ADVERTISEMENT

ന്യൂഡല്‍ഹി ∙ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്നു ഡല്‍ഹി ഹൈക്കോടതി. ഇരുപതുകാരിയെ വീണ്ടും ഭര്‍ത്താവിനൊപ്പം ചേര്‍ത്തുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലവ് ജിഹാദിനെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയരുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിപിന്‍ സാങ്‌വി, രജനീഷ് ഭട്‌നാഗര്‍ എന്നിവരുടെ സുപ്രധാന ഉത്തരവ്. 

സുലേഖ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബബ്്‌ലു എന്ന യുവാവ് തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്ന സുലേഖയുടെ കുടുംബത്തിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി  പരിഗണിക്കുമ്പോഴാണു കോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്. കുടുംബത്തിന്റെ പരാതി തള്ളിയ കോടതി സുലേഖയെ ബബ്്‌ലുവിനൊപ്പം താമസിക്കാന്‍ അനുവദിച്ചു. സുലേഖയുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

വീടുവിട്ട സമയത്ത് സുലേഖയ്ക്കു പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് അവരെ പൊലീസ് സുരക്ഷയില്‍ ബബ്്‌ലുവിന്റെ വീട്ടിലെത്തിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. നിയമം കയ്യിലെടുക്കാനോ ദമ്പതിമാരെ ഭീഷണിപ്പെടുത്താനോ സുലേഖയുടെ കുടുംബത്തെ അനുവദിക്കരുതെന്നു പൊലീസിനു നിര്‍ദേശം നല്‍കി. സുലേഖ പ്രായപൂര്‍ത്തിയായ സ്ത്രീയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ബബ്്‌ലുവിനൊപ്പം താമസിക്കുന്നതെന്നും കോടതി പറഞ്ഞു.

2000-ത്തിലാണ് സുലേഖ ജനിച്ചത്. ബബ്‌ലുവിനെ വിവാഹം കഴിച്ചതായി അവര്‍ പറഞ്ഞുവെന്നും കോടതി വ്യക്തമാക്കി. ഏതു സമയത്തും ബന്ധപ്പെടാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ ദമ്പതിമാര്‍ക്കു നല്‍കാനും നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 12 മുതല്‍ സുലേഖയെ കാണാനില്ലെന്നും ബബ്്‌ലുവാണു പിന്നിലെന്നും ചൂണ്ടിക്കാട്ടി സഹോദരിയാണു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. 

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം അനുവദിച്ചിട്ടുള്ള വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോടതികള്‍ക്കു അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

English Summary: Adult woman free to live wherever, with whoever she wishes: Delhi HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com