ADVERTISEMENT

ന്യൂഡല്‍ഹി∙ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയും പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റുമായ വഹീദ് ഉര്‍ റഹ്മാന്‍ പാറയെ ഭീകരബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെട്ട തീവ്രവാദ കേസുകളിലെ ബന്ധം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. 

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കിയതിനും തീവ്രവാദ കേസിലെ ബന്ധത്തിന്റെയും പേരിലാണ് വഹീദിനെ അറസ്റ്റ് ചെയ്തതെന്ന് മുതര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹിയില്‍ എന്‍ഐഎ ആസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. നവീദ് ബാബുവുമായി വഹീദിനുള്ള ബന്ധം തെളിയിക്കാന്‍ കഴിഞ്ഞെന്ന് എഐഎ അറിയിച്ചു. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷം ജമ്മുവിനു കൊണ്ടു പോകും. 

ദക്ഷിണ കശ്മീരില്‍ പീപ്പിള്‍സ് ഡമോക്രാറ്റിക്ക് പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വഹീദ്, ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. നവംബര്‍ 28നാണ് തിരഞ്ഞെടുപ്പ്. രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ശ്രീനഗര്‍-ജമ്മു ഹൈവേയിലൂടെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡിഎസ്പി ദവീന്ദര്‍ സിങ് അറസ്റ്റിലായ സംഭവത്തിലും വഹീദിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. 

വഹീദിന്റെ അറസ്റ്റിനെതിരെ മെഹബൂബ മുഫ്തി രംഗത്തെത്തി. രാജ്‌നാഥ് സിങ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കശ്മീരില്‍ ജനാധിപത്യം ശക്തിപ്പെടുത്തിയതിന് വഹീദിനെ അഭിനന്ദിക്കുന്ന വിഡിയോ മെഹബൂബ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ അടിസ്ഥാനരഹിതമായ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. നവംബര്‍ 20നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ വഹീദിന് എന്‍ഐഎ സമന്‍സ് ലഭിച്ചുവെന്നും മെഹബൂബ പറഞ്ഞു. നവീദ് ബാബുവുമായി വഹീദിനു ബന്ധമില്ലെന്നും പിഡിപിയെയും മറ്റു മുഖ്യധാര രാഷ്ട്രീയ കക്ഷികളെയും ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമമാണെന്നും മെഹബൂബ കുറ്റപ്പെടുത്തി.

English Summary: Mehbooba Mufti's Close Aide, PDP Youth Leader Arrested in Terror Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com