ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധികാരത്തിലുള്ള അവസാന നാളുകള്‍ ഏറെ ആശങ്കയോടെയാണു ലോകം ഉറ്റുനോക്കുന്നത്. ജനുവരിയില്‍ ഓഫിസ് വിട്ടിറങ്ങും മുമ്പ് ഇറാനെതിരെ ആക്രമണം നടത്താന്‍ ട്രംപ് ഉത്തരവിടുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇസ്രയേല്‍ സൈന്യവും ഇതിനായി സജ്ജരായിക്കഴിഞ്ഞെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനില്‍ അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങള്‍ ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്. അല്‍ ഖായിദയുടെ രണ്ടാമനായ മുഹമ്മദ് അല്‍ മസ്രി വധിക്കപ്പെട്ടു ദിവസങ്ങള്‍ക്കുള്ളിലാണ് ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന മൊഹ്‌സീന്‍ ഫക്രിസദേ വെള്ളിയാഴ്ച ടെഹ്‌റാനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 

ഇറാന്‍ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായ മൊഹ്‌സീൻ വധിക്കപ്പെട്ടതോടെ ഇറാന്‍ ഏതു തരത്തില്‍ തിരിച്ചടിക്കുമെന്നതു വിധി നിര്‍ണായകമാകും. അതിവിദഗ്ധരായ കമാന്‍ഡോകളാല്‍ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തില്‍ ചലിച്ചിരുന്ന മൊഹ്‌സീനെയാണ് ഇറാന്റെ മണ്ണില്‍ വെടിവച്ചു വീഴ്ത്തിയിരിക്കുന്നത്. അതിശക്തായ തിരിച്ചടിക്ക് ഇറാന്‍ മടിക്കില്ലെന്ന സൂചനയാണ് ഭരണകൂടം നല്‍കുന്നത്. 

മൊഹ്‌സീന്റെ കൊലയ്ക്കു പിന്നാല്‍ ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ചുണ്ടിക്കാട്ടി ഇറാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നല്‍കി കഴിഞ്ഞു. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കൊലപാതകത്തെ അപലപിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് പറഞ്ഞു. 

Mohsen-Fakhrizadeh-iran
മൊഹ്‌സീന്‍ ഫക്രിസദേ

മൊസാദ് ഹിറ്റ് ലിസ്റ്റിലെ പ്രമുഖന്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു വര്‍ഷങ്ങളായി മൊഹ്‌സീന്‍ എന്ന ഫിസിക്‌സ് പ്രഫസര്‍. ഇസ്‌ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉദ്യോഗസ്ഥനും ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്‌സീന്‍. പ്രതീക്ഷ എന്ന് അര്‍ഥം വരുന്ന 'അമാദ്' എന്ന ഇറാനിയന്‍ ആണവപദ്ധതിയുടെ ചുക്കാന്‍ പിടിച്ചിരുന്നത് ഇദ്ദേഹമാണ്. സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണ് ആണവപദ്ധതികളെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും അണുബോംബ് നിര്‍മാണ പദ്ധതികളാണ് അണിയറയില്‍ അരങ്ങേറുന്നതെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആരോപണം. 

അധികാരത്തില്‍ കഷ്ടിച്ച് രണ്ടു മാസം മാത്രം ശേഷിക്കേ ഇറാന്റെ സുപ്രധാന ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടിവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഉന്നതതല യോഗം ചേര്‍ന്നാണ് ട്രംപ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇറാനെതിരായ സൈനിക നടപടിയുടെ പ്രത്യാഘാതം വിപുലമായിരിക്കുമെന്നും ഒഴിവാക്കുന്നതാണു നല്ലതെന്നും പ്രതിരോധ വിദഗ്ധര്‍ ഉപദേശിച്ചതോടെ ട്രംപ് പിന്മാറുകയായിരുന്നുവെന്നാണു സൂചന. എന്നാല്‍ ട്രംപ് അടങ്ങിയിരിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രഹസ്യനീക്കങ്ങളിലൂടെയും കര്‍ശന ഉപരോധങ്ങളിലൂടെയും ഇറാനെ വശംകെടുത്താനാണ് ട്രംപും ഇസ്രയേല്‍ ഭരണകൂടവും ശ്രമിക്കുന്നത്.

ഇറാന്റെ ആണവപദ്ധതികള്‍ നയിക്കുന്നത് മൊഹ്‌സീനാണെന്ന നിഗമനത്തില്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു മൊസാദ്. 2006 മുതലാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും മൊസാദും മൊഹ്‌സീനെ പിന്തുടര്‍ന്നു തുടങ്ങിയത്. 2011ലാണ് ആണവപദ്ധതികളില്‍ അദ്ദേഹത്തിനുള്ള നിര്‍ണായക പങ്ക് ചാരസംഘടനകള്‍ തിരിച്ചറിഞ്ഞത്. 

Benjamin Netanyahu
ബെഞ്ചമിന്‍ നെതന്യാഹു

ഓര്‍ത്തുവയ്ക്കണം 'മൊഹ്‌സീന്റെ പേര്': നെതന്യാഹു

2015ല്‍ രാജ്യന്തര കരാറിന്റെ ഭാഗമായി ഇറാന്‍ എല്ലാ ആണവപദ്ധതികളും നിര്‍ത്തിവച്ചെങ്കിലും മൊഹ്‌സീന്‍ രഹസ്യമായി പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം. മൊഹ്‌സീനുമായി ചര്‍ച്ച നടത്തണമെന്ന രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ ആവശ്യം വര്‍ഷങ്ങളായി ഇറാന്‍ നിരസിക്കുകയായിരുന്നു. അദ്ദേഹം ഒരു വിദ്യാഭ്യാസവിദഗ്ധന്‍ മാത്രമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ പ്രഫസര്‍ പദവി ഒരു മറ മാത്രമാണെന്നായിരുന്നു 2007ലെ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. 2008ല്‍ മൊഹ്‌സീനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. 2018ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മൊഹ്‌സീന്റെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചിരുന്നു. ടെഹ്‌റാനില്‍നിന്ന് ആണവപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രയേല്‍ കണ്ടെടുത്തുവെന്ന് വെളിപ്പെടുത്തിയ നെതന്യാഹു 'മൊഹ്‌സീന്‍' എന്ന പേര് ഓര്‍ത്തുവയ്ക്കണമെന്നും പറഞ്ഞിരുന്നു. 

ആണവപദ്ധതികള്‍ക്കു തിരിച്ചടി

മൊഹ്‌സീന്റെ മരണം ഇറാന്റെ ആണവപദ്ധതികള്‍ക്കു വന്‍ തിരിച്ചടിയാകുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. അത്രയേറെ വിപുലമായ വിവരശേഖരമാണ് അദ്ദേഹത്തിന് ആണവപദ്ധതികളെക്കുറിച്ച് ഉണ്ടായിരുന്നത്. ഇറാന്‍ ഭരണകൂടത്തിന് അതിവിനാശകരമായ ആണവബോംബ് ഉറപ്പാക്കുന്നതിനു പ്രതിജ്ഞാബദ്ധമായിരുന്നു മൊഹ്‌സീന്‍. ബാലിസ്റ്റിക് മിസൈല്‍ വിദഗ്ധര്‍ കൂടിയായ അദ്ദേഹം ഇറാന്റെ മിസൈല്‍ പദ്ധതികളിലും പങ്കാളിയായിരുന്നു. അതേസമയം, രാജ്യത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെട്ടിരുന്ന മൊഹ്‌സീന്റെ മരണം ഇറാന്റെ ആണവപദ്ധതികളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കുന്നു. 

ആണവ ശാസ്ത്രജ്ഞന്‍മാരെ വകവരുത്തി ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ക്കുകയെന്ന തന്ത്രമാണ് ഇസ്രയേലും അമേരിക്കയും പയറ്റുന്നതെന്നാണ് ഇറാന്റെ ആരോപണം. 2010നും 2012നും ഇടയില്‍ നാല് ആണവശാസ്ത്രജ്ഞരാണു കൊല്ലപ്പെട്ടത്. മജീദ് ഷരിയാരിയെന്ന ആണവ ഗവേഷകന്‍ കൊല്ലപ്പെട്ടതിന്റെ പത്താം ചരമവാര്‍ഷികത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണു മൊഹ്‌സീനും കൊല്ലപ്പെട്ടിരിക്കുന്നത്. മജീദിന്റെ കൊലയ്ക്കു പിന്നിലും ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. 

അബ്ദുല്ല അഹമ്മദ് അബ്ദുല്ല എന്ന അബു മുഹമ്മദ് അൽ മസ്‍രി.
മുഹമ്മദ് അല്‍ മസ്രി

മസ്രിക്കു പിന്നാലെ മൊഹ്‌സീന്‍

വൈറ്റ് ഹൗസിലെ അവസാന നാളുകളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലുമായി ചേര്‍ന്ന് ഇറാനെതിരെ അതിരൂക്ഷമായ നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അല്‍ ഖായിദയുടെ നമ്പര്‍ 2 ആയിരുന്ന മുഹമ്മദ് അല്‍ മസ്രി ഇറാനില്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത്. ടെഹ്‌റാനില്‍ സുരക്ഷിതനായി കഴിഞ്ഞിരുന്ന മസ്രിയെ മൊസാദിന്റെ പ്രത്യേക കമാന്‍ഡോകള്‍ നുഴഞ്ഞുകയറി കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന്‍ സര്‍ക്കാര്‍ ഈ അവകാശവാദം തള്ളിയിരുന്നു. അമേരിക്കയ്ക്കു വേണ്ടിയാണ് ഇസ്രയേല്‍ ചാരസംഘന മസ്രി വധം നടപ്പാക്കിയതെന്നാണു പറയപ്പെടുന്നത്. ബിന്‍ ലാദന്റെ വലംകൈ ആയിരുന്ന മസ്രിയെയാണ് അമേരിക്കയ്ക്ക് എതിരായ പല ആക്രമണങ്ങളുടെയും ചുമതല ഏല്‍പ്പിച്ചിരുന്നത്. അന്നു മുതല്‍ സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായിരുന്നു മസ്രി. 

mossad

പൂര്‍ണസജ്ജരായി ഇസ്രയേല്‍ സൈന്യം

അമേരിക്ക ഏതെങ്കിലും തരത്തില്‍ ഇറാനെതിരെ ആക്രമണം നടത്തിയാല്‍ വലിയ തോതില്‍ തിരിച്ചടി നേരിടേണ്ടി വരിക ഇസ്രയേലിനാണ്. അതുകൊണ്ടു തന്നെ് ഇസ്രയേല്‍ സൈന്യം യുദ്ധസമാനമായ തയാറെടുപ്പുകളാണ് നടത്തുന്നത്. ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ള ആക്രമണങ്ങളും ഇസ്രയേല്‍ നേരിടേണ്ടിവരും. ഭീഷണി കണക്കിലെടുത്തു മധ്യപൂര്‍വേഷ്യയിലേക്കു കൂടുതല്‍ അമേരിക്കന്‍ ബോംബറുകള്‍ ട്രംപ് വിന്യസിച്ചു കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായി ട്രംപിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയിരിക്കുന്ന സൗഹൃദം ഇറാനെതിരായ പ്രതിരോധത്തില്‍ ഏറെ സഹായമായി മാറുമെന്നാണ് ഇസ്രയേല്‍ ഭരണകൂടത്തിന്റെ പ്രതീക്ഷ.

ബൈഡന്റെ വഴിയടയും?

ജോ ബൈഡന്‍ അധികാരത്തിലെത്തിയാല്‍ ഇറാനോടു മൃദുസമീപനം സ്വീകരിക്കാനാണു സാധ്യതയെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. 2015ല്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇറാനുമായി കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നു. ട്രംപ് പിന്മാറിയ കരാറിലേക്കു മടങ്ങിയെത്താന്‍ തന്റെ പക്കല്‍ പദ്ധതികളുണ്ടെന്നു ബൈഡന്‍ പറയുകയും ചെയ്തിരുന്നു. ഇസ്രയേലിന് ഇതിനോടു കടുത്ത എതിര്‍പ്പാണുള്ളത്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ അവസാന നാളുകളിലെ ഇസ്രയേലുമായി ചേര്‍ന്നുള്ള നടപടികള്‍ സമാധാന ചര്‍ച്ചകളുടെ വാതില്‍ പൂര്‍ണമായി കൊട്ടിയടയ്ക്കുമോ എന്നതു കാത്തിരുന്നു കാണേണ്ടിവരും.

English Summary: Mohsen Fakhrizadeh: ‘Father’ of Iran nukes said to have long been Mossad target

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com