ADVERTISEMENT

ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരത്തിനു തിരശ്ശീല വീണു. ആന്റി ബയോട്ടിക്ക് കഴിച്ചാൽ പോലും നശിക്കാത്ത  പുതിയ തരം രോഗാണുക്കൾ ഏറെ നാളായി നമുക്കിടയിൽ നിശ്ശബ്ദം തലതാഴ്ത്തി കിടപ്പുണ്ട്.  അജയ്യ (സൂപ്പർബഗ്) രോഗാണുക്കൾ ലോകമെങ്ങും വ്യാപിച്ചിട്ടുണ്ട്. കൊറോണ പോലെ ഒരു മഹാമാരിക്കിടയിൽ ഇങ്ങനെയൊരു ഓർമപ്പെടുത്തലിന് പ്രസക്തി ഏറെ. 

രോഗം പരത്തുന്ന സൂക്ഷ്മജീവികൾ പലതാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ തുടങ്ങിയവ ജീവകോശങ്ങളെ ആക്രമിക്കുമ്പോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്.  ഇവയെ പുറത്താക്കാൻ ഉപയോഗിക്കുന്ന ആയുധമാണ്  ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയൽ മരുന്നുകൾ.  കാലക്രമത്തിൽ ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കൾ ആർജിക്കുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എഎംആർ).  സ്ഥിതി സങ്കീർണമായി വരുന്നു എന്ന സൂചനയാണു ലോകാരോഗ്യ സംഘടന നൽകുന്നത്. ഇതിന്റെ ഗൗരവത്തെപ്പറ്റി ലോകത്തെ ബോധ്യപ്പെടുത്താൻ  ഈ മാസം 24 വരെ ആന്റി മൈക്രോബിയൽ വാരമായി ഡബ്ല്യുഎച്ച്ഒ ആചരിച്ചു. 

2050 ൽ ഒരുകോടി മരണം; സൂക്ഷിക്കണം ഏഷ്യയും ആഫ്രിക്കയും

ആന്റി ബയോട്ടിക്കിനു പോലും പിടിച്ചുനിർത്താനാവാത്ത രോഗങ്ങൾ മൂലം  പ്രതിവർഷം ലോകത്ത് 7 ലക്ഷം പേർ മരണമടയുന്നതായാണു കണക്ക്.  മരുന്നിനെതിരെ പ്രതിരോധം ആർജിച്ച രോഗാണുക്കളുടെ സാന്നിധ്യത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. നടപടി സ്വീകരിച്ചില്ലെങ്കിൽ 2050 ആകുമ്പോഴേക്കും ഇത്തരം  മരണങ്ങളുടെ എണ്ണം ഒരുകോടിയോളമാകാൻ  സാധ്യതയുണ്ടെന്നു കണക്കാക്കുന്നു;ഒരു ദിവസം 27,400 മരണം. മരണങ്ങളിൽ 90 ശതമാനവും ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് വരുത്തുന്ന ക്ഷതങ്ങളേക്കാളേറെക്കാലം നീണ്ടുനിൽക്കുന്നതാണ് ഇത്; ചെറിയൊരു ബാക്ടീരിയൽ അണുബാധ പോലും മരണത്തിലേക്കു നയിക്കപ്പെടാവുന്ന അവസ്ഥ. ഇപ്പോഴുള്ള ആന്റി ബയോട്ടിക്ക് മരുന്നുകൾ പലതും ഫലപ്രദമാകാത്ത കാലമാണ് വരാൻ പോകുന്നത്.  നിലവിലുള്ളവ പരാജയപ്പെടുന്നുവെന്നു മാത്രമല്ല, പുതിയവ ഫലപ്രദമായി വികസിപ്പിക്കാനും  കഴിയാത്ത അവസ്ഥയിലാണു ഗവേഷകർ. 

ഭക്ഷ്യോൽപാദനം കൂട്ടണം; ആന്റി ബയോട്ടിക്ക് കലരാതെ

കഴിഞ്ഞ 5 വർഷമായി ഭക്ഷ്യകാർഷിക സംഘടനയും മറ്റുമായി ചേർന്ന് ആന്റി ബയോട്ടിക് ദുരുപയോഗത്തിന് എതിരെ ആഗോള കർമ പദ്ധതി ആവിഷ്ക്കരിക്കാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. എന്നാൽ ഇന്ത്യയിൽ ഈ പ്രശ്നം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.  മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പുകൾ പാലിന്റെയും മറ്റും ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാൽ മൃഗങ്ങളിലൂടെ വരുന്ന ആന്റി ബയോട്ടിക്ക് അവശിഷ്ടങ്ങൾ മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു കാര്യമായി പഠനങ്ങൾ നടന്നിട്ടില്ല.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ  തത്രപ്പാടിൽ മൃഗസംരക്ഷണം, ക്ഷീരം, കൃഷി, പരിസ്ഥിതി വകുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആന്റി ബയോട്ടിക്ക് അമിത ഉപയോഗം മൊത്തം ജീവ ആവാസവ്യവസ്ഥയിൽ വരുത്തുന്ന ദൂഷ്യഫലങ്ങളെപ്പറ്റി അധികം പഠനങ്ങൾ നടന്നിട്ടില്ല. ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങൾ ഔഷധദുരുപയോഗം കുറയ്ക്കാൻ പുതിയ നയം രൂപീകരിക്കണമെന്നതാണ് പ്രധാനം. 

ആന്റി ബയോട്ടിക് നൽകാതെ മൃഗസംരക്ഷണം സാധ്യമോ?

ആന്റി ബയോട്ടിക്ക് ഉപയോഗിക്കാതെ പ്രകൃതിദത്തമായിത്തന്നെ നാടൻ ബദൽ രീതികളിലൂടെ മൃഗസംരക്ഷണവും മാസം– പാൽ– മുട്ട ഉൽപാദനവും സാധ്യമാകുമോ എന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കേണ്ടത് കോവിഡനന്തര കാലത്തിന്റെ ആവശ്യമായി മാറുന്നു. ഭക്ഷ്യോൽപാദനം വ്യാവസായിക അടിസ്ഥാനത്തിൽ ആകുമ്പോൾ ആന്റി ബയോട്ടിക് പ്രയോഗിച്ച് ഉൽപാദനം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതു സ്വാഭാവികം. എന്നാൽ ഇതു പ്രകൃതിക്കും മനുഷ്യനും ദോഷകരമാകുമെന്നതിനെപ്പറ്റി ആരും ചിന്തിക്കാത്ത സ്ഥിതിയാണ്. കർഷകർക്കിടയിൽ ബോധവൽക്കരണം നടക്കുന്നില്ല. ലോകത്തിന്റെ പല ഭാഗത്തും ജന്തുക്കൾക്ക് ആന്റി ബയോട്ടിക്ക് നൽകാതെ പ്രകൃതിദത്തമായാണ് ഭക്ഷ്യോൽപാദനം. ഇന്ത്യ ഇതേപ്പറ്റി ചിന്തിച്ചു തുടങ്ങിയിട്ടില്ല. 

1200-poultry-hen-chicken

കോഴിക്ക് ഹോർമോൺ; ഒടുവിലെത്തുന്നത്....

വളർച്ച മെച്ചപ്പെടുത്താൻ കോഴിക്ക് ഹോർമോണും പശുവിന് ആന്റി ബയോട്ടിക്കും നൽകുന്ന രീതി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെയാവും ബാധിക്കുക. ഒരു കുറിപ്പടി പോലുമില്ലാതെ ആന്റി ബയോട്ടിക്ക് കിട്ടുന്ന രാജ്യമാണ് നമ്മുടേത്. കാർഷിക രംഗത്തും ഇത്തരം മരുന്നുകളുടെ ഉപയോഗം വ്യാപകമാണ്. 

പശുവിനും വളർത്തു മൃഗങ്ങൾക്കും നൽകുന്ന തീറ്റയിൽ കലർത്തുന്ന ആന്റി ബയോട്ടിക് അംശം അവശിഷ്ടങ്ങളിലൂടെ മണ്ണിലും വെള്ളത്തിലും കലർന്ന് മനുഷ്യരിലേക്കും വ്യാപിക്കും. ജന്തുക്കളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായിക്കൂടി ഇതിനെ കാണണം. ഇതിനായി  പഠനങ്ങളും കർമ പദ്ധതികളും ആവിഷ്ക്കരിക്കണം.

മനുഷ്യനും ജന്തുക്കളും പരിസ്ഥിതിയും– വൺ ഹെൽത്ത്

രോഗാണുക്കളോടുള്ള യുദ്ധം ഫലപ്രദമാകണമെങ്കിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മാത്രമല്ല, പരിസ്ഥിതിയുടെയും ആരോഗ്യം നിലനിൽക്കണം. മൃഗസംരക്ഷണ രംഗവും കാർഷികമേഖലയും  ഭക്ഷ്യ–ഔഷധ മേഖലയും ഒന്നിച്ചു നിന്നു ചിന്തിച്ചാലേ ലോകം നേരിടുന്ന ഈ വെല്ലുവിളിക്കു പരിഹാരം കാണാനാവൂ. ജൈവ ആവാസ വ്യവസ്ഥയിൽ ഉൾപ്പെട്ട എല്ലാവരുടെയും ആരോഗ്യം (വൺ ഹെൽത്ത്) എന്ന പുതിയ ആശയത്തിന്റെ പ്രസക്തി ഇതാണ്.

(ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) ഭക്ഷ്യസുരക്ഷാ– ഭക്ഷ്യമായം വിഭാഗത്തിലെ ഗവേഷകരാണ് ലേഖകർ.)

Content Highlight: Antimicrobial Resistance 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com