ADVERTISEMENT

തിരുവനന്തപുരം ∙ പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും ഒടുവില്‍ കേസ് സിബിഐയിലേക്കു തന്നെ എത്തി. സിബിഐയെ തടയാനുള്ള നിയമപോരാട്ടത്തിനു ഡല്‍ഹിയില്‍നിന്നു വരെ അഭിഭാഷകരെ എത്തിച്ച് ഹൈക്കോടതിയിലെ വാദങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 88 ലക്ഷം രൂപയാണ്. സുപ്രീംകോടതിയില്‍ കേസ് വാദിക്കാന്‍ ചെലവാക്കിയ തുക കൂടി പരിഗണിക്കുമ്പോള്‍ ഒരു കോടി രൂപയിലേറെയാകും.

സിപിഎം നേതാക്കള്‍ പ്രതികളായ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാര്‍ പണം ചെലവഴിച്ച് സിബിഐക്കു തടയിടാന്‍ ശ്രമിക്കുന്നതു വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രഗത്ഭരായ അഭിഭാഷകരെ എത്തിച്ചിട്ടും ഹൈക്കോടതിയില്‍നിന്നേറ്റ തിരിച്ചടിക്കു സമാനമാണു സുപ്രീംകോടതിയിലും നേരിട്ടത്. അന്വേഷണം സിബിഐക്കുവിട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീംകോടതി, കേസിന്റെ രേഖകള്‍ ക്രൈംബ്രാഞ്ച് ഉടന്‍ സിബിഐക്കു കൈമാറണമെന്നും നിര്‍ദേശിച്ചു.

Periya-Murder
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും

സിബിഐ പലതവണ ആവശ്യപ്പെട്ടിട്ടും അന്വേഷണ ഫയലുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് തയാറായിരുന്നില്ല. കേസ് ഡയറി കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നു മുന്നറിയിപ്പ് നല്‍കിയ സിബിഐ സിആര്‍പിസി 91 പ്രകാരം നോട്ടിസും നല്‍കി. ആറു തവണ കത്തു നല്‍കിയിട്ടും കൈമാറാത്തതിനെ തുടര്‍ന്നായിരുന്നു അപൂര്‍വ നടപടി. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ തുടര്‍ നടപടികള്‍ ഒഴിവാക്കിയ സിബിഐ സംഘത്തിന് ഇനി ഫയലുകള്‍ വാങ്ങി അന്വേഷണം വേഗത്തില്‍ നടത്താനാകും.

വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേരള പൊലീസില്‍നിന്ന് കേസ് സിബിഐയിലെത്തിയാല്‍ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നതിനാലാണു ഡല്‍ഹിയില്‍നിന്ന് അഭിഭാഷകരെ എത്തിച്ചതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കേസ് സിബിഐക്കു വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാനാണ് 88 ലക്ഷം ചെലവാക്കിയത്.

സര്‍ക്കാര്‍ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ചു. 2019 ഒക്ടോബറില്‍ 25 ലക്ഷവും, നവംബറില്‍ 21 ലക്ഷവും, ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകര്‍ക്കും സഹായികള്‍ക്കുമായി സർക്കാർ നല്‍കിയത്. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും 2019 ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. സിപിഎം പ്രവര്‍ത്തകരാണു പ്രതിപ്പട്ടികയിലുള്ളത്.

English Summary: Periya twin murder case– follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com