ADVERTISEMENT

ന്യൂഡൽഹി ∙ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സിഇഒ), മാനേജിങ് ഡയറക്ടർ പദവികളിൽനിന്നു പുറത്താക്കിയതിനെതിരെ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നേരിടുന്ന ചന്ദ കൊച്ചാർ, തന്നെ പുറത്താക്കിയതിനെതിരായ ഹർജി ബോംബെ ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണു പരമോന്നത കോടതിയെ സമീപിച്ചത്.

വിഷയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ സുപ്രീംകോടതി, ഇതു ബാങ്കും ജീവനക്കാരും തമ്മിലുള്ള സ്വകാര്യ കരാറിന്റെ പരിധിയിൽ വരുമെന്നും വ്യക്തമാക്കി. മുൻകൂർ അനുമതിയില്ലാതെ പുറത്താക്കാനാവില്ലെന്നു ചന്ദ കൊച്ചാറിനെ പ്രതിനിധീകരിച്ച് മുൻ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ വർഷം ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പിന്റെ വേണുഗോപാൽ ധൂത് എന്നിവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു.

1875 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള മരുന്നു കമ്പനി സ്റ്റെർലിങ് ബയോടെക്കിനും ഭൂഷൺ സ്റ്റീൽ ഗ്രൂപ്പിനും വായ്പ അനുവദിച്ചതും ഇഡി അന്വേഷിക്കുന്നുണ്ട്. രണ്ടു സ്ഥാപനവും കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നേരിടുന്നു. സിബിഐ റജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. 

English Summary: Chanda Kochhar Loses Supreme Court Case Against Being Fired As ICICI CEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com