാമ്പത്തിക ഇടപാടുകളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘവും അറിഞ്ഞിരുന്നുവെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മറ്റു ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സ്വപ്ന പറഞ്ഞെങ്കിലും ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്നും ഇഡി നിലപാടെടുത്തു.

സർക്കാരിന്റെ വൻകിട പദ്ധതികളിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്നും ശിവശങ്കർ ഇടപാടുകളിലെ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. പദ്ധതികളിൽ സി.എം.രവീന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കാണ് ഇഡി അന്വേഷിക്കുന്നത്. ലൈഫ്, കെ ഫോൺ, ഡൗൺ ടൗൺ പദ്ധതികളിലെ ഉദ്യോഗസ്ഥ ഇടപാടുകൾ ഇഡി പരിശോധിക്കും.

സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുകൊണ്ട് അയാൾ കുറ്റവാളിയാകില്ലെന്നും അദ്ദേഹത്തെ വിശ്വാസമാണെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.

English Summary: Enforcement to question Pinarayi Vijayan's additional private secretary CM Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com