ADVERTISEMENT

താൻ പാതി, ദൈവം പാതിയെന്നാണ് പറച്ചിൽ. എന്നാൽ, കോവിഡിനെതിരെയുള്ള വാക്സീന്റെ കാര്യത്തിൽ പാതി സർക്കാരും ബാക്കിയെല്ലാം വാക്സീൻ കമ്പനികളുടെയും കയ്യിലാണ്. ഇന്ത്യ മാത്രമല്ല ലോകരാജ്യങ്ങളൊന്നാകെ വാക്സീനു വേണ്ടി ആശ്രയിക്കുന്ന പല കമ്പനികളും നമ്മുടെ രാജ്യത്താണ്. പ്രത്യേകിച്ചും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്ക്. ഇത്തരം രാജ്യങ്ങളിലേക്ക് എത്തുന്ന വാക്സീന്റെ 60 ശതമാനവും ഇന്ത്യയിൽ നിന്നെന്നാണ് കണക്ക്. 

വാക്സീൻ ഗവേഷണ–ഉൽപാദന രംഗത്ത് അടുത്തിടെയായി എന്നും കേൾക്കുന്ന പേരുകളിലൂടെ... ആ വമ്പന്മാരുടെ കഥ ഇങ്ങനെ: 

അദാർ പൂനാവാല (Photo Courtesy - IANS)
അദാർ പൂനാവാല

∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് 

പേരു കൊണ്ടു ഒരു സർക്കാർ സ്ഥാപനമാണിതെന്നു പലരും തെറ്റിദ്ധരിച്ചു പോയതാണ് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സീൻ ഉൽപാദക കമ്പനികളിലൊന്നായി മാറിയതിനു പിന്നിൽ വർഷങ്ങളുടെ കഥയുണ്ട്. കുടുംബബിസിനസ്സായ കുതിരയോട്ടവും കുതിരഫാമും പയറ്റിനോക്കിയെങ്കിലും ഇന്ത്യയിൽ അതുകൊണ്ടു കാര്യമില്ലെന്നു ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ സൈറസ് പൂനെവാലെയെന്ന പാഴ്സി ബിസിനസുകാരാനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കക്കാരൻ. സ്പോർട്സ് കാർ നിർമാണം അടക്കം പയറ്റിനോക്കിയ ശേഷമായിരുന്നു ഫാർമസ്യൂട്ടിക്കൽ ബിസിനസിലേക്കുള്ള ചുവടുവയ്പ്പ്. 

1966ൽ സ്ഥാപിക്കപ്പെട്ട സീറം ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ 150 കോടിയിൽപരം വാക്സീൻ ഡോസുകൾ ലോകമെമ്പാടും നൽകിയിട്ടുണ്ട്. ലോകത്തെ 65% കുട്ടികളും സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഒരു വാക്സീനെങ്കിലും സ്വീകരിച്ചിട്ടുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. 170 ഓളം രാജ്യങ്ങളിൽ സീറത്തിന്റെ വാക്സീനുകൾ എത്തുന്നുണ്ട്. കുട്ടികൾക്കുള്ള വാക്സീനുകളിലാണ് നേരത്തെ മുതൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധിച്ചിരുന്നത്. പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല തുടങ്ങി ഒട്ടനവധി വാക്സീനുകൾ സീറത്തിന്റേതായുണ്ട്. 

നെതർലാ‍ൻഡ്സ് സർക്കാരിന്റെ ബയോഎൻജിനീയറിങ് ആൻഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിൽതോവെൻ ബയോളജിക്കൽസ് 2012ൽ ഏറ്റെടുത്തതും സീറം ആയിരുന്നു. ചെയർമാനും എംഡിയുമായ സൈറസിന്റെ മകൻ അദാർ പൂനെവാലയാണ് നിലവിൽ കമ്പനിയുടെ സിഇഒ. പുനെവാല ഫിനാ‍ൻസ്, ഏവിയേഷൻ ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് തുടങ്ങി മേഖലകളിലും സീറം ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. 

(ഓക്സ്ഫഡ്–അസ്ട്രാസെനക്ക വാക്സീന്റെ ഇന്ത്യയിലെ ഉൽപാദനവും ട്രയലും നടത്തുന്നത് സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്. കോവിഷീൽഡ് എന്ന പേരിലാണ് വാക്സീൻ ലഭ്യമാക്കുക. ഇതിനു പുറമേ, യുഎസ് കമ്പനിയായ നോവാവ്കാസ് നിർമിച്ച കോവോവാക്സ് അടക്കം 5 മറ്റ് വാക്സീനുകളും സീറവുമായി ധാരണയിലുണ്ട്) 

suchitra-ella-Bharat-Biotech-Krishna-Ella
സുചിത്ര എല്ല, ഡോ.കൃഷ്ണ എല്ല (ചിത്രം: ട്വിറ്റർ)

∙ ഭാരത് ബയോടെക്ക് 

യുഎസിൽ ഗവേഷക–അധ്യാപക ജോലി ഉപേക്ഷിച്ചു തമിഴ്നാട് സ്വദേശി ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും 1996ൽ ഹൈദരാബാദിൽ തുടങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഭാരത് ബയോടെക്ക്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച ഗവേഷകരെ ഒപ്പം കൂട്ടി നടത്തിയ ശ്രമം പുതിയ വാക്സീനുകളിലേക്കു കമ്പനിയെ നയിച്ചു. ഹൈദരാബാദിലെ ജീനോംവാലിയിൽ അത്യാധുനിക ബയോസേഫ്റ്റി സംവിധാനങ്ങളുമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്, വാക്സീൻ ഉൽപാദനത്തിനൊപ്പം തന്നെ ഗവേഷണത്തിന് ഊന്നൽ നൽകുന്നു. 160 ഓളം വാക്സീനുകളുടെ പേറ്റന്റ് ഇപ്പോൾ കമ്പനിയുടെ പേരിലുണ്ട്. 65ൽപരം രാജ്യങ്ങളിലേക്കാണ് വാക്സീൻ നൽകുന്നത്. ചിക്കൻ ഗുനിയ, സീക്ക എന്നിവയ്ക്കെതിരെ വാക്സീനിലെ മുൻനിരക്കാർ. ബയോടെക്ക്നോളജി രംഗത്തെ അടിസ്ഥാന സൗകര്യവികസനം, വെറ്റിനറി വാക്സീൻ തുടങ്ങിയവയിലും ശ്രദ്ധ നൽകുന്നു. 

(കോവിഡിനെതിരെ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ സാധ്യതാവാക്സീൻ അവതരിപ്പിച്ചത് ഭാരത് ബയോടെക്കാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ചാണ് വാക്സീൻ വികസിപ്പിച്ചതും മൂന്നാം ഘട്ട ട്രയലിലേക്ക് എത്തിയതും. വിദേശ കമ്പനികളുമായി സഹകരിച്ചു മറ്റ് ചില വാക്സീനുകളും ഭാരത് ബയോടെക്കിന്റെ അണിയറയിൽ ഒരുങ്ങുന്നു) 

∙ സൈഡസ് കാഡില 

ഗുജറാത്തിലെ ഫാർമസി കോളജിൽ അധ്യാപകനായിരുന്ന രമൺഭായ് പട്ടേൽ സ്കൂൾകാലത്തെ കൂട്ടുകാരനായ ഇന്ദ്രാവദൻ മോദിയുമായി ചേർന്നപ്പോഴാണ് സൈഡസ് കാഡില പിറന്നത്. 1952ൽ തുടക്കമിട്ട കമ്പനി ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ രംഗത്തെ വൻശക്തിയായി മാറി. പക്ഷേ, 1995ൽ കൂട്ടുകാർ വഴിപിരിഞ്ഞപ്പോൾ കമ്പനി കാഡില ഹെൽത്ത് കെയറും കാഡില ഫാർമസ്യൂട്ടിക്കൽസുമായി. രമൺഭായ് പട്ടേലിന്റെ കാഡില ഹെൽത്ത്കെയർ വാർഷികവിറ്റുവരവ് 250 കോടിയിൽ നിന്ന് 14000 കോടി വളർച്ചയുള്ള കമ്പനിയായി മാറി. 2001 മുതൽ  രമൺഭായ് പട്ടേലിന്റെ മകൻ പങ്കജ് പട്ടേലാണ് കമ്പനിയുടെ സാരഥി. 

ഡിഫ്തീരിയ, ടെറ്റനസ്, ഹെപ്പറ്റൈറ്റീസ്, ഇൻഫ്ലുവൻസ ആൻഡ് ടൈഫോയിഡ് തുടങ്ങിയ വാക്സീനുകളിലെ മുൻനിരക്കാർ. ഇന്ത്യയിലെ ആദ്യത്തെ ടെട്രാ ഇനാക്ടിവേറ്റഡ് ഇൻഫ്ലുവൻസാ വാക്സീനായ വാക്സിഫ്ലൂ–4 സൈഡസ് കാഡിലയുടേതാണ്. മരുന്നുകൾ മാത്രമല്ല, വെൽനസ്, അനിമൽ ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് തുടങ്ങിയവയിൽ പ്രധാനശക്തികളിലൊന്ന്. 

(തദ്ദേശീയ വാക്സീനുകളിൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രതീക്ഷയാണ് സൈഡസ് കാഡില വികസിപ്പിച്ച സൈകോവ്–ഡി എന്ന വാക്സീൻ. മനുഷ്യരിലെ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടവും പൂർത്തിയാക്കിയ കമ്പനി, മൂന്നാം ഘട്ടത്തിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരിക്കുകയാണ്. ചില വിദേശ സർവകലാശാലകളുമായി ചേർന്നും വാക്സീൻ ഗവേഷണം നടത്തുന്നു). 

∙ ‍ഡോ. റെഡ്ഡീസ്

മരുന്നുനിർമാണത്തിലെ അതികായന്മാരായ വളർന്ന ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ തുടക്കം 1984ലാണ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ കർഷക കുടുംബത്തിൽ ജനിച്ച ഡോ. അഞ്ചി റെഡ്ഡിയായിരുന്നു റെഡ്ഡീസ് ലാബിന്റെ സ്ഥാപകൻ. നാട്ടുമരുന്നുകളുണ്ടാക്കി സൗജന്യമായി നൽകിയിരുന്ന അച്ഛനെ കാണ്ടാണ് തനിക്ക് ഫാർമസിരംഗത്തോടുള്ള ഇഷ്ടം തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 6 വർഷത്തോളം ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ജോലി ചെയ്തശേഷമായിരുന്നു അഞ്ചി റെഡ്ഡി സ്വന്തം കമ്പനിക്കു തുടക്കമിട്ടത്. 190 മരുന്നുകളും 60 ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സും കമ്പനിയുടെ പേരിലുണ്ട്. ഇതിനു പുറമേ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, തീവ്രപരിചരണ ചികിത്സയിലെ ഉപകരണങ്ങൾ തുടങ്ങിയവയും റെഡ്ഡീസിന്റേതായുണ്ട്.

(കോവിഡിനെതിരെ ഇന്ത്യയുടെ വാക്സീൻ പ്രതീക്ഷയിലേക്ക് ഏറ്റവും ഒടുവിൽ എത്തിയതാണ് റെഡ്ഡീസ് ലാബ്. റഷ്യ വികസിപ്പിച്ച സ്പുട്നിക് 5 വാക്സീന്റെ ഇന്ത്യയിൽ ‌ട്രയൽ, ഉൽപാദനം, വിതരണം എന്നിവയ്ക്കുള്ള അനുമതി റെഡ്ഡീസിനാണ്. 95% വരെ ഫലപ്രാപ്തി അവകാശപ്പെടുന്ന സ്പുട്നിക് വാക്സീൻ കോവിഡിനെതിരെ മുൻനിരയിലുണ്ട്).

∙ ഇനിയും ചിലർ 

കോവിഡിനെതിരെ വാക്സീൻ പരീക്ഷണം, ഉൽപാദനം എന്നിവയ്ക്കുള്ള വിവിധ ഘട്ടങ്ങളിൽ വേറെയും ചില കമ്പനികൾ സജീവമാണ്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇയും മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടങ്ങളിലാണ്. ബെൽജിയം കമ്പനി വികസിപ്പിച്ച വാക്സീനാണ് ബയോളജിക്കൽ ഇ ട്രയൽ നടത്തുന്നത്. റിലയൻസ് ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ്, അർബിന്ദോ ഫാർമ ലിമിറ്റഡ്, പെനസിയ ബയോടെക്, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ്, മൈൻവാക്സ് തുടങ്ങിയവയും വാക്സീൻ ഉൽപാദനം, ഗവേഷണം എന്നിവയ്ക്കുള്ള തയാറെടുപ്പുകൾ തുടരുന്ന ഇന്ത്യൻ  കമ്പനികളുടെ പട്ടികയിലുണ്ട്. 

Content Highlight: Indian covid vaccine companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com