ADVERTISEMENT

മുംബൈ ∙ കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമായാൽ മുംബൈയിൽ ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 40,000 വരെയായി ഉയരാൻ സാധ്യതയുണ്ടെന്ന് കോർപറേഷൻ. അതിനിർണായക ദിവസങ്ങളാണ് ഇനിയുള്ളതെന്നു ചൂണ്ടിക്കാട്ടിയ ആരോഗ്യവകുപ്പ് എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും നിർദേശിച്ചു.

മുംബൈയിൽ കോവിഡ് ഏറ്റവും രൂക്ഷമായ വേളയിൽ, സെപ്റ്റംബർ 18ന് ആക്ടീവ് കേസുകൾ 34,000 വരെ എത്തിയിരുന്നു. 13,625 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതാണ് 40,000 വരെയായി ഉയർന്നേക്കാമെന്ന് ബിഎംസി മുന്നറിയിപ്പ് നൽകുന്നത്. കിടക്കകളും മറ്റു ചികിത്സാ സംവിധാനങ്ങളും വീണ്ടും സജ്ജമാക്കുന്ന ജോലികളിലേക്ക് ബിഎംസി കടക്കുകയാണെന്നും ജംബോ കോവിഡ് സെന്ററുകളിൽ ഓക്സിജൻ പ്ലാന്റുകൾ നിറയ്ക്കുമെന്നും അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്കകൾ ഡിസംബർ 31 വരെ കരുതിവയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ബിഎംസി അധികൃതർ പറഞ്ഞു. കച്ചവടക്കാർ, വഴിയോര വിൽപനക്കാർ, ചന്തകളിൽ ജോലി ചെയ്യുന്നവർ, ബസ് ജീവനക്കാർ എന്നിവർക്കിടയിൽ സ്ക്രീനിങ് വീണ്ടും ആരംഭിച്ചു. ആവർത്തിച്ച് ജാഗ്രതാ നിർദേശം നൽകിയിട്ടും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും നടക്കുന്നവർ ഏറെയാണ്.

മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി ശക്തമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 200 രൂപയിൽനിന്ന് 1000 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. വരുന്ന ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തിയശേഷം മുംബൈ, പുണെ, നാഗ്പുർ, ഔറംഗാബാദ് നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണ്.

രോഗവർധനയുണ്ടായാൽ, കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാന, ട്രെയിൻ സർവീസ് നിയന്ത്രണങ്ങൾക്കു സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മുംബൈയിൽ ആദ്യഘട്ടത്തിൽ ചേരികളിലും, സെപ്റ്റംബറിൽ താമസ സമുച്ചയങ്ങളിലുമായിരുന്നു കൂടുതൽ കേസുകളെങ്കിൽ ഇനി വ്യാപനമുണ്ടായാൽ രണ്ടിടങ്ങളിലും ഒരുമിച്ചു പടരാനാണ് സാധ്യതയെന്നാണ് ബിഎംസി ആരോഗ്യവകുപ്പിന്റെ നിഗമനം.

English Summary: Mumbai expects second covid wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com