ADVERTISEMENT

വാരാണസി∙ രാജ്യമാകെ പ്രതിഷേധം പുകയുന്നതിനിടെ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ശാക്തീകരിക്കാനെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നിയമനിര്‍മാണങ്ങളില്‍ സംശയങ്ങള്‍ സ്വാഭാവികമാണ്. ഭാവിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ചിലര്‍. കര്‍ഷകരെ വഞ്ചിച്ചവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. അവിശ്വസിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ട്രാക് റെക്കോര്‍ഡ് പരിശോധിക്കാമെന്ന് മോദി പറഞ്ഞു.

പഴയ നിയമമാണ് നല്ലതെങ്കിൽ ആരാണ് കർഷകരെ അതിൽനിന്ന് തടയുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ‘ഓപ്പൺ മാർക്കറ്റ് എന്ന പുതിയ രീതി പരമ്പരാഗത മണ്ഡി രീതിയെയും താങ്ങുവിലയെയും അവസാനിപ്പിക്കുന്നതിനല്ല. കർഷകർക്ക് പുതിയ സാധ്യതകളും സുരക്ഷിതത്വവും ഉറപ്പുകൊടുക്കുന്നതാണ് പുതിയനിയമം. ദേശീയ, രാജ്യാന്തര മാർക്കറ്റിൽ കർഷകർക്ക് ഇത് പുതിയ അവസരങ്ങൾ നൽകും.’ – സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസയിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞു.

അതേസമയം, സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയേക്കും. അമിത് ഷായുമായി സംസാരിച്ചെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ പറഞ്ഞു. ചര്‍ച്ചയുടെ കാര്യത്തില്‍ അന്തിമതീരുമാനം തിങ്കളാഴ്ച വൈകിട്ടോടെ ഉണ്ടായേക്കും.

യുപിയില്‍ നിന്നുള്ള കര്‍ഷകര്‍ ഉപരോധം കടുപ്പിച്ചതോടെ ഗാസിപുര്‍ അതിര്‍ത്തിയും പൊലീസ് അടച്ചു. ഡല്‍ഹിയിലേക്കുള്ള മൂന്നാമത്തെ അതിര്‍ത്തിയാണ് ഇത്തരത്തിൽ പൊലീസ് അടയ്ക്കുന്നത്. അതിര്‍ത്തികള്‍ അടഞ്ഞതോടെ രാജ്യതലസ്ഥാനത്ത് പഴം, പച്ചക്കറി ക്ഷാമം രൂക്ഷമായി. വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കത്തുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകരും ഡൽഹിയിലേക്ക് നീങ്ങുകയാണ്.

സിംഘു, തിക്രി അതിർത്തികൾക്ക് പുറമെ ഡൽഹി -യുപി അതിർത്തിയായ ഗാസിപൂരിലും ആയിരക്കണക്കിന് കർഷകർ ഒത്തുകൂടി. ഉത്തരാഖണ്ഡില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകരും സിംഘുവിലേക്ക് എത്തുന്നുണ്ട്. ഡൽഹിയിലേക്കുള്ള 5 കവാടങ്ങളും ഉപരോധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രഖ്യാപനം. നിബന്ധനകൾവച്ചുള്ള ചർച്ചകൾ അവഹേളനമാണെന്ന് വ്യക്തമാക്കിയ കർഷകർ ഉറച്ച നിലപാടിലാണ്.

English Summary: "New Laws Don't Stop Old System": PM Defends Reforms Amid Farmer Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com