ADVERTISEMENT

തിരുവനന്തപുരം∙ "താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോടു ചോദിക്ക്. താൻ ആരാണെന്ന്. തനിക്ക് ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്.........". തേൻമാവിൽ കൊമ്പത്ത് സിനിമയിലെ ഇതേ അവസ്ഥയിലാണ് തലസ്ഥാന കോർപറേഷനിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർഥിയും. മുന്നണി വ്യത്യാസമില്ലാതെ മിക്ക സ്ഥാനാർഥികൾക്കും അപരർ. സ്വതന്ത്ര സ്ഥാനാർഥികൾ വരെ അപരൻമാരെ നേരിടേണ്ട അവസ്ഥയിൽ.

വിമത ഭീഷണിയിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ വലയുമ്പോൾ അപരൻമാരുടെ കുരുക്കിൽ ശരിക്കും പെട്ടിരിക്കുന്നത് ബിജെപിയാണ്. ഇടതു മുന്നണിക്ക് പത്തൊൻപതും യുഡിഎഫിന് പതിനേഴും അപരൻമാർ രംഗത്തുള്ളപ്പോൾ നൂറു വാർഡുകളിലുമായി ബിജെപിക്കുള്ളത് 27 അപരൻമാർ. ഒരു സ്ഥാനാർഥിക്ക് ഏറ്റവും കൂടുതൽ അപരർ രംഗത്തുള്ളത് പുത്തൻപള്ളി വാർഡിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന എം.ഇ. അനസിന് അപരൻമാർ 3. എ. അനസ്, ജെ.കെ. അനസ്, എൻ. അനസ് എന്നിവരാണ് അപര സ്ഥാനാ‍ർഥികൾ.

trivandrum-chenkalchoola-election-pic
കൊടിയേറി..! തിരഞ്ഞെടുപ്പ് അടുത്തതോടെ നാട്ടിലെങ്ങും പ്രചാരണം പൊടിപൊടിക്കുന്നു. തിരുവനന്തപുരത്ത് ചെങ്കൽചൂളയിൽ വിവിധ പാർട്ടികളുടെ പോസ്റ്ററുകളും കൊടികളും തോരണങ്ങളായപ്പോൾ.

ചെമ്പഴന്തി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി അണിയൂർ എം. പ്രസന്നകുമാറിനെ വലയ്ക്കുന്നത് പ്രസന്നകുമാറും പ്രസന്നകുമാർ ഡി.ഒയും. ഇവിടെ ബിജെപിയുടെ ചെമ്പഴന്തി ഉദയന് ഭീഷണി ഉദയകുമാറും ഉദയകുമാർ എസും. വഞ്ചിയൂർ വാർഡിൽ ഗായത്രി എസ്. നായർക്ക് ഭീഷണിയുയർത്തുന്നത് എം.എസ്. ഗായത്രി. ഇവിടെ ബിജെപി സ്ഥാനാർഥി ജയലക്ഷ്മി മകളുടെ പേരിൽ മത്സരിക്കേണ്ട ഗതികേടിലാണ്. ആറുമുറി വലിയവിളാകം പുരയിടം ജയലക്ഷ്മിയും വയൽ നികത്തിയ പുരയിടം ജയലക്ഷ്മിയുമാണ് യഥാർഥ ജയലക്ഷ്മിയെ വലയ്ക്കുന്നത്. അപരരായി 2 പേർ രംഗത്തെത്തിയപ്പോൾ വരണാധികാരികളുടെ ഉപദേശ പ്രകാരം വീട്ടു പേര് കൂടി ചേർത്തു. വീട്ടുപേരും മകളുടെ പേരും ഒന്നായപ്പോൾ ജയലക്ഷ്മി മാളവിക ജയലക്ഷ്മിയായി.

jayalakshmi-malavika
ജയലക്ഷ്മി, മാളവിക

വഞ്ചിയൂരിലെ കോൺഗ്രസ് സ്ഥാനാർഥി പി.എസ്. സരോജത്തിനുമുണ്ട് 2 അപരർ– സരോജവും സരോജം ആറും. കണ്ണമ്മൂല വാർഡിൽ എല്ലാ മുന്നണി സ്ഥാനാർഥികൾക്കും ഓരോ അപരർ രംഗത്തുണ്ട്. കാലടി വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി എം. രാജപ്പൻ നായർക്ക് ഭീഷണിയും സ്വതന്ത്ര വേഷത്തിലെത്തിയ അപരൻമാരാണ്. രാജപ്പൻ നായർ. ജി, രാജപ്പൻ നായർ, രാജപ്പൻ നായർ എസ്. ഇവരാണ് ശരിക്കുള്ള രാജപ്പൻ നായരെ വലയ്ക്കുന്നത്.

ജനറൽ വാർഡായ അമ്പലത്തറയിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർഥി ആർ.സി. ബീനയുടെ അപരയായി മത്സരിക്കുന്നത് ബീന ഐ.ജെ. പാപ്പനംകോട് വാർഡിലെ സ്ഥാനാർഥി ജി.എസ്. ആശാനാഥും പൗഡിക്കോണത്തെ അർച്ചന മണികണ്ഠനും. ചെറുവയ്ക്കലിലെ ബിജെപി സ്ഥാനാർഥി ബിന്ദു എസ്. ആറിനുമെല്ലാം അപരരുണ്ട്. ഇടവക്കോട് വാ‌ർഡിൽ പാർട്ടി സ്ഥാനാർഥികളായ ഇടവക്കോട് അശോകനും പോങ്ങുംമൂട് വിക്രമനും അപരൻമാരുണ്ട്. നെട്ടയത്ത് വിമതനേയും അപരയേയും പേടിക്കേണ്ട അവസ്ഥയാണ് സിപിഎം സ്ഥാനാർഥി രാജിമോൾ.

വട്ടിയൂർക്കാവ്, വലിയശാല, ബീമാപ്പള്ളി ഈസ്റ്റ്, ശ്രീകണ്ഠേശ്വരം, പാൽക്കുളങ്ങര, കടകംപള്ളി, ആക്കുളം, ജഗതി, കോട്ടപ്പുറം, വെള്ളാർ,കുര്യാത്തി, ഞാണ്ടൂർക്കോണം, മണ്ണന്തല, മെഡിക്കൽ കോളജ്, പട്ടം, കുന്നുകുഴി, പാളയം, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂക്കാവ് തുടങ്ങി പകുതിയിലേറെ വാർഡുകളിലെ പാർട്ടി സ്ഥാനാർഥികൾ അപരപ്പേടിയിലാണ്.

താമര ‘റോസ’: ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥികളുടെ അപരർക്ക് പാർട്ടി ചിഹ്നമായ താമരയോടു സാദൃശ്യമുള്ള റോസാപൂവ് ചിഹ്നം അനുവദിച്ചതും തലസ്ഥാനത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയതുൾപ്പെടെ 11 വാർഡുകളിലാണ് ബിജെപി റോസാപ്പൂവിനെ പേടിക്കുന്നത്.

English Summary: Namesake candidates hurdle for BJP in Thiruvananthapuram Corporation Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com