ADVERTISEMENT

കൃത്യമായ ആസൂത്രണം, നിര്‍ദാക്ഷിണ്യം നടപ്പാക്കല്‍. ഇതാണ് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ പ്രത്യേക 'കൊലയാളി' സംഘമായ കിഡോണിന്റെ ശൈലി. ഇറാനിയന്‍ ആണവശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫക്രിസാദെയെ ഇറാനിന്റെ മണ്ണില്‍ കടന്നുകയറി വെടിവച്ചുവീഴ്ത്തിയത് കിഡോണ്‍ കമാന്‍ഡോകള്‍ ആണെന്നാണു കരുതപ്പെടുന്നത്. 'ടിപ് ഓഫ് ദ സ്പിയര്‍' (കുന്തമുന) എന്നാണു കിഡോണ്‍ എന്നതിന് ഹീബ്രു ഭാഷയില്‍ അര്‍ഥം. ശത്രുവിന്റെ മടയ്ക്കുള്ളില്‍ കടന്നുകയറി പകല്‍വെളിച്ചതില്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന ട്രാക്ക് റെക്കോര്‍ഡാണ് കിഡോണ്‍ കമാന്‍ഡോകള്‍ക്കുള്ളത്. അതിനൂതനമായ സാങ്കേതിക വിദ്യകള്‍ വരെ ഉള്‍പ്പെടുത്തി 'വെറ്റ് വര്‍ക്ക്' എന്നു വിളിക്കുന്ന മാര്‍ഗങ്ങളാണ് കിഡോണ്‍ നടപ്പാക്കുന്നത്. 

ഇറാനിലും ഫക്രിസാദെയുടെ നീക്കങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടപ്പാക്കിയിരിക്കുന്നത്. വിദൂര നിയന്ത്രിത ആയുധം ഉപയോഗിച്ചാണു കൊലപാതകമെന്ന് ഒരു വിഭാഗം പറയുന്നു. അതേസമയം ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ നേരിട്ടെത്തി ഫക്രിസാദെയെ കാറിനുള്ളില്‍നിന്നു പുറത്തുവലിച്ചിട്ട് മരണം ഉറപ്പാക്കുന്നതുവരെ വെടിവച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 

അതിശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള ഇറാനില്‍നിന്ന് ദൗത്യം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ കിഡോണ്‍ കമാന്‍ഡോകള്‍ 'ഉരുകി അപ്രത്യക്ഷം' ആയിട്ടുണ്ടാകുമെന്നാണ് അവരുടെ പ്രവര്‍ത്തന ശൈലി അറിയുന്ന പ്രതിരോധവിദഗ്ധര്‍ പറയുന്നത്. മൊസാദിന്റെ കൊലയാളി സംഘങ്ങള്‍ സാധാരണയായി ലക്ഷ്യം വയ്ക്കുന്നയാളിന്റെ കാറില്‍ മാഗ്നറ്റിക് ബോംബുകള്‍ ഘടിപ്പിച്ച് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താറാണ് പതിവ്. പൊട്ടിത്തെറിക്കുന്ന ഫോണുകള്‍ തൊട്ട് വിഷം നിറച്ച സിറിഞ്ചുകള്‍ വരെ ഇവര്‍ക്ക് ആയുധങ്ങളാണ്. 

iran-mohsen
മൊഹ്‌സിന്‍ ഫക്രിസാദെ

1996ല്‍ ഹമാസിന്റെ പ്രമുഖ ബോംബ് നിര്‍മാതാവായ യഹ്യ അയ്യാഷിനെ വകവരുത്തിയതും സമാനനീക്കത്തിലൂടെ. സ്‌ഫോടവസ്തുക്കള്‍ നിറച്ച മൊബൈല്‍ ഫോണ്‍ തന്ത്രപരമായി യഹ്യക്കു നല്‍കുകയാണ് മൊസാദ് ചെയ്തത്. ഒരു ഫോണ്‍ കോളിനു മറുപടി നല്‍കിയതിനൊപ്പം യഹ്യയും ചിന്നിച്ചിതറി. 2010ല്‍ ഇറാനിയന്‍ ആണവശാസ്ത്രജ്ഞനായ മസൂദ് മസൂദ് അലിമൊഹമ്മദിയെ കൊന്നത് വിദൂര നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെ. മജീദ് ഷരിയാരിയെന്ന ഇറാന്‍ പ്രഫസറെ വീഴ്ത്തിയതു കാര്‍ബോംബ് സ്‌ഫോടനത്തിലൂടെ. തൊട്ടടുത്ത വര്‍ഷം ആണവവിദഗ്ധനായ മുസ്തഫ അഹ്മദി റോഷനെ കൊന്നത് അദ്ദേഹത്തിന്റെ കാറിന്റെ വശത്ത് മാഗനറ്റിക് ബോംബ് സ്ഥാപിച്ചാണ്. 2011ല്‍ ഇറാന്‍ ആണവശാസ്ത്രജ്ഞായ ദരിയോഷ് റെസായിനെജാദിനെ കാറിനൊപ്പം ബൈക്ക് ഓടിച്ചെത്തിയ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. 

ഹമാസ് നേതാവിനെ കൊല്ലാന്‍ ദുബായിലേക്ക്

2010 ജനുവരിയില്‍ മൊസാദ് ഏജന്റുമാര്‍ വ്യാജ പാസ്‌പോര്‍ട്ടിലാണു ദുബായിലേക്കു പറന്നത്. വിഗ്ഗുകളും കൃത്രിമ താടികളും ഉപയോഗിച്ച് ടൂറിസ്റ്റുകളെന്നും ടെന്നീസ് കളിക്കാരെന്നുമുള്ള വ്യാജേനയാണ് അവര്‍ ദുബായില്‍ എത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ അല്‍ ബസ്റ്റന്‍ എന്ന ആഡംബര ഹോട്ടലിലെ മുറിയിലേക്ക് തള്ളിക്കയറിയ സംഘം ഹമാസ് നേതാവ് മഹമ്മൂദ് അല്‍ മബൂഹിനെ വകവരുത്തി. അള്‍ട്രാസൗണ്ട് ഉപകരണം കൊണ്ട് മഹമ്മൂദിന്റെ കഴുത്തിലേക്ക് വിഷം കുത്തിവച്ചായിരുന്നു കൊലപാതകം. തൊലിയില്‍ പോലും യാതൊരു പാടും അവശേഷിപ്പിക്കാതെയാണ് വിഷം കുത്തിവച്ചത്. ഞൊടിയിടയില്‍ മഹമ്മൂദ് മരിച്ചു. നാലു മണിക്കൂറിനുള്ളില്‍ മൊസാദ് ഏജന്റുമാര്‍ ദുബായ് വിട്ടു. 2007-ല്‍ ആണവശാസ്ത്രജ്ഞനായ അര്‍ദെഷിര്‍ ഹൊസൈന്‍പോറിനെ വീഴ്ത്തിയത് വിഷവാതക പ്രയോഗത്തിലൂടെയാണ്. 

മാധ്യമപ്രവര്‍ത്തകനായ റോണെന്‍ ബെര്‍ഗ്​മാന്റെ 'റൈസ് ആന്‍ഡ് കില്‍ ഫസ്റ്റ്' എന്ന പുസ്തകത്തില്‍ മൊസാദ് ഏജന്റുമാരുമായുള്ള ആയിരം അഭിമുഖങ്ങളില്‍ കൊലയ്ക്കുപയോഗിക്കുന്ന തന്ത്രങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ടയറുകള്‍ക്കുള്ളില്‍ ബോംബ് ഒളിപ്പിച്ച് റിമോട്ട് കണ്‍ട്രോള്‍ സ്‌ഫോടനം നടത്തുന്നതു മുതല്‍ വിഷം കലര്‍ത്തിയ ടൂത്ത്‌പേസ്റ്റ് നല്‍കി ഇരയെ മാസങ്ങള്‍ക്കുള്ളില്‍ വകവരുത്തുന്ന രീതികള്‍ വരെ മൊസാദ് അവലംബിക്കാറുണ്ട്.

കിഡോണ്‍ മൊസാദിന്റെ കുന്തമുന

അതിവിദഗ്ധരായ 'കൊലയാളി സംഘം' എന്നാണു കിഡോണ്‍ കമാന്‍ഡോകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവരഹസ്യമായാണ് ഇസ്രയേല്‍ സൈന്യം സൂക്ഷിക്കുന്നത്. മൊസാദിന്റെ സീസെറിയ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഐഡിഎഫ് സ്‌പെഷല്‍ ഫോഴ്‌സില്‍നിന്നുള്ള അതിവിദഗ്ധരായ മുന്‍ സൈനികരെ മാത്രമേ കിഡോണിലേക്കു തിരഞ്ഞെടുക്കുകയുള്ളു. സിറിയന്‍ സൈനിക ജനറല്‍ മുഹമ്മദ് സുലൈമാനെ കൊന്നതുള്‍പ്പെടെ അതീവരഹസ്യ നീക്കങ്ങള്‍ക്കു വേണ്ടിയാണ് കിഡോണ്‍ കമാന്‍ഡോകളെ നിയോഗിക്കുന്നത്.

English Summary : What the Mossad’s female agents do — and don’t do — for the sake of Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com