3 അംഗ സംഘം ദൃശ്യം പകർത്തി പ്രചരിപ്പിച്ചു: ജീവനൊടുക്കാൻ ശ്രമിച്ച് 17 വയസ്സുകാരി

Mail This Article
ന്യൂഡൽഹി ∙ ദൃശ്യം പകർത്തി പ്രചരിപ്പിച്ചതിനെ തുടർന്ന് 17 വയസ്സുകാരി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. അലിഗഡിലെ പിസ്‍വ ഗ്രാമവാസിയായ പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ 6ന് 3 യുവാക്കൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിക്കു തയാറായില്ലെന്നും പ്രതികളിൽനിന്ന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും കേസ് പിൻവലിക്കാൻ പൊലീസ് സമ്മർദം ചെലുത്തിയതായും കുട്ടിയുടെ പിതാവ് ആരോപിച്ചു.
പെൺകുട്ടി വീട്ടിലേക്കു നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം ശല്യപ്പെടുത്തുകയും വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണു പരാതി വിളിക്കുമ്പോൾ ഫോണെടുത്തില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. അന്നു വൈകിട്ടു തന്നെ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. ഇതിനു പിന്നാലെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.
യുവാക്കളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി പറഞ്ഞു. അന്വേഷണം വൈകിയെന്നു തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും റൂറൽ എസ്പി ശുഭം പട്ടേൽ പറഞ്ഞു.
English Summary : Harassed by 3 youths, 17-year-old girl consumes poison in Aligarh