ADVERTISEMENT

കൊച്ചി∙ പെരിയ കേസില്‍ സര്‍ക്കാരിന്റെ ദുര്‍വാശിക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് യൂത്ത് കോണ്‍ഗ്രസ്. രാഷ്ട്രീയ ലക്ഷ്യത്തോടെ, കേസ് നടത്താന്‍ ചെലവാക്കിയ ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് സിപിഎം തിരിച്ചടയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ പ്രതികരിച്ചു.

കോടതി വിധി ദൈവാനുഗ്രഹമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു. പോരാട്ടത്തില്‍ ഒപ്പംനിന്ന എല്ലാവർക്കും നന്ദി പറയുന്നു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും തിരിച്ചടിയാണ് വിധി. ഈ ഭരണത്തിൽ വിശ്വാസമില്ല. അവർ ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും സത്യനാരായണൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകള്‍ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണം. രേഖകൾ ലഭിക്കാത്തതുമൂലം അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനായില്ലെന്ന് സിബിഐ നിലപാടെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സമ്പൂര്‍ണമെന്ന് സംസ്ഥാന സര്‍ക്കാരും വാദിച്ചു.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്‍ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.

Content Highlights: Periya Murder Case, Supreme Court, Youth Congress, Shafi Parambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com