ADVERTISEMENT

രാജ്യത്തെ ആണവ പദ്ധതിയുടെ പരമോന്നത നേതാവായ ഇറാനിയൻ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹ്‌ കഴിഞ്ഞദിവസം ടെഹ്‌റാൻ പ്രാന്തപ്രദേശത്തു വധിക്കപ്പെട്ടതോടെ ഇറാനും ഇസ്രയേലും തമ്മിൽ പുതിയ പോർമുഖം തുറന്നു. ഫക്രിസാദെഹിന്റെ കൊലപാതകത്തിൽ ഇസ്രയേലിനുള്ള പങ്കിന്റെ ഗുരുതര സൂചനകളാണു പുറത്തുവരുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ആരോപിച്ചത്. ഒരു പതിറ്റാണ്ടു മുൻപ് നിരവധി ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ വകവരുത്തിയതായി സംശയിക്കുന്ന ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

‌എങ്കിലും രണ്ടു രാജ്യങ്ങൾക്കിടയിലും സംഘർഷം മുറുകാൻ സംഭവം കാരണമാകുമെന്നാണു നയതന്ത്ര, പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. പൊതുചടങ്ങിൽ സംസാരിക്കവേ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒരിക്കൽ ഫക്രിസാദെഹിനെക്കുറിച്ച് പറഞ്ഞത്, ‘ആ പേര് ഓർത്തിരിക്കണം’ എന്നതാണെന്ന് കാര്യങ്ങളുടെ ഗൗരവം കൂട്ടുന്നു. യൂണിവേഴ്സിറ്റി ഫിസിക്സ് പ്രഫസർ എന്നാണ് ഇറാൻ എപ്പോഴും അദ്ദേഹത്തെ വിശേഷിപ്പിച്ചതെങ്കിലും പുറംലോകം അങ്ങനെയായിരുന്നില്ല കണ്ടതെന്നു കൊലപാതകത്തോടെ കൂടുതൽ വ്യക്തമാകുന്നു.

∙ ഖമനയിയുമായി അടുപ്പമുള്ള പ്രധാനി

ഇറാന്റെ റവല്യൂഷനറി ഗാർഡിലെ അംഗമായ ഫക്രിസാദെഹ് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പങ്കെടുത്ത യോഗങ്ങളുടെ ചിത്രങ്ങളിൽ നിരന്തരം കാണപ്പെട്ടിരുന്ന ഒരാളാണ്. ഇത് അദ്ദേഹത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. തലസ്ഥാനമായ ടെഹ്റാനു കിഴക്ക് അബ്സാർഡ് എന്ന ഗ്രാമത്തിൽ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സംഭവം നടന്നു മണിക്കൂറുകൾ പിന്നിട്ടിട്ടും പുറത്തുവന്നില്ല. ഫക്രിസാദെഹുമായി പോയ കാറിനു സമീപം സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച പഴയ ട്രക്ക് പൊട്ടിത്തെറിച്ചു എന്നാണ് ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചത്.

കാർ നിർത്തിയപ്പോൾ അഞ്ച് തോക്കുധാരികൾ പ്രത്യക്ഷപ്പെട്ട് വെടിയുതിർത്തു എന്നാണ് അർധ ഔദ്യോഗിക വാർത്താ ഏജൻസി തസ്നിം റിപ്പോർട്ട് ചെയ്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നിയുക്ത യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ജനുവരിയിൽ സ്ഥാനാരോഹണത്തിന് ഒരുങ്ങുമ്പോഴാണു കൊലപാതകം. ആണവായുധം നിർമിക്കാൻ ഇറാനിൽ വേണ്ടത്ര സമ്പുഷ്ട യുറേനിയം ഇല്ലെന്ന് ഉറപ്പാക്കുന്ന കരാറിനു ബൈഡന്റെ നേതൃത്വത്തിന്റെ ശ്രമിക്കുമെന്ന റിപ്പോർട്ടിന്റെ ഭാവിയെ സങ്കീർണമാക്കുന്നതാണു ഫക്രിസാദെഹിന്റെ വധം.

Mohsen-Fakhrizadeh-iran
മൊഹ്‌സീന്‍ ഫക്രിസദേ

സാമ്പത്തിക ഉപരോധം നീക്കിയതിനു പകരമായി യുറേനിയം സമ്പുഷ്ടീകരണം ഇറാൻ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2018ൽ കരാറിൽനിന്ന് പിന്മാറിയതോടെ ഇറാൻ സ്വരം മാറ്റിത്തുടങ്ങി. ഇപ്പോഴത്തെ സംഭവത്തിൽ യുഎസ് ഇടപെടൽ സ്ഥിരീകരിക്കാത്ത ട്രംപ്, ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിനെപ്പറ്റി വിശദമായി അറിവുള്ള മാധ്യമ പ്രവർത്തകൻ യോസി മെൽമാന്റെ ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തു. കൊലപാതകം ഇറാനു മാനസികവും പ്രഫഷണലുമായി വലിയ തിരിച്ചടിയാണെന്നാണു മെൽമാൻ ട്വീറ്റിൽ പറയുന്നത്.

∙ അന്ന് യുദ്ധക്കണ്ണ്, ഇപ്പോൾ ആണവപിതാവ്

ഇറാഖിലെ ബഗ്ദാദിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആര്‍ജിസി) കമാൻഡർ ജനറൽ ഖാസിം സുലൈമാനി (62) കൊല്ലപ്പെട്ടത് ഈ വർഷം ജനുവരിയിലാണ്. അന്നു മുതൽ മധ്യപൗരസ്ത്യ മേഖലയിൽ സംഘർഷം രൂക്ഷമാണ്. ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാൻഡറായിരുന്നു സുലൈമാനി. ഇറാന്റെ യുദ്ധക്കണ്ണ് എന്നായിരുന്നു വിശേഷണം. ആയത്തുല്ല അലി ഖമനയി കഴിഞ്ഞാൽ ഏറ്റവും ശക്തൻ. അന്ന് യുഎസ് ആയിരുന്നു പ്രതിസ്ഥാനത്ത് എങ്കിൽ ഇപ്പോൾ അവരുമായി ചേർന്നുനിൽക്കുന്ന ഇസ്രയേൽ ഇറാന്റെ ആണവപിതാവിനെയും ഇല്ലാതാക്കിയിരിക്കുന്നു.

ഇറാന്റെ സേനാ വിഭാഗമായ റവല്യൂഷനറി ഗാർഡ്‌സിൽ, വിദേശ സൈനിക നടപടികളുടെയും രഹസ്യാന്വേഷണത്തിന്റെയും ചുമതലയുള്ള ഖുദ്‌സ് ഫോഴ്സിന്റെയും തലവനായിരുന്നു സുലൈമാനി. ഇറാനിൽ വീരനായക പരിവേഷമാണു സുലൈമാനിക്ക്. മരണത്തോടെ അത് അഭൂതപൂർവമാംവിധം വർധിച്ചു. മധ്യപൂർവ ദേശത്ത് ഇറാന്റെ സൈനിക തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു. ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതി വിഭാഗം, ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല ഷിയാ വിഭാഗങ്ങൾ എന്നിവയുടെ കടിഞ്ഞാൺ സുലൈമാനിയുടെ കയ്യിലായിരുന്നു.

സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡന്റ് ബഷാർ അൽ അസദിനായി ഷിയാ സായുധ വിഭാഗങ്ങളെ രംഗത്തിറക്കി. ഇറാഖിൽ ഐഎസിനെ അമർച്ച ചെയ്തതിലും മുഖ്യപങ്ക് വഹിച്ചു. മധ്യപൂർവദേശത്ത് ഇറാന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയും തലപ്പത്തു സുലൈമാനിയായിരുന്നു. അറബ് വസന്തത്തിന്റെ അലകളിൽ 2011ൽ അധികാര ഭ്രഷ്ടനാകുന്നതിന്റെ വക്കിലെത്തിയ സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിനെ രക്ഷിച്ചുനിർത്തിയതു സുലൈമാനിയുടെ നേതൃത്വത്തിൽ യുദ്ധക്കളത്തിൽ ഇറാൻ നടത്തിയ ഇടപെടലായിരുന്നു.

sulaimani-trump
ഖാസിം സുലൈമാനിയു‌ടെ ചിത്രം പതിച്ച പതാകയുമേന്തി ഇറാനിലെ തെരുവിലിറങ്ങിയ ജനങ്ങൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

സിറിയൻ ആഭ്യന്തരയുദ്ധം മൂർഛിച്ചുനിൽക്കേ, 2015ൽ സുലൈമാനി മോസ്കോയിൽ സന്ദർശനം നടത്തി. പിന്നാലെയാണ് അസദിനുവേണ്ടി റഷ്യൻ പോർവിമാനങ്ങൾ സിറിയയിൽ പറന്നിറങ്ങിയത്. നരച്ച മുടിയും ചേർത്തുവെട്ടിനിർത്തിയ താടിയുമുള്ള ഈ ഉയരം കുറഞ്ഞ മനുഷ്യൻ യുഎസിന്റെയും ഇസ്രയേലിന്റെയും നോട്ടപ്പുള്ളിയായിരുന്നു. കടുത്ത യുഎസ് വിരുദ്ധ നിലപാടാണ് ഇറാനിൽ ജനപ്രിയനാക്കിയത്. യുഎസുമായുള്ള ഏത് ഒത്തുതീർപ്പും പൂർണമായ കീഴടലങ്ങലാകും എന്നായിരുന്നു പ്രഖ്യാപനം. സുലൈമാനി വധത്തിനുപിന്നാലെ യുഎസിനു നേരെ ഭീഷണികളും ആക്രമണങ്ങളും നടത്തി സംഘർഷപാതയിലാണ് ഇറാൻ.

∙ ഇറാനിലെ കൊലപാതക ചരിത്രം

ഇറാൻ ആണവ ശാസ്ത്രജ്ഞൻ മജീദ് ഷഹ്രിയാരിയുടെ കൊലപാതകത്തിന്റെ പത്താം വാർഷികത്തിനു തൊട്ടുമുൻപാണ് ഇപ്പോഴത്തെ ആക്രമണം. ‘ഇറാന്റെ ആണവ പ്രവർത്തനങ്ങളുടെ നേതാവ്’ എന്നാണ് മജീദിയെ വിളിച്ചിരുന്നത്. അന്നും ഇസ്രയേലിനെയാണ് ഇറാൻ കുറ്റപ്പെടുത്തിയത്. ഇറാനിലെ ആറ്റോമിക് എനർജി ഓർഗനൈസേഷനിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു പ്രധാന ആണവ ശാസ്ത്രജ്ഞൻ മസൂദ് അലിമുഹമ്മദിയെ മോട്ടർ സൈക്കിൾ യാത്രക്കാർ കാറിൽ ബോംബ് വച്ച് കൊലപ്പെടുത്തിയത് 2010 നവംബർ 29ന്. സമാന സംഭവങ്ങളുടെ പരമ്പരയെത്തുടർന്നു യുഎസിന്റെ യുദ്ധക്കെടുതികളെക്കുറിച്ചും ഇസ്രയേലിന്റെ ക്രൂരതകളെക്കുറിച്ചും ഇറാൻ വിമർശനം അഴിച്ചുവിട്ടു.

Hasan-Rouhani
ഹസ്സൻ റൂഹാനി

2010നും 2012നും ഇടയില്‍ നാല് ആണവശാസ്ത്രജ്ഞരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ശാസ്ത്രജ്ഞർ ആയുധ പരിപാടികളിൽ യാതൊരു പങ്കുമില്ലാത്ത സാധാരണക്കാരാണെന്നു നിരവധി പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദങ്ങളുമുണ്ടായി. അതേവർഷം തന്നെയാണു സ്റ്റക്സ്നെറ്റ് വൈറസ് ആക്രമണത്തിനും ഇറാൻ വേദിയായത്. രാജ്യത്തെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഡിജിറ്റൽ ആക്രമണം.

ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായിരുന്നു തകർത്തത്. ഇവിടത്തെ ഓട്ടമാറ്റിക് മെഷീൻ പ്രോസസ്സുകൾ പ്രോഗ്രാം ചെയ്യുന്ന ലോജിക് കൺട്രോളറുകളെ (പി‌എൽ‌സി) വരുതിയിലാക്കിയ വൈറസ്, നിരവധി സെൻട്രിഫ്യൂജുകൾ നശിപ്പിക്കുകയും സ്വയം പൊട്ടിത്തെറിക്കാൻ വഴിയൊരുക്കുകയും ചെയ്തു. ഹാർഡ്‌വെയർ തകരാറിലാക്കാൻ കഴിവുള്ള ആദ്യത്തെ അറിയപ്പെടുന്ന വൈറസാണിത്. യു‌എസ് എൻ‌എസ്‌എ, സി‌ഐ‌എ, ഇസ്രയേലി ഇന്റലിജൻസ് എന്നിവരാണ് ഇത് സൃഷ്ടിച്ചതെന്നാണു നിഗമനം.‌

ഇസ്രയേല്‍ ചാരസംഘടന മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു വര്‍ഷങ്ങളായി ഫക്രിസാദെഹ്‌.സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണ് ആണവപദ്ധതികളെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും അണുബോംബ് നിര്‍മാണ പദ്ധതികളാണ് അണിയറയില്‍ അരങ്ങേറുന്നതെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആരോപണം. 2006 മുതലാണ് സിഐഎയും മൊസാദും ഫക്രിസാദെഹിനെ പിന്തുടര്‍ന്നു തുടങ്ങിയത്. ഇദ്ദേഹത്തിന്റെ മരണം ഇറാന്റെ ആണവപദ്ധതികള്‍ക്കു വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

us-iran

‌വൈറ്റ് ഹൗസിലെ അവസാന നാളുകളില്‍ പ്രസിഡന്റ് ട്രംപ് ഇസ്രയേലുമായി ചേര്‍ന്ന് ഇറാനെതിരെ അതിരൂക്ഷമായ നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ അല്‍ ഖായിദയുടെ രണ്ടാമത്തെ തലവനായിരുന്ന മുഹമ്മദ് അല്‍ മസ്രി ഇറാനില്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ടെഹ്‌റാനില്‍ സുരക്ഷിതനായി കഴിഞ്ഞിരുന്ന മസ്രിയെ മൊസാദിന്റെ പ്രത്യേക കമാന്‍ഡോകള്‍ നുഴഞ്ഞുകയറി കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.

∙ പ്രതികാരത്തിന് ഒരുങ്ങി ഇറാൻ

ഫക്രിസാദെഹ്‌ കൊല്ലപ്പെട്ടതിന് കൃത്യമായ പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി ശനിയാഴ്ച പറഞ്ഞത് മേഖലയിൽ അടുത്തെങ്ങും സമാധാനം ഉണ്ടാകില്ലെന്നതിന്റെ സൂചനയാണ്. ഫക്രിസാദെഹിന്റെ മരണത്തോടെ ആണവപദ്ധതി അവസാനിപ്പിക്കില്ലെന്നും റൂഹാനി വ്യക്തമാക്കി. ഇറാനിലെ സിവിലിയൻ ആണവ പരീക്ഷണങ്ങൾ തുടരുകയാണ്. ഇപ്പോൾ യുറേനിയം 4.5 ശതമാനം വരെ സമ്പുഷ്ടമാക്കുന്നുണ്ട്, ഇത് ആയുധ-ഗ്രേഡിനേക്കാൾ 90 ശതമാനത്തിൽ താഴെയാണ്. ഫക്രിസാദെഹിന്റെ കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും പറഞ്ഞു. തുടർച്ചയായ ആക്രമണങ്ങളും പ്രധാനപ്പെട്ട വ്യക്തികളുടെ കൊലപാതകങ്ങളും കാരണം പൊറുതിമുട്ടിയ ഇറാൻ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങുമോ എന്നാണു ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.

English Summary: Nuclear rivalry: A decade after Masoud, Majid killings and Stuxnet virus, Iran-Israel tensions peak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com