ADVERTISEMENT

തിരുവനന്തപുരം ∙ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. ‘ബുറെവി’ ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് തൊട്ടടുത്തു സ്ഥിതി ചെയ്യുന്നുവെന്നു കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ചുഴലിക്കാറ്റായി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിയില്‍ തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.

മുന്‍കരുതലുകൾ സ്വീകരിച്ചെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ദുരന്തസാധ്യതാ മേലഖ‍കളില്‍ ക്യാംപുകള്‍ സജ്ജമാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി, നിലവില്‍ കന്യാകുമാരിക്ക് 860 കിലോമീറ്റര്‍ ദൂരെയാണു സ്ഥാനം. രാത്രിയോടെ ചുഴലിക്കാറ്റായേക്കും. നാളെ വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. തുടര്‍ന്നു തമിഴ്നാട് തീരത്തേയ്ക്കുനീങ്ങി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുമെന്നാണു പ്രവചനം.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്രമായും സംസ്ഥാനത്തു പരക്കെയും മഴയ്ക്കു സാധ്യത. പരമാവധി 95 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ളയിടങ്ങളിലും ക്യാംപുകള്‍ സജ്ജമാക്കാനും നിർദേശം നൽകി. മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നതു പൂർണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണം. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകാൻ അനുവദിക്കുന്നതല്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

English Summary: Cyclone Burevi formed in Bay of Bengal, heavy rain forecasted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com