ADVERTISEMENT

കോഴിക്കോട് ∙ രാജ്യാന്തര നിരീക്ഷകർ മുൻകൂട്ടി പറഞ്ഞതുപോലെ സൂര്യനിൽ വീണ്ടും സൗരകളങ്കങ്ങൾ (സൺ സ്പോട്ട്) ദൃശ്യമായി. സമീപ കാലത്തായി ചെറിയ ധാരാളം സൂര്യകളങ്കങ്ങൾ കാണപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൂര്യനിൽ കാണപ്പെടുന്ന സൂര്യ കളങ്കം ക്യാമറയിൽ പകർത്തിയ അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കാക്കൂരിലുള്ള നായനുകുന്നു മലയിൽ നിന്ന് സോളർ ഫിൽട്ടർ ഘടിപ്പിച്ച ടെലിഫോട്ടോലെൻസ് ഉപയോഗിച്ചാണു ദൃശ്യം  പകർത്തിയത്. സമീപകാലത്ത് പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ സൗര കളങ്കങ്ങളിൽ ഒന്നാണിതെന്നും നിരീക്ഷകർ പറഞ്ഞു. 

മുൻപേ പ്രവചിച്ച് യുഎസ് ഗവേഷകർ 

കൊളറാഡോയിലെ നാഷണൽ സോളർ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞർ ഏതാനും ദിവസം മുൻപ് ഹീലിയോ സീസ്മോളജി എന്ന സാങ്കേതിക മാർഗമുപയോഗിച്ച് സൂര്യന്റെ അന്തർഭാഗത്തെ ശബ്ദം പഠിച്ച ശേഷമാണ്  സൗരകളങ്കത്തിന്റെ  സാന്നിധ്യം പ്രവചിച്ചത്. എആർ 2786 എന്ന  പേരിലറിയപ്പെടുന്ന കളങ്കത്തിന് ഭൂമിയേക്കാൾ വലിപ്പമുണ്ട്. സമീപകാലത്തായി സൂര്യൻ വീണ്ടും സജീവമാകുന്നു എന്നതിന്റെ സൂചനയാണിത്. 

ഭൂമിയേക്കാൾ വലിപ്പം ഈ പൊട്ടിത്തെറിക്ക് 

സൂര്യനിൽ കാണപ്പെടുന്ന  ഇരുണ്ടതും സമീപപ്രദേശങ്ങളെക്കാൾ തണുത്തതുമായ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. ഇവ സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാന്തമണ്ഡലത്തിലെ ഊർജം പെട്ടന്നു പുറത്തേക്കു വമിക്കുമ്പോൾ പൊട്ടിത്തെറിയുടെ രൂപത്തിൽ സൗരജ്വാലകൾ പുറത്തേക്ക് തെറിക്കും. ഇവയിലെ ചാർജുള്ള കണങ്ങൾ  ഭൂമിയുടെ അന്തരീക്ഷത്തിൽ ശക്തമായ സ്വാധീനം ചെലുത്താൽ കഴിയുന്നവയാണ്.

ധ്രുവ ദീപ്തി, വാർത്താമിനിമയ ഉപഗ്രഹങ്ങൾ, വൈദ്യുത വിതരണം എന്നിങ്ങനെ പലമേഖലകളേയും സ്വാധീനിച്ചേക്കും. ഭൂമിക്ക് നേരെ കാണുന്ന ഇത്തരം വലിയ സൂര്യകളങ്കങ്ങളെ ശാസ്ത്രലോകം ഗൗരവത്തോടെയാണ് കാണുന്നത്. പല സൗരകളങ്കങ്ങൾക്കും ഭൂമിയേക്കാൾ വലിപ്പം കാണാറുണ്ട്. സൗര കളങ്കങ്ങൾ 11 വർഷചാക്രിക ഇടവേളകളിൽ പൊതുവെ  വർധിച്ചു വരുന്നതായി കാണാറുണ്ട്.

Content highlights: Sunspot spotted

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com